മലയാളം സിനിമാ ഇന്‍ഡസ്ട്രി വ്യത്യസ്തമായ സിനിമകള്‍ ചെയ്യുന്നവരെന്ന രീതിയില്‍ സ്വന്തമായ ഐഡിന്റിറ്റി ഉണ്ടാക്കിയെടുത്തവരാണെന്നും തമിഴ് സിനിമകള്‍ക്കും അത്തരത്തിലൊരു ഐഡിന്റി വേണമെന്നും തമിഴ് നടന്‍ കാര്‍ത്തി. ചെന്നൈയില്‍ നടന്ന ‘വാ വാത്തിയാര്‍’ ചിത്രത്തിന്റെ പ്രൊമോഷന്‍ ഇവന്റില്‍ സംസാരിക്കുകയായിരുന്നു താരം.
‘തെലുങ്കില്‍ ബിഗ് ബഡ്ജറ്റില്‍ വലിയ വലിയ സിനിമകള്‍ ഇറങ്ങുന്നു, മലയാളത്തില്‍ വ്യത്യസ്തമായ പടങ്ങള്‍ നിര്‍മിക്കുന്നു, ഇതെല്ലാം കാണുമ്പോള്‍ ഞാന്‍ എപ്പോഴും ആലോചിക്കാറുള്ള കാര്യമാണ് തമിഴിനും ഇത്തരത്തിലൊരു അടയാളം വേണമെന്നുള്ളത്. എപ്പോഴും പേടിച്ച് ഒരേ രീതിയിലുള്ള കഥകള്‍ തന്നെ ചെയ്താല്‍ പ്രയോജനമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. പുതിയ വിഷയങ്ങള്‍ സിനിമകളില്‍ കൊണ്ടുവരണം.
അതുകൊണ്ടാണ് നളന്‍ കുമാരസാമിയെ പോലുള്ള ഡയറക്ടേര്‍സ് ഇന്‍ഡസ്ട്രിക്ക് വളരെ പ്രധാനപ്പെട്ടതാണെന്നാണ് ഞാന്‍ കരുതുന്നത്. ‘വാ വാത്തിയാര്‍’ എന്ന സിനിമയില്‍ വളരെ ടഫായ സബ്ജക്ട് അത്രയും ജോളിയായിട്ടാണ് സിനിമയില്‍ നളന്‍ അവതരിപ്പിച്ചിട്ടുള്ളത്. നളന്റെ വര്‍ക്കില്‍ വളരെയധികം അഭിമാനമുണ്ട്. ബാരിയര്‍ ബ്രേക്ക് ചെയ്ത് ഒരുപാട് സംവിധായകര്‍ ഇനിയും മുന്നോട്ട് വരണം എന്നാണ് ആഗ്രഹിക്കുന്നത്,’ താരം പറഞ്ഞു.
‘വാ വാത്തിയാര്‍’. Photo: screen grab/ trailer/ think music India/ youtube.com
ചിത്രം, സിരുതൈ പോലെ കംപ്ലീറ്റ് കൊമേഴ്‌സ്യല്‍ ഫിലിം അല്ലെന്നും അതേസമയം ഒരു പരീക്ഷണ ചിത്രവുമല്ലെന്നും തമിഴില്‍ തന്നെ ഒരു ഫ്രഷ് സബ്ജക്ട് ആയിരിക്കുമെന്നും നിര്‍മാതാവ് ഗണവേല്‍ രാജു പറഞ്ഞു. കാര്‍ത്തി ആരാധകര്‍ക്ക് ആസ്വദിക്കാനുള്ള എല്ലാ കാര്യങ്ങളും ചിത്രത്തിലുണ്ടാവുമെന്നും നിര്‍മാതാവ് പറഞ്ഞു.
എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും മാസ് മസാല പടങ്ങള്‍ക്കുള്ള ട്രിബ്യൂട്ടായിരിക്കും വാ വാത്തിയാരെന്ന് കാര്‍ത്തി പരിപാടിയില്‍ പറഞ്ഞിരുന്നു. നളന്‍ കുമാരസാമി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആക്ഷന്‍-കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ താരം പൊലീസ് ഓഫീസറായാണ് എത്തുന്നത്. ഡിസംബര്‍ 12 ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തില്‍ കൃതി ഷെട്ടി, സത്യരാജ്, ആനന്ദ്‌രാജ്, കരുണാകരന്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു.
Content Highlight: Actor karthi talks about the need for experimental films in tamil cinema