വഴുതക്കാട് ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നിലുണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടന്ന മാധ്യമവേട്ടയെക്കുറിച്ച് മനസ് തുറക്കുകയാണ് നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജു.

താന്‍ ഒരു ഫൈറ്റര്‍ ആണെന്നും 1975 മുതല്‍ സിനിമയിലും ജീവിതത്തിലും നിരവധി പ്രതിബന്ധങ്ങളെ നേരിട്ടാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാന്‍സര്‍ പോലുള്ള രോഗാവസ്ഥകളില്‍ നിന്ന് മുക്തി നേടി വരുന്ന സമയത്തുണ്ടായ ഈ സംഭവം തന്നെ മാനസികമായി ഏറെ തളര്‍ത്തിയെന്നും അദ്ദേഹം മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ഞാനൊരു ഫൈറ്റര്‍ ആണെന്ന് പലരും എന്നോട് പറയും. ഞാന്‍ പറയും അതെ, 75 ല്‍ തുടങ്ങിയതാണ്, എന്തെല്ലാം പ്രതിബന്ധങ്ങള്‍. അടുത്തിടെ നിങ്ങള്‍ കണ്ടില്ലേ, വണ്ടി തട്ടിയതുമായി ബന്ധപ്പെട്ട പ്രശ്‌നം. ഞാന്‍ ഒന്നും ചെയ്തിട്ടില്ല. എനിക്ക് കാന്‍സര്‍ വന്ന് പോയതിന് ശേഷം ഞാന്‍ ഡ്രിങ്ക്‌സ് ഒന്നും കഴിക്കാറില്ല.

നേരത്തെ കഴിക്കുന്ന ആളായിരുന്നു. ട്രിവാന്‍ഡ്രം ക്ലബ്ബില്‍ നിന്ന് വളരെ സൂക്ഷിച്ച് രണ്ട് സൈഡിലേക്കും നോക്കി ഒന്നുമില്ലെന്ന് ഉറപ്പുവരുത്തിത ശേഷം വണ്ടിയിറക്കി, നോക്കിയപ്പോഴേക്ക് എവിടെ നിന്നോ പാഞ്ഞുവന്ന വണ്ടി എന്റെ വണ്ടിയുടെ ബംപര്‍ ഇടിച്ച് തകര്‍ത്ത് ലൈറ്റും പൊട്ടിച്ച് അപ്പുറത്ത് ചെന്ന് വീണു.

Thiruvananthapuram road accident; Maniyanpillai Raju arrested

മണിയന്‍പിള്ള രാജു

ഞാന്‍ ആകെ പേടിച്ചുപോയി. അവിടെ നിര്‍ത്തിക്കഴിഞ്ഞാല്‍ വലിയ പ്രശ്‌നമാകും. ഞാന്‍ വണ്ടി കുറച്ച് മാറ്റി നിര്‍ത്തിയിട്ട് ക്ലബ്ബിലെ സെക്രട്ടറിയെ വിളിച്ചു. ഞങ്ങള്‍ പിറകെ ഉണ്ടായിരുന്നെന്നും ആംബുലന്‍സ് വരുമെന്നും കുഴപ്പമൊന്നും ഇല്ല, ചേട്ടന്‍ പോയ്‌ക്കോളൂ എന്നും പറഞ്ഞു. പിറ്റേ ദിവസം ഉച്ചവരെ എന്നെ മീഡിയക്കാരും ചാനലുകാരും കൊന്ന് കൊലവിളിച്ചു.

ഞാന്‍ മദ്യപിച്ച് വണ്ടിയോടിച്ചു എന്നൊക്കെയാണ് പറഞ്ഞത്. ഇടിച്ച പയ്യന്‍ പറഞ്ഞത് 100 മീറ്റര്‍ മുന്നോട്ട് വലിച്ചുകൊണ്ടു പോയി എന്നാണ്. അങ്ങനെയൊന്നും ഉണ്ടായിട്ടില്ല.

പൊലീസ് സ്റ്റേഷനില്‍ പിറ്റേന്ന് രാവിലെ ഹാജരായി. അന്ന് ഉച്ചവരെ മാധ്യമങ്ങള്‍ കൊന്ന് കൊലവിളിച്ചു. ഭാഗ്യത്തിന് ഓപ്പോസിറ്റ് സൈഡിലുള്ള ഒരിടത്തെ സിസി ടിവി ദൃശ്യങ്ങള്‍ കിട്ടി. അതില്‍ ഞാന്‍ മര്യാദയ്ക്ക് ഇന്‍ഡിക്കേറ്ററൊക്കെ ഇട്ട് വരുന്നതും അവര്‍ വന്ന് ഇടിക്കുന്നതുമൊക്കെ ഉണ്ടായിരുന്നു. അല്ലെങ്കില്‍ മീഡിയക്കാരൊക്കെ എന്നെ തൂക്കിക്കൊന്നേനെ.

ഡോക്ടര്‍മാര്‍ മദ്യപിച്ചോയെന്നറിയാന്‍ രണ്ട് തവണ പരിശോധിച്ചു. രണ്ടിലും നെഗറ്റീവായി. എന്നിട്ടും പൊലീസ് സ്‌പെഷ്യല്‍വിങ് ഊര്‍ജിതമായി അന്വേഷിച്ചു. അവര്‍ അന്ന് ക്ലബ്ബില്‍ വന്നിട്ട് അന്ന് വൈകീട്ട് 5 മണി മുതല്‍ വന്നവരുടെയൊക്കെ സി.സി ടിവി ദൃശ്യം എടുത്തു. ക്ലബ്ബിലെ സ്റ്റാഫിനെ വിളിച്ച് ചോദിച്ചു.

അവര്‍ പറഞ്ഞു, മാസങ്ങളായി അദ്ദേഹം ഇങ്ങോട്ട് വരാറില്ലെന്ന്. വണ്ടി നന്നാക്കാന്‍ ഒന്‍പത് ലക്ഷത്തോളം രൂപയായി. ഇന്‍ഷുറന്‍സ് ആണെങ്കില്‍ തട്ടിപ്പാണ്. ഒരു വണ്ടിയിടിച്ചാല്‍ എങ്ങനെ ഇന്‍ഷുറന്‍സ് തരാതിരിക്കാമെന്നാണ് നോക്കുന്നത്. 4,60000 രൂപയാണ് തന്നത്.

തേജോവധം ചെയ്തുകളഞ്ഞു എല്ലാവരും. എത്രയോ പേരുടെ വണ്ടിയിടിക്കുന്നു, മനപൂര്‍വം ഇടിക്കുന്നു ഇതൊന്നും വാര്‍ത്ത വരാറില്ല. ഈ സംഗതി എന്നെ മാനസികമായി തകര്‍ത്തു. പിന്നെ സുഖമില്ലാതെ ഇരിക്കുന്ന സമയവുമാണല്ലോ,’ മണിയന്‍ പിള്ള രാജു പറഞ്ഞു.

Content Highlight: Actor Maniyanpilla Raju opens up about the media hunt he faced in connection with the car accident