മെസി മികച്ച ഫുട്‌ബോളര്‍; പക്ഷെ അടുത്ത പത്ത് വര്‍ഷം എംബാപ്പെയുടെ പേരാകും കേള്‍ക്കാന്‍ പോകുന്നത്: പൃഥ്വിരാജ്
Entertainment news
മെസി മികച്ച ഫുട്‌ബോളര്‍; പക്ഷെ അടുത്ത പത്ത് വര്‍ഷം എംബാപ്പെയുടെ പേരാകും കേള്‍ക്കാന്‍ പോകുന്നത്: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 21st December 2022, 1:31 pm

ഇതുവരെ നടന്നതില്‍ ഏറ്റവും മികച്ച ഫുട്‌ബോള്‍ മാച്ചാണ് ഖത്തറില്‍ നടന്ന വേള്‍ഡ്കപ്പ് ഫൈനലെന്ന് നടന്‍ പൃഥ്വിരാജ്. മെസി എക്കാലത്തെയും മികച്ച കളിക്കാരനാണെങ്കിലും ഇനി വരാന്‍ പോകുന്ന പത്തു വര്‍ഷം എംബാപ്പെയുടേതാണെന്നും പൃഥിരാജ് പറഞ്ഞു.

വേള്‍ഡ്കപ്പ് ഖത്തറില്‍ നേരിട്ട് പോയി കാണാനുള്ള അവസരം ലഭിച്ചിട്ടും പോവാതിരുന്നത് പിന്നീട് വലിയ നഷ്ടമായി തോന്നിയെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ കാപ്പയുടെ പ്രസ്മീറ്റില്‍വെച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു പൃഥ്വിരാജ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഞാന്‍ ഫുട്‌ബോളിന്റെ ഭയങ്കര ഫാനല്ല. പക്ഷെ വേള്‍ഡ് കപ്പിന്റെ ഫൈനല്‍ ഞാന്‍ കണ്ടു. നേരിട്ട് ഖത്തറില്‍ ചെന്ന് കാണാനുള്ള സാഹചര്യം എനിക്ക് ഉണ്ടായിരുന്നു. ഒരു കളി മാത്രം കാണാന്‍ പോയിട്ട് വരണ്ടേയെന്ന് ആലോചിച്ച് ഞാന്‍ വേണ്ടെന്ന് വെക്കുകയായിരുന്നു.

എന്നാല്‍ ഫൈനല്‍ കണ്ടപ്പോള്‍ ശ്ശോ… ഇതിന് നേരിട്ട് പോവാമായിരുന്നുവെന്ന് തോന്നി. ഇതുവരെ നടന്നതില്‍ ഏറ്റവും മികച്ച ഫുട്‌ബോള്‍ മാച്ചായിരുന്നു കഴിഞ്ഞ ദിവസം നടന്നതെന്നാണ് എനിക്ക് തോന്നിയത്.

മെസി എക്കാലത്തെയും മികച്ച കളിക്കാരനാണ്. ദൈവം അനുഗ്രഹിച്ച് നല്‍കിയ ടാലന്റുള്ള അത്‌ലറ്റാണ് മെസി. പക്ഷെ അടുത്ത ഒരു പത്ത് വര്‍ഷം എംബാപ്പെ എന്ന പേരായിരിക്കും നമ്മള്‍ കേള്‍ക്കാന്‍ പോകുന്നത്,” പൃഥ്വിരാജ് പറഞ്ഞു.

ഫിഫ ലോകകപ്പ് 2022ല്‍ മുന്‍ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനെ കീഴ്പ്പെടുത്തിയാണ് അര്‍ജന്റീന വിശ്വകിരീടമുയര്‍ത്തിയത്. വിരമിക്കുന്നതിന് മുമ്പ് രാജ്യത്തിനായി വിശ്വകിരീടമുയര്‍ത്തുക എന്ന ലയണല്‍ മെസിയുടെ സ്വപ്ന സാക്ഷാത്കാരമാണ് ഇതിലൂടെ നടന്നത്.

അതേസമയം ഫൈനലിന്റെ ആദ്യ പകുതിയില്‍ തകര്‍ന്നടിഞ്ഞ ഫ്രാന്‍സിനെ പിടിച്ചുയര്‍ത്തി പോരാടുനുള്ള നിലയില്‍ എത്തിച്ചത് എംബാപ്പെയായിരുന്നു. രണ്ട് പെനാല്‍ട്ടി ഗോളുകളടക്കം  ഹാട്രിക് നേടാനും എംബാപ്പെക്ക് കഴിഞ്ഞു. ഖത്തര്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടി ഗോള്‍ഡന്‍ ബൂട്ടും താരം സ്വന്തമാക്കിയിരുന്നു.

ഡിസംബര്‍ 18ന് നടന്ന വേള്‍ഡ്കപ്പ് ഫൈനല്‍ കാണാനായി മോഹന്‍ലാലും മമ്മൂട്ടിയും ഖത്തറില്‍ എത്തിയിരുന്നു. കളി നടക്കുന്നതിനിടയില്‍ സ്‌റ്റേഡിയത്തിലിരിക്കുന്ന ഫോട്ടോ ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

content highlight: Actor Prithviraj said that last day’s World Cup final was the best football match ever held