പൊട്ടനായിരുന്നു, അന്ന് അതൊന്നും ചിന്തിക്കാനുള്ള ബോധമുണ്ടായിരുന്നില്ല: നിഷാന്ത് സാഗര്‍
Movie Day
പൊട്ടനായിരുന്നു, അന്ന് അതൊന്നും ചിന്തിക്കാനുള്ള ബോധമുണ്ടായിരുന്നില്ല: നിഷാന്ത് സാഗര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 5th September 2023, 5:11 pm

ആര്‍.ഡി.എക്‌സ് എന്ന ചിത്രത്തിലൂടെ മികച്ച ഒരു കഥാപാത്രമായി വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ് നടന്‍ നിഷാന്ത് സാഗര്‍. ജിന്ന് എന്ന ചിത്രത്തിന് ശേഷം നിഷാന്ത് സാഗറിന് അത്യാവശ്യം പെര്‍ഫോം ചെയ്യാനുള്ള കഥാപാത്രം തന്നെയായിരുന്നു ആര്‍.ഡി.എക്‌സിലേത്.

ഇന്‍ഡസ്ട്രിയില്‍ ഒരു കാലത്ത് തിളങ്ങിനിന്നിരുന്ന കാലം ഇടക്കാലത്ത് സിനിമകളില്‍ നിന്ന് പൂര്‍ണാമായി വിട്ടുനിന്നിരുന്നു. സിനിമയില്‍ നിന്നുള്ള പിന്മാറ്റത്തെ കുറിച്ചും അതിന്റെ കാരണത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നിഷാന്ത് സാഗര്‍.

അല്‍പ്പം ഇന്‍ട്രോവേര്‍ട്ട് ആയിട്ടുള്ള ആളാണ് താനെന്നും ആളുകള്‍ തിരിച്ചറിയുകയൊക്കെ ചെയ്യുമ്പോള്‍ താന്‍ കംഫര്‍ട്ടബിള്‍ അല്ലാതായി മാറുമെന്നും താരം പറയുന്നു.

അങ്ങനെയുള്ള സ്ഥലങ്ങളില്‍ നിന്ന് പിറകോട്ട് മാറി നില്‍ക്കുന്ന രീതിയായിരുന്നു തനിക്കെന്നും ആ പിറകോട്ട് നില്‍ക്കലാണ് ഇന്‍ഡസ്ട്രിയിലും തന്നെ പിറകിലേക്ക് എത്തിച്ചതെന്നും നിഷാന്ത് സാഗര്‍ പറഞ്ഞു. സില്ലി മോങ്ക്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫാന്റം പോലുള്ള സിനിമ റിലീസായ ശേഷം താങ്കള്‍ ഒരു ട്രെന്റിങ് യങ് ഐക്കണ്‍ ആയിരുന്നല്ലോ. ആളുകളില്‍ നിന്നും ലഭിച്ച സ്വീകാര്യതയെ എങ്ങനെയാണ് അന്ന് കണ്ടത് എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.

‘നടനാവുക എന്നതായിരുന്നു എന്റെ വലിയ ആഗ്രഹം. സല്‍മാന്‍ ഖാനെ കണ്ട് ഇന്‍സ്‌പെയേര്‍ഡ് ആയ ആളാണ് ഞാന്‍. ഇതിന്റെ കൂടെ ലഭിക്കുന്ന ബോണസ് ആണ് ആളുകള്‍ തിരിച്ചറിയുന്നതൊക്കെ. അങ്ങനെ ചിന്തിക്കാനുള്ള ബോധമൊന്നും അന്ന് ഉണ്ടായിരുന്നില്ല.

ഫാന്റമൊക്കെ കണ്ട് തിയേറ്ററില്‍ നിന്ന് പുറത്തിറങ്ങുമ്പോഴാണ് അതിന്റെ റിസള്‍ട്ട് മനസിലാകുന്നത്. ആളുകള്‍ തിരിച്ചറിയുന്നതൊക്കെ പുതിയ അറിവായിരുന്നു. അത്രയേ എന്റെ ചിന്തകള്‍ ഉണ്ടായിരുന്നുള്ളൂ. ആ സമയത്ത് ഞാനൊരു പൊട്ടനായിരുന്നു സത്യം പറഞ്ഞാല്‍. ഇപ്പോഴും വലിയ മാറ്റമൊന്നും ഇല്ല. (ചിരി).

