'സലാര്‍' കൊള്ളാം കുറച്ചു ഫൂട്ടേജുകള്‍ കാണിച്ചു തന്നു; പ്രഭാസുമൊത്തുള്ള ചിത്രത്തെക്കുറിച്ച് പൃഥ്വിരാജ്
Entertainment news
'സലാര്‍' കൊള്ളാം കുറച്ചു ഫൂട്ടേജുകള്‍ കാണിച്ചു തന്നു; പ്രഭാസുമൊത്തുള്ള ചിത്രത്തെക്കുറിച്ച് പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 19th December 2022, 6:29 pm

കെ.ജി.എഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ പ്രഭാസിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ചിത്രമാണ് സലാര്‍. ചിത്രത്തില്‍ പൃഥ്വിരാജും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

ചിത്രത്തിലെ പൃഥ്വിരാജിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ടിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് സലാര്‍. ഇപ്പോഴിതാ ചിത്രത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ചുള്ള അപ്‌ഡേറ്റുമായി താരം എത്തിയിരിക്കുകയാണ്.

സലാറില്‍ പ്രഭാസിന്റെ വില്ലന്‍ ആയിട്ടാണോ പൃഥ്വിരാജ് എത്തുകയെന്ന ചോദ്യത്തിനാണ് അദ്ദേഹം മറുപടി നല്‍കിയത്. കാപ്പ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിലാണ് പൃഥ്വി സംസാരിച്ചത്.

 

‘സലാറിന്റെ ഷൂട്ട് നടന്നു കൊണ്ടിരിക്കുകയാണ്. ജനുവരിയിലെ ഷെഡ്യൂള്‍ ഹൈദരബാദില്‍ വെച്ചാണ്. അത് കഴിഞ്ഞിട്ട് എനിക്ക് തോന്നുന്നു പ്രഭാസും ഞാനുമായിട്ടുള്ള ഷോട്ട്‌സ് എടുക്കാന്‍ ഇറ്റലിക്ക് പോവും.

അതില്‍ എന്റെ റോള്‍ ഏതാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ ആ സിനിമ കാണുന്നതിന്റെ സസ്‌പെന്‍സ് പോവും. ആ സിനിമയില്‍ പ്രഭാസ് ഹീറോ ഞാന്‍ വില്ലന്‍, അങ്ങനെ ഒന്നുമില്ല.

പ്രശാന്ത് എന്റെ സുഹൃത്താണ്. എനിക്ക് ഒരുപാട് നാളായി അറിയാവുന്ന ആളാണ്. സലാറിന്റെ കുറച്ച് ഫൂട്ടേജുകളൊക്കെ പ്രശാന്ത് എന്നെ കാണിച്ചിരുന്നു. കൊള്ളാം…” എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. സിനിമ എത്ര കോടി രൂപ കളക്ട് ചെയ്യുമെന്നൊന്നും തനിക്ക് അറിയില്ലെന്നും മൊത്തത്തില്‍ സിനിമ ഇഷ്ടപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഡിസംബര്‍ 22നാണ് കാപ്പയുടെ റിലീസ്. ഇന്ദുഗോപന്റെ ‘ശംഖുമുഖി’യെന്ന കഥയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അന്ന ബെന്‍, അപര്‍ണ ബാലമുരളി, ആസിഫ് അലി, ഇന്ദ്രന്‍സ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

content highlight: actor prithviraj about salar movie