'ഇത്രയും ചതിക്കപ്പെടാന്‍ നിങ്ങള്‍ അത്രയും പൊട്ടനാണോ?'; ഒരുപക്ഷേ ആയിരിക്കാമെന്ന് മറുപടി പറഞ്ഞ ജോജു ജോര്‍ജ്
FB Notification
'ഇത്രയും ചതിക്കപ്പെടാന്‍ നിങ്ങള്‍ അത്രയും പൊട്ടനാണോ?'; ഒരുപക്ഷേ ആയിരിക്കാമെന്ന് മറുപടി പറഞ്ഞ ജോജു ജോര്‍ജ്
സുനില്‍ വെയ്ന്‍സ്
Thursday, 17th December 2020, 3:15 pm

ജോജു ജോര്‍ജ് എന്ന നടനെക്കുറിച്ച് ആലോചിക്കുമ്പോള്‍, സിനിമയേക്കാള്‍ സിനിമക്ക് പുറത്ത് ഓര്‍മ്മ വരുന്ന ചില ദൃശ്യങ്ങള്‍ ഉണ്ട്. അയാളിലെ നടനേയും മനുഷ്യനെയും ഒരുപോലെ അടയാളപ്പെടുത്തിയ മനോഹരമായ ചില നിമിഷങ്ങള്‍.

സുഹൃത്തുക്കളില്‍ നിന്ന്/പ്രിയപ്പെട്ടവരില്‍ നിന്ന് തനിക്ക് നേരിട്ട തിരിച്ചറിവുകളുടെയും ചതികളുടെയും അനുഭവകഥകള്‍, കാപട്യമേതുമില്ലാതെ ‘നേരെ ചൊവ്വേ’ എന്ന അഭിമുഖസംഭാഷണത്തില്‍ തുറന്ന് പറഞ്ഞതിന് പിന്നാലെ ആ പരിപാടിയുടെ അവതാരകന്‍ ജോണി ലൂക്കോസ്, ജോജുവിന്റെ മുഖത്ത് നോക്കി ചോദിച്ച ചോദ്യം ഇതായിരുന്നു. ‘ഇത്തരം ചതികളെല്ലാം താങ്കള്‍ക്ക് പറ്റാന്‍..താങ്കള്‍ എന്താ പൊട്ടനായിരുന്നോ’?

പെട്ടെന്നുള്ള ഈ ചോദ്യം കേട്ട ശേഷവും ജോജുവിന്റെ മുഖത്ത് പ്രത്യേകിച്ച് ഭാവഭേദമോ വ്യത്യാസമോ ഒന്നും തന്നെയും ഉണ്ടായില്ല. തീര്‍ത്തും അക്ഷോഭ്യനായി മാത്രം നിലകൊണ്ട ജോജു ജോര്‍ജിനെ തന്നെയാണ് ഇതെഴുതുന്ന സമയത്തും മനസ്സില്‍ ഓര്‍മ വരുന്നത്. ചോദ്യം കേട്ടയുടന്‍ സെക്കന്‍ഡിന്റെ നൂറിലൊരംശത്തോളം മാത്രം നീണ്ടുനിന്ന ഹ്രസ്വമായൊരു നിശ്ശബ്ദത.

പിന്നെ സുദീര്‍ഘമായൊരു പൊട്ടിച്ചിരി. ശേഷം, അവതാരകന്റെ പ്രസക്തചോദ്യത്തിന് അയാള്‍ പറഞ്ഞ ഉത്തരം ഇതായിരുന്നു. ‘വേണമെങ്കില്‍ അങ്ങനെയും പറയാം സാര്‍. അവരെ ഞാന്‍ വിശ്വസിച്ചത് ഒരുപക്ഷേ എന്റെ ഏറ്റവും വലിയ പൊട്ടത്തരം ആയിരിക്കാം. അതെന്റെ പൊട്ടത്തരം ആണെങ്കില്‍ ഒരുപക്ഷേ ഞാനും ഒരു പൊട്ടനായിരിക്കാം’ അത്രമേല്‍ ലാഘവത്തോടെയാണ് അയാള്‍ അത് പറഞ്ഞവസാനിപ്പിച്ചത്.

