ഫ്‌ലിപ്കാര്‍ട്ട് ചതിച്ചു; 1.25 ലക്ഷത്തിന്റെ ഐഫോണ്‍ എക്‌സ് ഓര്‍ഡര്‍ ചെയ്ത നടന് ലഭിച്ചത് വ്യാജ ഫോണ്‍
national news
ഫ്‌ലിപ്കാര്‍ട്ട് ചതിച്ചു; 1.25 ലക്ഷത്തിന്റെ ഐഫോണ്‍ എക്‌സ് ഓര്‍ഡര്‍ ചെയ്ത നടന് ലഭിച്ചത് വ്യാജ ഫോണ്‍
ന്യൂസ് ഡെസ്‌ക്
Thursday, 6th December 2018, 10:11 am

ഭാര്യയ്ക്ക് വിവാഹവാര്‍ഷിക സമ്മാനം നല്‍കാന്‍ ഫ്‌ലിപ്കാര്‍ട്ടിലൂടെ ഐഫോണ്‍ ഓര്‍ഡര്‍ ചെയ്ത കോളിവുഡ് നടന്‍ നകുലിന് ലഭിച്ചത് വ്യാജ ഫോണെന്ന് പരാതി. 25 ലക്ഷം രൂപ വിലമതിക്കുന്ന ഐഫോണ്‍ എക്‌സ്.എസ് മാക്‌സാണു ഭാര്യ ശ്രുതിക്കായി നകുല്‍ ഓര്‍ഡര്‍ ചെയ്തത്.

എന്നാല്‍ തെറ്റുപറ്റിയിട്ടും ഉത്തരവാദിത്തം ഏറ്റെടുക്കാനോ പ്രശ്‌നപരിഹാരത്തിനു എന്തെങ്കിലും നടപടി കൈകൊള്ളാനോ കമ്പനി തയാറായിട്ടില്ലെന്നും നടന്‍ കുറ്റപ്പെടുത്തുന്നു.

Read Also : ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം അപകടത്തില്‍ പെട്ടാല്‍ ഉടമസ്ഥന് ഇനി വാഹനം നഷ്ടമാകും

നവംബര്‍ 29നാണ് ഓര്‍ഡര്‍ നല്‍കിയതെന്നും 30ന് ഫോണ്‍ കിട്ടിയെന്നും താരം പറയുന്നു. സ്ഥലത്തില്ലാതിരുന്നതിനാല്‍ ഡിസംബര്‍ ഒന്നിനാണ് പാഴ്‌സല്‍ പൊളിച്ചു നോക്കിയത്. കവറിലെ ഫോണ്‍ കണ്ടു താന്‍ ശരിക്കും ഞെട്ടിപ്പോയെന്ന് നകുല്‍ പറഞ്ഞു. പ്ലാസ്റ്റിക് കൊണ്ടു നിര്‍മിച്ചതു പോലെയുള്ള വ്യാജ കവറായിരുന്നു ഫോണിന്. സോഫ്റ്റ്‌വെയറും ഐഒഎസ് ആയിരുന്നില്ല. ആന്‍ഡ്രോയ്ഡ് ആപ്പുകളും ഇടകലര്‍ത്തിയുള്ള ഫോണായിരുന്നുവത്.

“ഫ്‌ലിപ്പ്കാര്‍ട്ടിലേക്ക് വിളിച്ചെങ്കിലും തങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ലെന്നും ഏതെങ്കിലും ആപ്പിള്‍ സ്റ്റോറില്‍ പരാതി നല്‍കുന്നതാകും ഉചിതമെന്നുമായിരുന്നു ആദ്യമറുപടി. തര്‍ക്കത്തിനൊടുവില്‍ ഫോണ്‍ തിരികെ വാങ്ങാന്‍ ആളെത്തുമെന്നും പണം തിരികെ നല്‍കാമെന്നും ഫ്‌ലിപ്പ്കാര്‍ട്ട് അറിയിച്ചു. എന്നാല്‍ പിറ്റേന്ന് ആരും വന്നില്ല. പിന്നീട് പന്ത്രണ്ട് ദിവസത്തിനുള്ളില്‍ ആളെത്തുമെന്ന് ഇമെയില്‍ സന്ദേശം ലഭിച്ചു”. നകുല്‍ പറയുന്നു.

ഫ്‌ലിപ്പ്കാര്‍ട്ടിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് നടന്‍ പ്രതികരിച്ചു. കൂടുതല്‍ പരാതികളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും നകുല്‍ കൂട്ടിച്ചേര്‍ത്തു.