തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് നിരവധി ചിത്രങ്ങളിലൂടെ നിറഞ്ഞാടിയ മലയാളത്തിന്റെ പ്രിയപ്പെട്ട യുവനടനാണ് നസ്‌ലെന്‍.
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തൊട്ട്, ലോക ചാപ്റ്റര്‍:1 ചന്ദ്ര എന്ന മലയാളത്തിലെ ആദ്യ വുമണ്‍ സൂപ്പര്‍ ഹീറോ ചിത്രത്തില്‍ എത്തി നില്‍ക്കുകയാണ് നസ്‌ലെന്‍.
കരിയറില്‍ വന്ന മാറ്റത്തെ കുറിച്ചും കേരളത്തിന് പുറത്ത് തനിക്ക് കിട്ടുന്ന സ്വീകാര്യതയെ കുറിച്ചും സംസാരിക്കുകയാണ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ നസ്‌ലെന്‍.
കേരളത്തിന് പുറത്തുള്ളവര്‍ തന്നെ തിരിച്ചറിയാന്‍ തുടങ്ങിയത് പ്രേമലു എന്ന സിനിമയിലൂടെ മാത്രം അല്ലെന്നും ഒ.ടി.ടി വഴി നെയ്മറും ജോ ആന്‍ഡ് ജോയും കണ്ട് തന്നെ ഇഷ്ടപ്പെട്ടവര്‍ ഏറെയാണെന്നും താരം പറഞ്ഞു.
‘കരിയറില്‍ ഇതുവരെ എത്തി നില്‍ക്കുമ്പോള്‍ ടെന്‍ഷന്റെ അളവ് കുറഞ്ഞിട്ടുണ്ട്. ആളുകളെ ഫേസ് ചെയ്യുന്നതിലും ക്രൗഡുമായി ഇടപെടുന്നതിലുള്ള പേടി കുറഞ്ഞിട്ടുണ്ട്. കരിയറില്‍ വന്ന മാറ്റങ്ങള്‍ ഞാന്‍ പോലും അറിയാതെ വന്നതാണ്. ‘എന്തായാലും വെള്ളത്തില്‍ വീണു ഇനി നീന്തി കരകേറുക എന്നതാണല്ലോ,’ നസ്‌ലെന്‍ പറയുന്നു.
കരിയറില്‍ തനിക്ക് വന്ന മാറ്റങ്ങള്‍ പലരും പറയുമ്പോഴാണ് തിരിച്ചറിയുന്നതെന്നും, ചെയ്യുന്ന കാര്യങ്ങള്‍ മോശമായി പോകരുത് എന്ന ആഗ്രഹം മാത്രമേയുള്ളൂവെന്നും നസ്‌ലെന്‍ പറയുന്നു.
‘ഒ.ടി.ടി വന്നതിനു ശേഷം നെയ്മര്‍, ജോ ആന്‍ഡ് ജോ തുടങ്ങിയ സിനിമകള്‍ കൂടുതല്‍ ആളുകള്‍ കണ്ടിരുന്നു. അതിന്റെയൊക്കെ പ്രതികരണം കേരളത്തിന് പുറത്തു പോകുമ്പോള്‍ കിട്ടുന്നുണ്ട്.
പിന്നെ പ്രേമലുവിന് ശേഷവും കേരളത്തിന് പുറത്തും സൗത്ത് ഭാഗങ്ങളിലേക്കും പോകുമ്പോള്‍ കൂടുതല്‍ ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയത് ഒരു വലിയ മാറ്റമായി കാണുന്നു.
ഇപ്പോള്‍ യാത്ര ചെയ്യുമ്പോള്‍ ഒരുപാട് ആളുകള്‍ തിരിച്ചറിയുന്നുണ്ട്. 100 കോടി കളക്ഷന്‍ നേടിയത് തീര്‍ച്ചയായും സന്തോഷമുള്ളൊരു കാര്യമാണ്.
എന്നാല്‍ ഇത്രയും വലിയ പ്രേക്ഷകരിലേക്ക് സിനിമ എത്തുന്നു, ഇന്ത്യയുടെ പല സ്ഥലങ്ങളില്‍ പോകുമ്പോള്‍ ആളുകള്‍ തിരിച്ചറിയുന്നു എന്നതൊക്കെ അതിനേക്കാള്‍ സന്തോഷം തരുന്നതാണ്’, നസ്‌ലെന്‍ പറയുന്നു.
നവാഗതനായ ഡൊമനിക് അരുണ്‍ സംവിധാനം ചെയ്യുന്ന ലോക ചാപ്റ്റര്‍: 1 ചന്ദ്രയില്‍ കല്യാണി പ്രിയദര്‍ശന്‍, നസ്ലെന്‍, അരുണ്‍ കുര്യന്‍, ചന്തു സലിം കുമാര്‍, നിഷാന്ത് സാഗര്‍, സാന്‍ഡി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
Content Highlight: Actor Naslen about his 100 crore Movie and Popularity