ഇനി വേറൊന്ന്, ഫ്‌ളവേഴ്സ് ചാനലിലെ കോമഡി ഉത്സവം എന്ന പരിപാടിയില്‍ പ്രധാന അതിഥിയായി ജോജു വന്നിരിക്കുന്നു. അവതാരികയായ അശ്വതി ശ്രീകാന്ത് അദ്ദേഹത്തോട് ചോദിക്കുന്നു.
‘ജോജുവേട്ടാ.എത്ര വര്‍ഷമായി ഇപ്പോ സിനിമയിലേക്ക് വന്നിട്ട്’?
ജോജു: ഞാന്‍ സിനിമയെ പരിചയപ്പെട്ട് തുടങ്ങിയിട്ട് 22 വര്‍ഷത്തോളമായി
അശ്വതി: ‘ആഹാ. ഇതില് എത്ര വര്‍ഷം ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ജീവിതം തള്ളി നീക്കി?
ജോജു: 16 വര്‍ഷം ഞാനൊരു ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്നു’
അശ്വതി: അപ്പോ,നമ്മളീ സിനിമ കാണുമ്പോ ഇടക്ക് ഒന്ന് വന്ന് മിന്നിപ്പോവുക. അത് പോലെ നമ്മളൊന്ന് കണ്ണു ചിമ്മുമ്പോള്‍ പെട്ടെന്ന് കാണാതാവുക, തുമ്മുമ്പോള്‍ കാണാതാവുക അങ്ങനെയുള്ള ക്യാരക്ടേഴ്‌സ് ഒരുപാട് ചെയ്തിട്ടുണ്ടല്ലേ(ചിരി)
ജോജു: ഉണ്ട്..ഒരുപാട് ഒരുപാട് ചെയ്തിട്ടുണ്ട്
അശ്വതി: 16 വര്‍ഷം ഇങ്ങനെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി നടന്നപ്പോള്‍ ഒരുപാട് പേരോട് ചാന്‍സ് ചോദിച്ചിട്ടുണ്ടാവും. ഒരുപാട് ലൊക്കേഷനുകളില്‍ പോയിട്ടുണ്ടാകും. എങ്ങനെ ഈ 16 വര്‍ഷം ഇങ്ങനെ consistent ആയിട്ട് നില്‍ക്കാനുള്ള confidence കിട്ടി?
ജോജു: (ചിരിക്കുന്നു) നമുക്ക് ഇഷ്ടമുള്ള ഒരു പെണ്‍കുട്ടിയോട് ഭയങ്കരായിട്ട് പ്രേമം തോന്നിന്ന് വെക്ക്യാ…
അശ്വതി: ഹാ
ജോജു: നമുക്ക് ഒരു കരാര്‍ വയ്ക്കാന്‍ പറ്റ്വോ, നീ എനിക്ക് ഒരു വര്‍ഷത്തിനുള്ളില്‍ അല്ലെങ്കില്‍ ഒരു മാസത്തിനള്ളില്‍ വളഞ്ഞു തരണംന്ന്?
അശ്വതി: ഇല്ല..അത് പറ്റില്ല(ചിരി)

ജീവിതം ഇടക്കെപ്പോഴോ ഒരു തോണി പോല്‍ ആടിയുലഞ്ഞ് പോകുന്നുവെന്ന് തോന്നുമ്പോള്‍, ഒരു ആഴക്കടലിന്റെ നടുഭാഗത്തെന്ന പോല്‍ നിശ്ചയമില്ലാതെ നിലയുറപ്പിക്കാതെ നീങ്ങുമ്പോള്‍, അത്രമേല്‍ സ്‌നേഹിച്ച പലതും നമ്മെ വിട്ട് ദൂരേക്ക് അകന്ന് പോകുമ്പോള്‍, ഏറ്റവും പ്രിയപ്പെട്ടതിനെ ഓര്‍ത്ത്, ജീവിതത്തിന്റെ ഓരോ നിമിഷവും സ്വയം പാഴാക്കുന്നുവെന്ന പഴി ഉറ്റവരില്‍ നിന്ന് ഇടക്കെപ്പോഴോ നാം കേള്‍ക്കുമ്പോള്‍, ആഗ്രഹങ്ങള്‍ക്ക് പുറകേയോടി നിരാശരാകുന്നുവെന്ന് വെറുതെയെപ്പോഴോ ചിന്തിക്കുമ്പോള്‍… ഇയാളുടെ ജീവിതം ഇടക്കെങ്കിലും ആലോചിക്കണം.

