മലയാള സിനിമാ സംഘടനയായ അമ്മയിലെ വീഴ്ചകളെയും സിനിമാ മേഖലയിലെ കോക്കസ് സംസ്‌കാരത്തെയും തുറന്നുകാട്ടി നടന്‍ മഹേഷ്. സംഘടനയില്‍ ചെറുപ്പക്കാര്‍ക്ക് പ്രാതിനിധ്യം കുറയുന്നതിലും, വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാത്തതിലും അദ്ദേഹം ശക്തമായ അമര്‍ഷവും ആശങ്കയും രേഖപ്പെടുത്തുന്നുണ്ട്.
ചെറുപ്പക്കാരെല്ലാം ചേര്‍ന്ന് വേറൊരു സംഘടന ഉണ്ടാക്കുമെന്ന തരത്തിലുള്ള വിവരങ്ങള്‍ വരുന്നുണ്ടെന്നും അങ്ങനെ ഈ സംഘടന വിഘടിച്ചുപോയാല്‍ എന്താണ് ചെയ്യുകയെന്നും വണ്‍ ടു ടോക്ക്‌സിന് നല്‍കിയ അഭിമുഖത്തില്‍ മഹേഷ് ചോദിക്കുന്നു.
സിനിമയില്ലാത്തവര്‍ക്ക് വര്‍ഷത്തില്‍ ഒരു സിനിമയെങ്കിലും ഉറപ്പാക്കുമെന്ന് പലരും പറഞ്ഞിരുന്നെന്നും ജയസൂര്യയെപ്പോലുള്ളവര്‍ നല്‍കിയ ആ വാഗ്ദാനമൊന്നും പാലിക്കപ്പെട്ടില്ലെന്നും മഹേഷ് പറഞ്ഞു.
‘അടുത്ത രണ്ട് പതിറ്റാണ്ട് മലയാള സിനിമയെ നയിക്കേണ്ട ചെറുപ്പക്കാര്‍ ഇങ്ങോട്ടേക്ക് വരുന്നേയില്ല. അവര്‍ വേറൊരു സംഘടന ഉണ്ടാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നു എന്നൊക്കെ കേള്‍ക്കുന്നു. നമ്മളൊന്നും അതില്‍ പെടാതെ പോയാല്‍ നമുക്ക് സിനിമയോ വരുമാനമോ ഉണ്ടാകില്ല.
സിനിമയില്ലാത്തവര്‍ക്ക് വര്‍ഷത്തില്‍ അറ്റ്‌ലീസ്റ്റ് ഒരു സിനിമയെങ്കിലും ഉറപ്പാക്കുമെന്ന് കഴിഞ്ഞ എട്ട് വര്‍ഷമായി പറയുന്ന കാര്യമാണ്. എന്നാല്‍ എന്ത് ഉറപ്പാണ് അവര്‍ വരുത്തിയത്?
ജയസൂര്യ photo: facebook
‘എന്റെ സിനിമയില്‍ എങ്ങനെ പോയാലും ഞാന്‍ കുറച്ച് പേര്‍ക്ക് വേഷം കൊടുക്കും’ എന്ന് ജയസൂര്യയൊക്കെ അവിടെയിരുന്ന് ഉച്ചത്തില്‍ പറയുന്നുണ്ടായിരുന്നു. എന്നാല്‍ അതിനുശേഷം അദ്ദേഹം എത്ര സിനിമ ചെയ്‌തെന്ന് അറിയില്ല. അദ്ദേഹം ഏതോ വലിയൊരു പ്രൊജക്ടിന്റെ പുറകിലായിപ്പോയി. ഈ പ്രഖ്യാപിച്ച വേഷങ്ങളൊക്കെ എവിടെപ്പോയി?, മഹേഷ് ചോദിക്കുന്നു.
സിനിമയില്‍ ജോലിക്ക് ഒരു ഗ്യാരണ്ടിയുമില്ല. ഒന്നുകില്‍ ഏതെങ്കിലും കോക്കസിന്റെ (ഗ്രൂപ്പിന്റെ) ഭാഗമാകണം, അല്ലെങ്കില്‍ അവരുടെ ഇഷ്ടപട്ടികയില്‍ ഇടംപിടിക്കണം. കുറച്ചുനാള്‍ മുന്‍പ് വരെ ഈ ഗ്രൂപ്പുകളില്‍ പെടണമെങ്കില്‍ ഏതെങ്കിലുമൊക്കെ ലഹരി ഉപയോഗിക്കണമായിരുന്നു.
മഹേഷ് photo: one 2 talks
കാരവാനില്‍ പോലും കയറാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ഇപ്പോള്‍ അതില്‍ ചെറിയൊരു ശുദ്ധികലശം വന്നിട്ടുണ്ടെങ്കിലും, അന്ന് കത്തിജ്വലിച്ചു നിന്ന പലരെയും ഇപ്പോള്‍ കാണാനില്ലെന്നതും സത്യമാണ്.
സിനിമയില്‍ ജാതിയോ മതമോ രാഷ്ട്രീയമോ ഏഴയലത്ത് അടുപ്പിക്കാന്‍ പാടില്ല. എരിതീയില്‍ എണ്ണ ഒഴിക്കുന്ന ചില ബുദ്ധിജീവികളും ഇവിടെയുണ്ട്. ശ്വേത ബി.ജെ.പിയില്‍ നിന്നോ അദാനിയില്‍ നിന്നോ പൈസ കൈപ്പറ്റിയെന്ന് ആരോപിച്ചവര്‍ അത് തെളിയിക്കുകയാണ് വേണ്ടത്.
പരസ്പരം സംസാരിക്കുന്ന കാര്യങ്ങള്‍ പുറത്തുകൊണ്ടുവന്നവരെക്കൂടി പുറത്തുകൊണ്ടുവരണമെന്നും മഹേഷ് പറഞ്ഞു.
Content Highlight: Actor Mahesh About Actor jayasurya’s Offer and Movies
ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.