മമ്മൂക്കയില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്ന് ചിലര്‍ പറഞ്ഞു; അതോടെ മമ്മൂക്ക പിന്മാറി: മുകേഷ്
Film News
മമ്മൂക്കയില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്ന് ചിലര്‍ പറഞ്ഞു; അതോടെ മമ്മൂക്ക പിന്മാറി: മുകേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 23rd October 2023, 12:25 pm

ഒരു ദുബായ് ഷോയിലെ സ്‌കിറ്റുകളില്‍ നിന്ന് മമ്മൂട്ടി പിന്മാറിയതിനെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ മുകേഷ്. സിദ്ദിഖ്-ലാല്‍ ഷോയിലെ സ്‌കിറ്റിന് ശേഷമായിരുന്നു നടന്റെ ഈ പിന്മാറ്റം. മമ്മൂട്ടി പിന്മാറിയതോടെ ആ റോള്‍ ചെയ്തത് താനാണെന്നും മുകേഷ് പറയുന്നുണ്ട്.

‘ഒരു കാലഘട്ടത്തില്‍ മലയാളത്തിലുള്ള നടീ നടന്മാര്‍ സിനിമ അഭിനയിക്കുന്നതിനോടൊപ്പം വളരെ പ്രാധാന്യത്തോടെ കണ്ടിരുന്ന മറ്റൊരു മേഖലയാണ് സ്റ്റാര്‍ഷോകള്‍. ഗള്‍ഫ് ഷോ, അമേരിക്കന്‍ ഷോ, ലണ്ടന്‍ ഷോ, യൂറോപ്യന്‍ ഷോ അങ്ങനെ മലയാളികള്‍ എവിടെയൊക്കെയുണ്ടോ അവിടെയൊക്കെയാണ് ഈ ഷോകള്‍ നടക്കുന്നത്.

വലിയ സംഘങ്ങളായിട്ട് ഒരു മാസത്തെ റിഹേഴ്‌സലുണ്ടാവും. ഷൂട്ടിങ്ങിനിടയില്‍ സമയം കണ്ടെത്തി പാട്ടും ഡാന്‍സും പഠിക്കും. സ്‌കിറ്റുകള്‍ ആയിരുന്നു ഒരു ഷോയുടെ വിജയത്തിന്റെ പ്രധാന ഘടകം. സ്‌കിറ്റുകള്‍ എഴുതി ഉണ്ടാക്കുകയും അത് ചര്‍ച്ച ചെയ്യുകയും വേണം.

ഗള്‍ഫില്‍ എല്ലാവര്‍ഷവും ഇരുപത് ദിവസമാണ് ഷോ. അത് കഴിഞ്ഞ് ഷാര്‍ജയിലും അബുദാബിയിലുമൊക്കെ ഉണ്ടാകും. എല്ലായിടത്തും ഷോ ചെയ്ത് തീരുമ്പോഴേക്കും ഒരു മാസത്തില്‍ കൂടുതലാകും. ഒരേ സമയത്ത് തന്നെ പല ഗ്രൂപ്പുകളായിട്ടാണ് പരിപാടി നടത്തുന്നത്.

ഗള്‍ഫില്‍ ഇരുപത് ദിവസത്തോളം നീണ്ടു നില്‍ക്കുന്ന ഷോയാണ് സിദ്ദിഖ്-ലാല്‍ ഷോ. മമ്മൂക്കയായിരുന്നു ഒരു വര്‍ഷത്തെ പ്രധാന അട്രാക്ഷന്‍. പിന്നെയുള്ളത് ഞാന്‍, ജഗദീഷ്, ശ്രീനിവാസന്‍, നെടുമുടി വേണു, കൊച്ചിന്‍ ഹനീഫയൊക്കെയാണ്. നായികമാരായിട്ട് ആനിയൊക്കെയാണ് ഉണ്ടായിരുന്നത്.

മദ്രാസിലാണ് അതിന്റെ റിഹേഴ്സല്‍ നടന്നത്. അന്ന് മൂന്നോ നാലോ സ്‌കിറ്റുകള്‍ ഉണ്ടായിരുന്നു. അതില്‍ പ്രധാനപെട്ട സ്‌കിറ്റുകളില്‍ മമ്മൂക്കയുണ്ട്. അതിനകത്തൊക്കെ സെക്കന്റ് റോളാണ് എനിക്ക്. നമ്മളൊക്കെ മെയിന്‍ റോളിലുള്ള സമയത്ത് കോസ്റ്റ്യൂമിന് വലിയ പ്രാധാന്യം ഉണ്ടായിരുന്നില്ല. എന്നാല്‍ മമ്മൂക്കയുള്ളത് കൊണ്ട് അങ്ങനെയായിരുന്നില്ല.

മമ്മൂക്ക ഇതില്‍ ഒരു സ്‌കിറ്റില്‍ റൗഡിയായിട്ടാണ് അഭിനയിക്കുന്നത്. അന്ന് മമ്മൂക്കയുടെ കോസ്റ്റിയൂമര്‍ വന്നു. ജുബ്ബയും ബനിയനും മുണ്ടുമാണ് വേഷം. കയ്യില്‍ ചരടും പ്രത്യേക തരത്തിലുള്ള വിഗ്ഗുമൊക്കെയുണ്ട്. ചുരുക്കത്തില്‍ ഒരു റൗഡിയുടെ തരത്തിലുള്ള വേഷം. അതിന്റെ റിഹേഴ്സല്‍ ഒക്കെ കഴിഞ്ഞു. എല്ലാവരും ആ സ്‌കിറ്റ് നന്നായിട്ടുണ്ടെന്നാണ് പറഞ്ഞിരുന്നത്.