സങ്കടങ്ങള്‍, വൈഷമ്യങ്ങള്‍ അതിന്റെ അതിഭീകരമായ മൂര്‍ദ്ധന്യാവസ്ഥ പ്രാപിക്കുമ്പോള്‍ ജോജുവിന്റെ ജീവിതത്തേക്കാള്‍ Inspiring ആയ വലിയ മരുന്നൊന്നും അതിനില്ലെന്ന് സത്യമായും തോന്നിയിട്ടുണ്ട്.

ഓര്‍മ വെച്ച കാലം മുതല്‍ക്ക് ജോജുവിനൊപ്പം സിനിമയുണ്ട്, നിഴലുപോലെ. എന്തിനാണ് സിനിമ, തന്നെ വിടാതെ പിടികൂടിയത് എന്ന് പലപ്പോഴും അയാള്‍ തന്നെ ഓര്‍ത്ത് പോയ നിമിഷങ്ങളുണ്ടെത്രേ. ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും അയാളില്‍ വന്നു ചേരാനുള്ള വിജയത്തെ പല പ്രാവശ്യവും തട്ടിമാറ്റിയത് സിനിമ തന്നെയായിരുന്നു.

ഓരോ ലക്ഷ്യത്തിലേക്ക് നടന്നടുക്കുമ്പോഴും സിനിമയെന്ന മോഹം സമ്മാനിക്കുന്ന വീഴ്ചയില്‍ അയാള്‍ നിസ്സഹായനായി നിന്ന് പോയി. അപ്പോഴൊക്കെയും സ്‌നേഹത്തിന്റെ ഒരു പൊന്‍തൂവല്‍ പോലെ, സാന്ത്വനവുമായി എത്തിയത് ഒന്ന് മാത്രം, ആത്മവിശ്വാസം. സ്വന്തം കഴിവിലുള്ള അന്ധവും അദമ്യവുമായ ആത്മവിശ്വാസം.

ആരംഭകാലത്ത് ഒരിക്കല്‍ പോലും സിനിമയെന്ന മാധ്യമം ജോജുവിനെ അറിഞ്ഞ് പുല്‍കിയിട്ടില്ല. എങ്കിലും ഓരോ തവണയും സ്വയം സാന്ത്വനവാക്കുകള്‍ നല്‍കി അയാള്‍, അയാളെ സ്വയം സമാധാനിപ്പിച്ചു. ‘ഓരോ പ്രാവശ്യവും വീഴുമ്പോഴും നീയോര്‍ക്കുക. വിജയത്തിന്റെ അടുത്തെത്താനുള്ള ഓരോ പടിയും നീ ചവിട്ടിക്കയറുകയാണെന്ന്’

ആ ഒരു സാന്ത്വനവാക്ക് മാത്രം മതിയായിരുന്നു അയാള്‍ക്ക് എല്ലാം നേരിടാന്‍. ഒരു പാസ്സിംഗ് ഷോട്ട്, അപൂര്‍വങ്ങളില്‍ അപൂര്‍വമായി ഇടക്കെപ്പോഴോ ഒരു ഡയലോഗ്, തീര്‍ന്നു.

