അവര്‍ക്കൊന്നും എന്റെ പേര് മനസിലായില്ല; ഞാനന്ന് ഒരുപാട് വിഷമിച്ചു: കൃഷ്ണ
Malayalam Cinema
അവര്‍ക്കൊന്നും എന്റെ പേര് മനസിലായില്ല; ഞാനന്ന് ഒരുപാട് വിഷമിച്ചു: കൃഷ്ണ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 19th August 2025, 12:37 pm

1994ല്‍ തന്റെ 14ാം വയസില്‍ നെപ്പോളിയന്‍ എന്ന മലയാള സിനിമയിലൂടെ ബാലതാരമായി അഭിനയരംഗത്തേക്ക് കടന്നു വന്ന നടനാണ് കൃഷ്ണ. പിന്നീട് തമിഴിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

ഭാനുപ്രിയ നായികയായി 1997ല്‍ പുറത്തിറങ്ങിയ ഋഷ്യശൃംഗനിലാണ് കൃഷ്ണ ആദ്യമായി നായകവേഷത്തിലെത്തുന്നത്. 2001ല്‍ കമലിന്റെ നിറം സിനിമയുടെ റീമേക്കിലൂടെ അദ്ദേഹം തമിഴിലും അഭിനയിച്ചു തുടങ്ങി.

സിനിമയില്‍ അതിജീവിക്കുക എന്നത് ഒരു കോമ്പിറ്റേഷനാണെന്ന് പറയാന്‍ ആവില്ലെന്ന് പറയുകയാണ് കൃഷ്ണ. പ്രയാസമുള്ള കാര്യമാണെന്ന് വേണമെങ്കില്‍ പറയാമെന്നും സിനിമയെ എത്രനാള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുമെന്ന് നമുക്ക് പറയാന്‍ ആവില്ലെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

സിനിമയില്‍ പിടിച്ചു നില്‍ക്കാന്‍ നമ്മള്‍ പരമാവധി ശ്രമിക്കണമെന്നും പക്ഷെ അതിനൊരു എളുപ്പ വഴിയില്ലെന്നും കൃഷ്ണ പറഞ്ഞു. നമ്മള്‍ ഓരോ സമയത്തും സിനിമയെ തേടി പോകുക തന്നെ വേണമെന്നും നമ്മുടെ വേഷങ്ങളെ നമ്മള്‍ തേടി കണ്ടെത്തണമെന്നും അദ്ദേഹം പറയുന്നു.

‘പലപ്പോഴും ഞാന്‍ ഓരോ സംവിധായകരെ വിളിക്കുമ്പോഴും അവര്‍ക്ക് കൃഷ്ണ എന്ന പേര് കേള്‍ക്കുമ്പോള്‍ മനസിലാകില്ല. ഒരു സമയത്ത് ഞാന്‍ അതിന്റെ പേരില്‍ ഒരുപാട് വിഷമിച്ചിരുന്നു.

എന്തുകൊണ്ട് അവര്‍ക്ക് കണക്ടാവുന്നില്ലെന്ന് ചിന്തിച്ചിരുന്നു. അതിന്റെ ഒന്നാമത്തെ കാരണം പ്രായവും ഗ്യാപ്പുമാണ്. ഞാന്‍ ലൈംലൈറ്റില്‍ ഉണ്ടെങ്കില്‍ പോലും ഗ്യാപ്പ് വന്നത് കാരണം ആളുകളുടെ മനസില്‍ നിന്നും പോയി,’ കൃഷ്ണ പറയുന്നു.

ഓരോ അഭിനേതാക്കളും ടെക്‌നോളജിയുടെ കാര്യത്തില്‍ അപ്‌ഡേറ്റഡാണെന്ന് പറയാറുണ്ടെങ്കിലും അവസരങ്ങള്‍ ലഭിക്കുമ്പോഴല്ലേ അതുകൊണ്ട് കാര്യമുണ്ടാവുകയുള്ളൂവെന്നും നടന്‍ ചോദിക്കുന്നു. മൈല്‍ സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കൃഷ്ണ.

കരിയറില്‍ ഗ്യാപ്പ് വരുന്നതോടെ നമ്മള്‍ എതിരെ നില്‍ക്കുന്ന ആളുടെ മനസില്‍ നിന്ന് ഇല്ലാതെയാകുമെന്നും അതേസമയം തനിക്ക് എവിടെയൊക്കെയോ ചെറിയ ബോണസുകള്‍ ഇടക്ക് കിട്ടാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Content Highlight: Actor Krishna Talks About Survival In Cinema Industry