അതിന്റെ ആദ്യ ഷോ ദുബായില്‍ ആയിരുന്നു. ഒരുപാട് ആളുകള്‍ പരിപാടി കാണാന്‍ വന്നിരുന്നു. സീറ്റ് പോലും ഇല്ലാത്ത അവസ്ഥയായി. സ്‌കിറ്റിന് അകത്ത് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഞാന്‍ മമ്മൂക്കയുടെ കൂടെ നില്‍ക്കുന്ന ആളാണ്. മമ്മൂക്കയുടെ സഹോദരിയെ ജഗദീഷിന്റെ കഥപാത്രം വഞ്ചിച്ചുവെന്നാണ് പറയുന്നത്.

സഹോദരി ഗര്‍ഭിണിയാണെന്നും പറഞ്ഞ് റൗഡിയായ ആങ്ങള വന്ന് പൈസ തരണമെന്ന് പറയുന്നു. ആദ്യം ഒഴിഞ്ഞു മാറുമെങ്കിലും അവസാനം അവര്‍ സമ്മതിക്കുന്നു. ഞാന്‍ മമ്മൂക്കയോട് അങ്ങനെ ചോദിക്ക് ഇങ്ങനെ ചോദിക്കെന്നൊക്കെ പറയുന്നുണ്ട്. മമ്മൂക്ക നല്ല സ്‌റ്റൈലന്‍ വേഷമൊക്കെയിട്ട് വിലപേശുകയാണ്. അതിന്റെ അവസാനം സഹോദരി പ്രസവിച്ച ശേഷം ഒരു ലക്ഷം രൂപ കൊടുക്കണമെന്ന് പറയുന്നതാണ്. അതിന് അവര്‍ സമ്മതിക്കുന്നു.

പെണ്‍കുട്ടി ആണെങ്കില്‍ കൂടുതല്‍ പൈസ വേണമെന്ന് പറയുന്നുണ്ട്. അങ്ങനെ പെണ്‍കുട്ടിക്ക് രണ്ടു ലക്ഷം സമ്മതിക്കുന്നു. ഇരട്ടകുട്ടികളാണെങ്കിലോയെന്ന് ഞാന്‍ ചോദിക്കുന്നുണ്ട്. അപ്പോള്‍ രണ്ടു ലക്ഷം തരാമെന്ന് പറയുന്നു. ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും ആണെങ്കില്‍ മൂന്ന് ലക്ഷം. രണ്ട് പെണ്‍കുട്ടികളാണെങ്കില്‍ നാല് ലക്ഷം.

ആ സ്‌കിറ്റ് അവസാനിക്കുന്നത് ഞാന്‍ മമ്മൂക്കയുടെ ചെവിയില്‍ ഒരു കാര്യം പറയുന്നതിലാണ്. ഇനി അഥവാ പ്രസവത്തില്‍ കുഞ്ഞ് മരിച്ചാല്‍ ഒരു ചാന്‍സ് കൂടെ കൊടുക്കുമോ എന്ന ചോദ്യത്തില്‍ ആയിരുന്നു. അത് കേട്ട് ആളുകളൊക്കെ കയ്യടിച്ച് ചിരിച്ചു. എന്നാല്‍ പിറ്റേന്ന് മമ്മൂക്ക വന്നു പറഞ്ഞു, ‘സ്‌കിറ്റൊക്കെ കൊള്ളാം. പക്ഷെ നമ്മുടെ ഫാന്‍സും വളരെ അടുത്ത ആള്‍ക്കാരുമൊക്കെ പറയുന്നത് മമ്മൂക്കയില്‍ നിന്നിത് പ്രതീക്ഷിച്ചില്ലെന്നാണ്.’

ഈ ഷോയില്‍ മൂന്നാമത് വേറെ ഒരു സ്‌കിറ്റ് ഉണ്ടായിരുന്നു. അതില്‍ വേലു തമ്പി ദളവയായിട്ടാണ് മമ്മൂക്ക. അതിലും ഞാന്‍ ഉണ്ടായിരുന്നു. അതിനകത്ത് ഇത്തരത്തിലുള്ള തമാശകളൊന്നുമില്ല. മമ്മൂക്കക്ക് ആ സ്‌കിറ്റ് ഓക്കേയാണ് എന്നാല്‍ തമാശ നിറഞ്ഞ രണ്ടു സ്‌കിറ്റുകള്‍ ചെയ്യാന്‍ പറ്റില്ലെന്ന് മമ്മൂക്ക പറഞ്ഞു. മമ്മൂക്ക അതില്‍ നിന്ന് അവസാനം പിന്മാറി. അതോടെ ആ കഥാപാത്രം ചെയ്തത് ഞാനായിരുന്നു,’ മുകേഷ് പറഞ്ഞു.

Content Highlight: Actor Mukesh Talks About Mammootty’s Withdrawl From Skits