തൃശൂര്‍ ജില്ലയിലെ മാളയിലെ കുഴൂരില്‍ ഹോട്ടല്‍ തൊഴിലാളിയായ അച്ഛന്‍ ജോര്‍ജിന്റെയും അമ്മ റോസിയുടേയും മൂത്ത മകന് സിനിമയെന്നത് ബാല്യം മുതല്‍ക്കേ കേവലം വിനോദോപാധി ആയിരുന്നില്ല. ജീവിതം തന്നെയായിരുന്നു. കുഴൂരിലെ ശ്രീ മുരുകാടാക്കീസില്‍ നിന്ന് മാറി വരുന്ന സിനിമകളെല്ലാം ഒന്നൊഴിയാതെ കണ്ടുതീര്‍ത്തു.

സിനിമാമോഹങ്ങള്‍ക്ക് ഊടും പാവും നല്‍കി പ്രോത്സാഹിപ്പിച്ചത് അമ്മൂമ്മ ത്രേസ്യക്കുട്ടിയായിരുന്നു. പള്ളിയില്‍ കുര്‍ബാന കൂടിയേച്ച് വരാമെന്ന് പറഞ്ഞ് അമ്മൂമ്മക്കൊപ്പം എറണാകുളത്തെ തീയേറ്ററുകളിലേക്ക് വെച്ചു പിടിച്ച ബാല്യകൗമാരങ്ങള്‍. കലാഭവനില്‍ കയറിയാല്‍ സിനിമയില്‍ കയറാമെന്ന മിഥ്യാധാരണയില്‍ കലാഭവനില്‍ അഭിമുഖത്തിന് ചെന്നു. എന്നാല്‍ പെര്‍ഫോമന്‍സില്‍ യാതൊരു പുതുമയുമില്ല എന്ന കാര്യം പറഞ്ഞ് അവര്‍ നിര്‍ദ്ദയം തഴഞ്ഞു.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ ഡിഗ്രിക്ക് ചേര്‍ന്നതോട് കൂടി സിനിമാപ്രേമം അതിന്റെ മൂര്‍ധന്യാവസ്ഥയിലെത്തി. സിനിമ കാണാതെ ഉറക്കം പോലും കിട്ടുന്നില്ല എന്ന അവസ്ഥ. ക്ലാസ് കട്ട് ചെയ്ത് തീയേറ്ററില്‍ മാത്രമായി ചെലവഴിച്ച ക്യാമ്പസ് കാലം. ഒപ്പം മിമിക്രിയും അഭ്യസിച്ചു വന്നു.

തന്നെ തേടി സിനിമ വരില്ലെന്ന ബോധ്യം പൂര്‍ണമായും വന്നു ഭവിച്ചപ്പോള്‍ സിനിമയത്തേടി അങ്ങോട്ട് പോകാന്‍ തന്നെ തീരുമാനിച്ചു. അങ്ങനെ സുനില്‍ സംവിധാനം ചെയ്ത ‘മാനത്തെ കൊട്ടാരം’ എന്ന സിനിമയുടെ സെറ്റിലേക്ക് പോയി. ആദ്യമായി ഷൂട്ടിങ് സെറ്റിലേക്ക് കാണാന്‍ വന്നത് കൊണ്ട് തന്നെ ആരോട് ചാന്‍സ് ചോദിക്കണം എന്ന കാര്യത്തില്‍ വലിയ ആശങ്കയുണ്ടായിരുന്നു. എറണാകുളം ഷേണായീസ് തീയേറ്ററിന് സമീപമുള്ള ഒരു ചെറിയ പള്ളിയില്‍ വച്ചായിരുന്നു സിനിമയിലെ പ്രധാനഭാഗത്തിന്റെ ഷൂട്ടിങ്. എന്നും കുളിച്ച് കുട്ടപ്പനായി സിനിമയുടെ ഷൂട്ടിംഗ് കാണാന്‍ പോകും.