ഇപ്പോഴും ഞാന്‍ ഒരിത്തിരി ഇന്‍ട്രോവേര്‍ട്ട് ആയിട്ടുള്ള ആളാണ്. എന്നെ ആളുകള്‍ തിരിച്ചറിയുകയൊക്കെ ചെയ്യുമ്പോള്‍ ഞാന്‍ കംഫര്‍ട്ടബിള്‍ അല്ലാതായി മാറും. അവിടെ പതുക്കെ ഒഴിഞ്ഞുമാറി നില്‍ക്കും. അങ്ങനെ പിറകോട്ട് നിന്നതുകൊണ്ടാണ് ഇന്‍ഡസ്ട്രിയിലും പുറകോട്ടായി പോകാന്‍ കാരണം.

നമ്മള്‍ അതിനെയൊക്കെ ഇഷ്ടപ്പെടണമെന്നും നമ്മള്‍ നമ്മളെ ആഘോഷിക്കുമ്പോഴേ ആളുകള്‍ നമ്മെ ആഘോഷിക്കുക എന്നൊക്കെയുള്ള തിരിച്ചറിവ് ഈയടുത്ത കാലത്തൊക്കെയാണ് വന്നത്,’ നിഷാന്ത് സാഗര്‍ പറഞ്ഞു.

നല്ല സിനിമകള്‍ ലഭിച്ചിരുന്നെങ്കില്‍ കരിയര്‍ വേറൊരു രീതിയിലേക്ക് മാറുമെന്ന് തോന്നിയിരുന്നോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു നിഷാന്ത് സാഗറിന്റെ മറുപടി. നടക്കാനുള്ളതൊക്കെയാണ് നടക്കുന്നത്. നഷ്ടബോധം ഇതുവരെ തോന്നിയിട്ടില്ല.

പലരും പറയാറുണ്ട്. ജോക്കര്‍ ഇറങ്ങിയ സമയത്ത് അങ്ങനെ നിന്നിരുന്നെങ്കില്‍ നിനക്ക് വേറൊരു തലത്തില്‍ എത്താമായിരുന്നു എന്നൊക്കെ. അങ്ങനെ നില്‍ക്കാതിരുന്നത് കൊണ്ട് എനിക്ക് കിട്ടിയ കുറേ അനുഭവങ്ങളുണ്ട്. നമ്മള്‍ അതിലൂടെ മോള്‍ഡ് ചെയ്ത് വന്ന സാഹചര്യമുണ്ട്.

നഷ്ടബോധമൊന്നും തോന്നിയിട്ടില്ല. അങ്ങനെ ചിന്ത പോയാല്‍ തന്നെ ഞാന്‍ അപ്പോള്‍ കട്ട് ചെയ്യും. നമ്മുടെ മുന്‍പില്‍ ഒരു റിയാലിറ്റി ഉണ്ടല്ലോ.

ഫേക്കായി നില്‍ക്കാന്‍ തനിക്ക് അറിയില്ലെന്നും 30 സെക്കന്റില്‍ കൂടുതല്‍ തനിക്ക് അങ്ങനെ നില്‍ക്കാനാവില്ലെന്നും നമ്മള്‍ നമ്മളിലേക്ക് തന്നെ തിരിച്ചു പോകുമെന്നും താരം പറഞ്ഞു. അങ്ങനെ നിന്നാല്‍ ചിലപ്പോള്‍ ഗ്രോത്ത് എളുപ്പമാകും. പക്ഷേ അങ്ങനെ വേണ്ട. നമ്മള്‍ നമ്മളായി നിന്ന് പതുക്കെ വളര്‍ന്നാല്‍ മതി’, നിഷാന്ത് സാഗര്‍ പറഞ്ഞു.

Content Highlight: Actor Nishant Sagar about his past movies and career