കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും ആദ്യമായി ഒന്നിക്കുന്ന ‘ഉന്മാദം’ റിലീസിന് ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടിരുന്നു. പനോരമ സ്റ്റുഡിയോസിന്റെ മലയാളത്തിലെ മൂന്നാമത്തെ നിര്‍മാണ സംരംഭമാണ് ‘ഉന്മാദം’.
മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ എഡിറ്റര്‍മാരില്‍ ഒരാളായ കിരണ്‍ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. പൊലീസ് കഥാപാത്രമായാണ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലെത്തുന്നത്.
ഉന്മാദത്തിന് വേണ്ടി തങ്ങള്‍ കട്ടപ്പണി തന്നെ എടുത്തിട്ടുണ്ടെന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. ടീസര്‍, ട്രെയിലര്‍ എന്നിവയ്ക്ക് ലഭിക്കുന്ന സൂചന മികച്ചതാണെന്നും അദ്ദേഹം പറയുന്നു.
‘ കിരണ്‍ദാസ് എന്ന പുതുമുഖ സംവിധായകന്‍, അദ്ദേഹം ഒരുപാട് സിനിമകള്‍ എഡിറ്റ് ചെയ്ത്, ഒരുപാട് നല്ല സിനിമകളുടെ ഭാഗമായിട്ടുള്ള ഒരു ടെക്‌നീഷ്യന്‍ ആണ്.
അദ്ദേഹത്തിന്റെ ആദ്യത്തെ സംവിധാന സംരംഭമാണ് ഉന്മാദം. അതുപോലെതന്നെ അദ്ദേഹം ഷാഹി കബീര്‍ എന്ന തിരക്കഥാകൃത്തിനോടൊപ്പം ചേരുന്ന ആദ്യത്തെ സിനിമയും കൂടിയാണ്. ഷാഹിയുടെ കൂടെ ഞാന്‍ ചെയ്യുന്ന മൂന്നാമത്തെ സിനിമയാണ്. നായാട്ട്, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി അത് കഴിഞ്ഞ് ഇപ്പോള്‍ ഉന്മാദത്തില്‍ എത്തി നില്‍ക്കുന്നു.
പിന്നെ ഒരുപാട് പുതിയ ആള്‍ക്കാരുടെ കൂടെ അഭിനയിക്കാനുള്ള അവസരം ലഭിച്ചു. ലിജോ മോളുടെ കൂടെ ആദ്യമായിട്ട് ഒരു സ്‌ക്രീന്‍ സ്‌പേസ് ഷെയര്‍ ചെയ്യാന്‍ സാധിച്ച ചിത്രം കൂടിയാണ് ഇത്.
ഉന്മാദം ട്രെയിലറില്‍ നിന്നുള്ള രംഗം photo:Panorama Studios
ഉന്മാദം എന്ന സിനിമയിലേക്ക് വരുമ്പോള്‍ നേരത്തെ പലരും പറഞ്ഞപോലെ പൊലീസ് കഥ അല്ലെങ്കില്‍ ഡാര്‍ക്ക് ത്രില്ലര്‍ മിസ്റ്ററി എന്ന് പറഞ്ഞതിനപ്പുറം എന്താണ് ഉന്മാദത്തിന് കൊടുക്കാന്‍ സാധിക്കുക എന്നുള്ളൊരു ഒരു ആലോചനയുടെ പുറത്താണ് ഉന്മാദം സംഭവിച്ചിരിക്കുന്നത്.
കാരണം ഇതിന്റെ കഥ വര്‍ഷങ്ങള്‍ക്കു മുമ്പ് പല രീതികളില്‍ പല ആളുകളിലൂടെ സഞ്ചരിച്ചിട്ടുള്ള ഒരു കഥയാണ്. പക്ഷേ അത് ഉന്മാദം എന്ന സിനിമയായിട്ട് മാറുമ്പോള്‍ അതിന്റെ ഒരു പരിണാമം ഏറ്റവും നല്ല രീതിയില്‍ വന്നിട്ടുണ്ട് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.
കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍, അല്ലെങ്കില്‍ ടെക്‌നോളജി അനുസരിച്ചുള്ള മാറ്റങ്ങളെല്ലാം ആ കഥയ്ക്കും തിരക്കഥയ്ക്കും അതിന്റെ അവതരണത്തിലും എല്ലാം വന്നിട്ടുണ്ട്.
ആ രീതിയിലാണ് ഇതിന്റെ ഒരു എഫേര്‍ട്ട് എടുത്തിട്ടുള്ളത്. അതിനായി ഞങ്ങള്‍ കട്ടപ്പണിയെടുത്തിട്ടുണ്ട്. ക്യാമറയ്ക്ക് മുന്നിലായാലും പിന്നിലായാലുമൊക്കെ അത് സംഭവിച്ചിട്ടുണ്ട്.
ഉന്മാദം ട്രെയിലറില്‍ നിന്നുള്ള രംഗം photo:Panorama Studios
ഉന്മാദം ഒരിക്കലും നിങ്ങളെ രണ്ടാമതും മൂന്നാമതും കാണാനായിട്ട് ഭയപ്പെടുത്തുന്ന സിനിമ ആയിരിക്കില്ല. അത് നിങ്ങള്‍ക്ക് രണ്ടാമതും മൂന്നാമതും കാണാനായിട്ട് തോന്നിപ്പിക്കുന്ന ഒരു സിനിമയായിക്കും. അതിനുള്ള പണി ഞങ്ങള്‍ എടുത്തിട്ടുണ്ട്. ട്രെയിലര്‍, ടീസര്‍ റിലീസിന് ശേഷം ലഭിച്ച റെസ്‌പോണ്‍സും ഗംഭീരമാണ്.
പിന്നെ ഫുട്‌ബോളിന്റെ ഒരു ആവേശവും എല്ലാം കഴിഞ്ഞിട്ടാണ് സിനിമ തിയേറ്ററിലേക്ക് വരുന്നത്. ഫുട്‌ബോളിന്റെ ഉന്മാദം മാറി സിനിമ തിയേറ്ററില്‍ കണ്ട് ഉന്മാദരാകുമെന്ന വിശ്വാസത്തിലാണ് ഉന്മാദം സിനിമ നിങ്ങളുടെ മുന്നിലേക്ക് കൊണ്ടുവരുന്നത്.
ഇതിന് മുമ്പ് ഞാന്‍ ചെയ്ത പൊലീസ് കഥാപാത്രങ്ങളില്‍ നിന്നും അല്ലെങ്കില്‍ സിനിമകളില്‍ നിന്നും വ്യത്യസ്തമായിട്ടുള്ള ഒരു സിനിമ തന്നെയാണ് ഉന്മാദം. ഇതില് കുറച്ച് സൂപ്പര്‍ നാച്ചുറല്‍ ആയിട്ടുള്ള കാര്യങ്ങള്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ ചിലപ്പോള്‍ ഉണ്ടാവാം.
പക്ഷെ അത് ശരിയാണോ എന്ന് ചോദിച്ചാല്‍ ചിലപ്പോള്‍ ശരിയല്ലാതെ ആവാം. അങ്ങനെയുള്ള കുറച്ചു കുറച്ച് കാര്യങ്ങള്‍ ഇതിലുണ്ട്. ആള്‍ക്കാരില്‍ കൗതുകം ജനിപ്പിക്കുന്ന അല്ലെങ്കില്‍ ഒരു ക്യൂരിയോസിറ്റി ജനിപ്പിക്കുന്ന ഒരു സിനിമ തന്നെയാണ് ഇത്.
ഇതിനു മുമ്പുള്ള ഷാഹി സിനിമകളുടെ അത്രയും ഡാര്‍ക്ക് അല്ല ഇത് എന്ന് കഥാകൃത്ത് തന്നെ പറഞ്ഞിട്ടുണ്ട്. ഇനി മറിച്ച് എന്തെങ്കിലും തോന്നുകയാണെങ്കില്‍ പുള്ളിയുടെ നമ്പര്‍ ഞാന്‍ എല്ലാവര്‍ക്കും തരാം. പുള്ളിയെ വിളിച്ച എന്താന്ന് വച്ചാല്‍ പറഞ്ഞോളൂ (ചിരി),’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
Content Highlight: Actor Kunchacko Boban about Unmadam Movie Character
ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.