ഒരു ദിവസം ഷൂട്ടിംഗ് കാണാന്‍ ചെന്നപ്പോള്‍ വളരെ വൃത്തിയായി വസ്ത്രം ധരിച്ച് ചന്ദനക്കുറിയണിഞ്ഞ് ഒരു മാന്യനായ വ്യക്തിയെ സെറ്റില്‍ കണ്ടുമുട്ടി. എല്ലാ ദിവസവും ടിയാന്‍ അവിടെ ഹാജരായിരുന്നു. അയാളായിരിക്കും സെറ്റിലെ മെയിന്‍ പുള്ളി എന്ന് കരുതി ഒരൊറ്റ ചോദ്യം
‘സാറേ’
‘ഉം..ന്താ’?
‘എനിക്ക് ഇതില് അഭിനയിക്കാന്‍ വല്ല ചാന്‍സും കിട്ട്വോ’?
ചോദ്യം കേട്ടതും അയാള്‍ ഒറ്റച്ചാട്ടം
‘ഒന്ന് പോയേടോ..ഒരു ചെറിയ റോളും നോക്കി മനുഷ്യന്‍ ഇവിടെ കാവല് നില്‍ക്കാന്‍ തുടങ്ങീട്ട് ആഴ്ച ഒന്നായി. അപ്പോഴാ അവന്റെ ഒരു ചാന്‍സ്’
അതൊരു തുടക്കം മാത്രമായിരുന്നു. അലച്ചില്‍ പിന്നീട് ഒരു ശീലമായി. എവിടെ ഷൂട്ടിംഗ് ഉണ്ടോ. അവിടെ ജോജുവുമുണ്ട് എന്ന സ്ഥിതിവിശേഷം. സിനിമയുമായി ബന്ധമുള്ള ആരെ കണ്ടാലും ഓടിപ്പോയി ചോദിക്കും.
‘സര്‍..അഭിനയിക്കാന്‍ ഒരു ചാന്‍സ്’
അഭിനയിക്കാന്‍ ചാന്‍സില്ല എന്ന് അറുത്ത് മുറിച്ചവര്‍ പറയുമ്പോള്‍ ഉടനെ അടുത്ത ചോദ്യം.
‘എന്നാല്‍ ഞാന്‍ അസിസ്റ്റന്റ് ആകാം സര്‍’
അതിനും വേറെ ആളുണ്ടെന്ന മറുപടി ലഭിക്കുമ്പോള്‍ ഉടന്‍ വേറെ എന്തെങ്കിലും ആകാമെന്ന് പറയും. ഒടുവില്‍ എന്തെങ്കിലും പണി കൊടുത്ത് എങ്ങനേലും ഒഴിവാക്കി വിട് എന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നത് വരെ നീളുന്ന സുദീര്‍ഘമായ ക്യാന്‍വാസിങ്.

മാളയിലെ ചെറിയ വീടിന്റെ സുഖശീതളിമയില്‍ വിരാജിച്ച ചെറുപ്പക്കാരന്‍, അങ്ങനെ സിനിമയോടുള്ള കമ്പം മൂത്ത് പൊള്ളാച്ചിയില്‍ തുറസ്സായ ടെറസില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പവും നാടോടികള്‍ക്കൊപ്പവും പായ വിരിച്ച് ആകാശം നോക്കിക്കിടന്നു. 100 ദിവസം തുടര്‍ച്ചയായി ജോലി ചെയ്തിട്ടും പലപ്പോഴും കിട്ടിയത് 1000ത്തിന് അടുത്ത് രൂപ മാത്രം!

അതിനിടയില്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഹോട്ടല്‍ മാനേജ്മെന്റ് പഠിച്ചു. പഠിച്ച കോഴ്‌സിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ 6 മാസത്തെ ട്രെയിനിങ് സെഷന് നിര്‍ബന്ധമായും പങ്കെടുക്കേണ്ടതുണ്ട്. ഗോവയിലായിരുന്നു ട്രെയിനിങ്. അങ്ങനെ ബാഗ് നിറയെ ഡ്രസ്സും കൃത്യം 6000 രൂപയുമായി ഗോവയ്ക്കുള്ള ട്രെയിന്‍ കാത്തുനിന്നു.

