ഞാന്‍ ഒരിക്കലെങ്കിലും തിരിച്ചു പോകാന്‍ ആഗ്രഹിച്ച സിനിമാ ലൊക്കേഷനുകളുണ്ട്: നിവിന്‍ പോളി
Film News
ഞാന്‍ ഒരിക്കലെങ്കിലും തിരിച്ചു പോകാന്‍ ആഗ്രഹിച്ച സിനിമാ ലൊക്കേഷനുകളുണ്ട്: നിവിന്‍ പോളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 13th May 2025, 2:42 pm

ഒരു കാലത്ത് സൂപ്പര്‍സ്റ്റാറുകളുടെ സിനിമകള്‍ പോലെ ബോക്സ് ഓഫീസ് നിറച്ച നടനാണ് നിവിന്‍ പോളി. വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് എന്ന സിനിമയിലൂടെ കരിയര്‍ തുടങ്ങിയ നിവിന്‍ പെട്ടെന്ന് തന്നെ സൗത്തിന്ത്യയിലെ തിരക്കുള്ള താരമായി മാറുകയായിരുന്നു.

നേരം, തട്ടത്തിന്‍ മറയത്ത്, പ്രേമം തുടങ്ങി ഒരു സമയത്ത് ഇറങ്ങുന്ന ചിത്രങ്ങളെല്ലാം തുടര്‍ച്ചയായി ഹിറ്റ് ചാര്‍ട്ടില്‍ കയറ്റിയിരുന്ന നടനായിരുന്നു നിവിന്‍. തനിക്ക് ഒരു തവണയെങ്കിലും തിരികെ പോകണമെന്ന് ആഗ്രഹം തോന്നിയ സിനിമകളും ലൊക്കേഷനുകളും ഒരുപാടുണ്ടെന്ന് പറയുകയാണ് നിവിന്‍ പോളി.

പ്രേമം അത്തരത്തില്‍ ഒരു സിനിമയാണെന്നും ആ സിനിമയുടെ സമയത്ത് സുഹൃത്തുക്കളുമായി ഒരുമിച്ച് വേറെത്തന്നെ ഒരു വൈബായിരുന്നു എന്നുമാണ് നിവിന്‍ പറയുന്നത്. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് നിവിന്‍ ഇത് പറഞ്ഞത്.

‘അങ്ങനെ തിരികെ പോകാന്‍ ആഗ്രഹമുള്ള ഒരുപാട് സിനിമകളുണ്ട്. പ്രേമം അതിലൊന്നാണ്. പ്രേമത്തിന്റെ സമയത്ത് സുഹൃത്തുക്കളുമായി ഒരുമിച്ച് വേറെത്തന്നെ ഒരു വൈബായിരുന്നു. ആലുവയില്‍ എല്ലാവരും ചേര്‍ന്നെടുത്ത ഒരു വീടുണ്ടായിരുന്നു. ആ വീട്ടില്‍ തന്നെ ഷൂട്ടിങ്ങും ഉണ്ടായിരുന്നു.

അപ്പോള്‍ നമുക്ക് ഷൂട്ടിങ്ങാണെന്ന ഒരു ഫീലും ഉണ്ടാവില്ലായിരുന്നു. ഒരുപാട് രസകരമായി പോയ ലൊക്കേഷനായിരുന്നു അത്. പിന്നെ വളരെ എന്‍ജോയ് ചെയ്ത് ഷൂട്ട് ചെയ്ത ഒരു സിനിമയാണ് വടക്കന്‍സെല്‍ഫി. ജേക്കബിന്റെ സ്വര്‍ഗരാജ്യവും അത്തരത്തില്‍ ഉള്ളതാണ്. അതേപോലെ എന്‍ജോയ് ചെയ്ത ലൊക്കേഷനാണ് ആക്ഷന്‍ ഹീറോ ബിജുവിന്റേത്.

വര്‍ഷങ്ങള്‍ക്ക് ശേഷത്തെ കുറിച്ച് ചോദിച്ചാല്‍ വളരെ ചുരുക്കം ദിവസങ്ങള്‍ കൊണ്ട് ഷൂട്ട് ചെയ്ത സിനിമയായിരുന്നു അത്. ഞാന്‍ ആദ്യമായി ആ ലൊക്കേഷനില്‍ എത്തിയ ദിവസം തന്നെ അഞ്ച് സീനുകളാണ് ഷൂട്ട് ചെയ്തത്.

സാധാരണ സിനിമകളില്‍ ഒരു ദിവസം ഒന്നോ ഒന്നരയോ സീനുകളാണ് എടുക്കാറുള്ളത്. ഇതില്‍ ഒരു ദിവസം അഞ്ച് സീനുകളാണ് വിനീത് എടുത്തു പോവുക. ഹോട്ടല്‍ റൂമിലെ സീനൊക്കെ ഒരുപാട് തലവേദനയെടുത്ത് ചെയ്ത സീനാണ്.

കാരണം അതിന്റെ തൊട്ടുമുമ്പായിരുന്നു ആ ഇനോഗ്രേഷന്‍ സീന്‍ ഷൂട്ട് ചെയ്തത്. മൂന്നുമണി വരെയൊക്കെ ബ്രേക്കില്ലാതെ അവിടെ നിന്ന് ഷൂട്ട് ചെയ്യുകയായിരുന്നു. വിനീതേ കുറച്ച് റെസ്‌റ്റെടുക്കണം തലവേദനയാണെന്ന് പറഞ്ഞതോടെ ‘ആഹ്, നീ റെസ്‌റ്റെടുത്തോ. ഒരു നാലേ നാല്‍പതിനൊക്കെ തിരിച്ചു വന്നാല്‍ മതി’ എന്ന് അവന്‍ പറയും.

ആകെ ഒരു നാല്‍പതോ നാല്‍പത്തിയഞ്ചോ മിനിറ്റാണ് പിന്നെ സമയം ഉള്ളത്. അതോടെ ഞാന്‍ റെസ്‌റ്റെടുക്കുന്നില്ലെന്ന് പറയും. വളരെ ചുരുങ്ങിയ സമയം കൊണ്ട് തീര്‍ത്ത സിനിമയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം,’ നിവിന്‍ പോളി പറയുന്നു.


Content Highlight: Actor Nivin Pauly Talks About His Cinema Location