അനാവശ്യമായി ആരെയും മിസ്‌യൂസ് ചെയ്യാറില്ല; മമ്മൂട്ടിയെന്ന വ്യക്തി ആരാണെന്നറിയാം; കമന്റുകള്‍ കാണുമ്പോള്‍ വിഷമം തോന്നാറുണ്ട്: കോട്ടയം നസീര്‍
Film News
അനാവശ്യമായി ആരെയും മിസ്‌യൂസ് ചെയ്യാറില്ല; മമ്മൂട്ടിയെന്ന വ്യക്തി ആരാണെന്നറിയാം; കമന്റുകള്‍ കാണുമ്പോള്‍ വിഷമം തോന്നാറുണ്ട്: കോട്ടയം നസീര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 8th October 2023, 1:24 pm

താനാരെയും അനാവശ്യമായി മിസ്‌യൂസ് ചെയ്യാറില്ലെന്ന് കോട്ടയം നസീര്‍. മമ്മൂട്ടിയെന്ന വ്യക്തി ആരാണെന്ന് നന്നായിട്ടറിയാമെന്നും അനാവശ്യമായി വിളിച്ച് ശല്യപെടുത്താറില്ലെന്നും നസീര്‍ പറഞ്ഞു.

സ്‌കൈലാര്‍ക്ക് പിക്‌ചേര്‍സ് എന്റര്‍ടൈന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മമ്മൂട്ടിയുമായുള്ള ബോണ്ടിങ് എങ്ങനെയാണ് നിലനിര്‍ത്തുന്നത് എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് ഇത് പറഞ്ഞത്. മമ്മൂട്ടി-മോഹന്‍ലാല്‍ തുടങ്ങിയ ആര്‍ട്ടിസ്റ്റുകളെ പറ്റി നല്ലത് പറയുമ്പോള്‍ വരുന്ന കമന്റുകള്‍ കാണുമ്പോള്‍ തനിക്ക് വിഷമം തോന്നാറുണ്ടെന്നും നസീര്‍ കൂട്ടിച്ചേര്‍ത്തു.

‘ഞാനാരെയും അനാവശ്യമായി മിസ്‌യൂസ് ചെയ്യാറില്ല. ഞാനതിന് ശ്രമിക്കാറില്ല. മിസ്‌യൂസ് ചെയ്യില്ല എന്നത് കൊണ്ടുദ്ദേശിക്കുന്നത്, മറുവശത്ത് നില്‍ക്കുന്ന വ്യക്തി (മമ്മൂട്ടി) ആരാണെന്ന് നന്നായിട്ടറിയാം. എത്രയോ വലിയ പൊസിഷനില്‍ നില്‍ക്കുന്നാളാണ്. ഒരുപാട് തിരക്കുള്ള ആളാണ്. അപ്പോള്‍ അനാവശ്യമായി ഇക്കയെ വിളിച്ച് ശല്യപെടുത്താന്‍ പോകാറില്ല.

വിളിച്ചാല്‍ അദ്ദേഹമൊന്നും പറയുന്നത് കൊണ്ടല്ല. ഞാനെപ്പോള്‍ മെസ്സേജ് ഇട്ടാലും ഇക്ക മറുപടി തരാറുണ്ട്. എന്നെ വലിയ ഇഷ്ടടമാണ്. കാണുമ്പോള്‍ കാരവാനില്‍ കൊണ്ടിരുത്തി ഭക്ഷണമൊക്കെ തരും. അത്രയും സ്‌നേഹമുള്ള ആളാണ്.

അതെന്ത് കൊണ്ടായിരിക്കുമെന്ന് ചോദിച്ചാല്‍, നമ്മള്‍ അവര്‍ക്കൊരു ബാധ്യതയും ശല്യവും അല്ലെന്ന് അവര്‍ക്ക് തോന്നുന്നത് കൊണ്ടായിരിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ചിലപ്പോള്‍ നമ്മളവരെ കൂടുതല്‍ വിളിക്കാത്തതിലും അന്വേഷിക്കാത്തതിലും പരിഭവം ഉണ്ടാകുമോയെന്ന് അറിയില്ല.

മൂന്നര കോടി ജനങ്ങളുണ്ട് കേരളത്തില്‍. ഈ മൂന്നരക്കോടി ജനങ്ങളില്‍ എത്രപേര്‍ അദ്ദേഹത്തെയൊന്ന് കാണണമെന്നും സംസാരിക്കണമെന്നും ഒന്നടുത്തിരിക്കണമെന്നും ആഗ്രഹിക്കുന്നുണ്ട്. ആ മൂന്നരകോടി ജനങ്ങളില്‍ ഒരാളായ എനിക്ക് അങ്ങനെ ഒരവസരം ലഭിക്കുകയെന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്.

പലപ്പോഴും മമ്മൂക്ക-ലാലേട്ടന്‍ തുടങ്ങിയ ആര്‍ട്ടിസ്റ്റുകളെ പറ്റി നല്ലത് പറയുമ്പോള്‍ കമന്റ്‌സില്‍ വരുന്ന കാര്യങ്ങള്‍ കാണുമ്പോള്‍ എനിക്ക് വിഷമം തോന്നാറുണ്ട്. ‘അവന്‍ ഒലിപ്പീരു തുടങ്ങി’, ‘സുഖിപ്പിച്ചു’ എന്നൊക്കെയാവും കമന്റുകള്‍.

ഈ കമന്റുകളിടുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യം, അങ്ങനെയൊന്നും സുഖിപ്പിച്ചാലോ ഒലിപ്പിച്ചാലോ ഇവര് നമ്മെ കൂടെകൂട്ടുമെന്ന ധാരണ തെറ്റാണെന്നതാണ്. അങ്ങനെയല്ല സത്യം. സിനിമയ്ക്ക് ആവശ്യമുണ്ടെങ്കിലേ നമ്മള്‍ ഉണ്ടാവുകയുള്ളു.

അല്ലെങ്കില്‍ പിന്നെ ഇവര്‍ ചെയ്യുന്ന എല്ലാ പടത്തിലും നമ്മളുണ്ടെകില്‍ ഇങ്ങനെ പറയുന്നത് ഓക്കേയാണ്. അങ്ങനെയല്ലല്ലോ. റോഷാക്ക് കഴിഞ്ഞിട്ട് ഞാന്‍ ഇക്കയുടെ കൂടെ വേറെ പടം ചെയ്തിട്ടില്ല,’ നസീര്‍ പറഞ്ഞു

Content Highlight: Actor Kottayam Nazeer Talks About His Relationship With Mammootty