ഗോവയിലേക്കുള്ള ട്രെയിന്‍ കാത്ത് നിന്ന ജോജുവിന്റെ മുമ്പില്‍ ആദ്യമെത്തിയത് തെന്നിന്ത്യന്‍ സിനിമയുടെ തട്ടകമായ ചെന്നൈയിലേക്കുള്ള ട്രെയിന്‍. നാടകീയമായ മറ്റൊരധ്യായത്തിന് അന്നവിടെ തുടക്കം കുറിച്ചു. സിനിമയില്‍ വിജയിച്ചവരുടെ കഥ കേട്ട് ആവേശം മൂത്ത് ടിക്കറ്റ് പോലും എടുക്കാതെ നേരെ പോയത് ചെന്നൈയിലേക്ക്!

തമിഴിലെ പ്രശസ്തരായ സംവിധായകരെയെല്ലാം കാണാന്‍ പോയി. ഗൗതം മേനോന്റെയും ബാലയുടെയും സെറ്റില്‍ കറങ്ങി നടന്നു..’സില്ലിന് ഒരു കാതല്‍’ സംവിധായകന്‍ എന്‍.കൃഷ്ണയുടെ സിനിമാ സെറ്റിലും പോയി നോക്കി. എവിടെയും രക്ഷയുണ്ടായില്ല. നിരാശ തന്നെ ഫലം.
മൂന്ന് മാസത്തിന് ശേഷം കയ്യിലെ കാശ് പൂര്‍ണമായും തീര്‍ന്നപ്പോള്‍ നാട്ടിലേക്ക് വച്ചു പിടിച്ചു. നാട്ടിലെത്തിയ ശേഷവും അഭിനയമോഹത്തിന് കുറവൊന്നുമുണ്ടായില്ല. സിനിമാസെറ്റിലെ കറക്കം പതിവ് പല്ലവിയായി.

ഹോട്ടല്‍ മാനേജ്മെന്റ് പഠിച്ച, കാനഡയില്‍ ജോലി ശരിയാക്കി വച്ച തങ്ങളുടെ മകന്‍ സിനിമമോഹം മൂത്ത്, ജീവിതം മറന്നു പോകുന്നത് കണ്ടപ്പോള്‍ വീട്ടുകാര്‍ക്ക് സഹിച്ചില്ല. കാര്യമായ എന്തോ മാനസികപ്രശ്നം മകനുണ്ടെന്ന് തന്നെ അവര്‍ ഉറപ്പിച്ചു. സഹോദരനോട് അയാളെ കൊണ്ടുപോയി ഒരു സൈക്ക്യാട്രിസ്റ്റിനെ കാണിക്കാന്‍ പറഞ്ഞു. അങ്ങനെ സൈക്ക്യാട്രിസ്റ്റിന്റെ അടുത്ത് പോയി. പരിശോധിച്ചു കഴിഞ്ഞപ്പോള്‍ സൈക്ക്യാട്രിസ്റ്റ് ഒരു കാര്യം മാത്രം ഉറപ്പിച്ചു പറഞ്ഞു. ‘ഒന്നുകില്‍ ഇയാള്‍ സിനിമയില്‍ വിജയിക്കും. അല്ലെങ്കില്‍ ഒരു മുഴുവട്ടനായി തീരും.’

സിനിമയില്‍ ആദ്യമായി മുഖം കാണിക്കാന്‍ തന്നെ ഒത്തിരിയേറെ കഷ്ടപ്പെട്ടു. റഹ്മാന്‍ നായകനായി അഭിനയിച്ച്. സിദ്ധിഖ് ഷമീര്‍ സംവിധാനം ചെയ്ത ‘മഴവില്‍ക്കൂടാരം’ എന്ന സിനിമയിലാണ് ആദ്യമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിക്കുന്നത്. മിന്നായം പോലൊരു ഷോട്ട് മാത്രം.
ഇന്‍ഡിപ്പെന്‍ഡന്‍സ് ചെയ്തതോട് കൂടി വിനയനുമായി സൗഹൃദമായി. പിന്നീട് വിനയന്റെ എല്ലാ സിനിമകളിലും അക്കാലത്ത് അഭിനയിച്ചു.

ചെറുറോളുകള്‍ ആണെങ്കില്‍ പോലും പിച്ചവെച്ചത് തുടങ്ങിയത് വിനയന്‍ സിനിമകള്‍ വഴിയായിരുന്നു. ഇന്‍ഡിപ്പെന്‍ഡന്‍സിന് ശേഷം, ദാദാ സാഹിബ്, രാക്ഷസ രാജാവ്, വാര്‍ ആന്‍ഡ് ലൗ സിനിമകളിലും അപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സിനിമയില്‍ ആദ്യമായി ഡയലോഗ് പറയാന്‍ അവസരം ലഭിച്ചതും വിനയന്‍ സിനിമയിലായിരുന്നു(ദാദാ സാഹിബ്).

ആദ്യമായി ഒരു മുഴുനീളവേഷം ചെയ്യുന്നത് ലാല്‍ ജോസിന്റെ പട്ടാളത്തിലാണ്. നടന്‍ ബിജു മേനോന്റെ ശുപാര്‍ശയിലാണ് പട്ടാളത്തില്‍ അവസരം ലഭിച്ചത്. അന്ന് തുടങ്ങിയ ബന്ധമാണ് ബിജു മേനോനുമായി. ജീവിതത്തില്‍ പ്രതിസന്ധികള്‍ പലത് ഉണ്ടായപ്പോഴും കൂടെ നിന്ന സിനിമാക്കാരില്‍ ഏറ്റവും പ്രമുഖന്‍ ബിജു മേനോനാണ്. സിനിമയില്‍ ഒന്നുമല്ലാതിരുന്ന കാലത്ത് സഹോദരിയുടെ കല്യാണത്തിന് സാമ്പത്തികമായി സഹായിച്ചതുള്‍പ്പടെ ആ സ്‌നേഹവായ്പുകള്‍ താങ്ങും തലോടലുമായി ജോജുവിനൊപ്പം നിന്നു.

നാച്ചുറല്‍ ആക്ടിങ് ആണ് നിന്റേതെന്നും ഇത് തന്നെ തുടര്‍ന്നാല്‍ മതിയെന്നും സംവിധായകന്‍ ലാല്‍ ജോസ് പ്രോത്സാഹിപ്പിച്ചതും ഈ സിനിമയുടെ ചിത്രീകരണവേളയില്‍ ആയിരുന്നു. ആദ്യമായി പോസ്റ്ററില്‍ പടം വന്നതും പട്ടാളത്തില്‍ തന്നെ. പട്ടാളത്തിന് ശേഷം മമ്മൂട്ടിയുടേത് ഉള്‍പ്പെടെയുള്ള നിരവധി സിനിമകളില്‍ അഭിനയിച്ചു. അഭിനയം കണ്ടിഷ്ടപ്പെട്ടിട്ടാകണം വജ്രം,ബ്ലാക്ക് എന്നീ സിനിമകളിലേക്ക് നേരിട്ട് ക്ഷണിച്ചത് മമ്മൂട്ടി തന്നെയായിരുന്നു.

പിന്നീട്, ഫ്രീഡം, ഫിംഗര്‍പ്രിന്റ്, ചാന്ത്‌പൊട്ട്, വാസ്തവം, ഡിറ്റക്ടീവ്, നാദിയ കൊല്ലപ്പെട്ട രാത്രി എന്നിങ്ങനെ ഇഷ്ടം പോലെ സിനിമകള്‍. 2010ല്‍ പുറത്തിറങ്ങിയ ബെസ്റ്റ് ആക്ടറിലൂടെ ജോജുവിലെ നടന്റെ യഥാര്‍ത്ഥ സ്പാര്‍ക്ക് ആദ്യമായി പ്രേക്ഷകന്‍ കണ്ടു. കരിയര്‍ ഗ്രാഫില്‍ വലിയൊരു മാറ്റം സംഭവിച്ചത് 2013/14 കാലത്ത് ആയിരുന്നു.

2013ല്‍ പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന സിനിമയിലൂടെ ലാല്‍ ജോസ് വീണ്ടുമൊരു ബ്രേക്ക് നല്‍കി. സിനിമയിലെ ‘സുകു’ എന്ന കഥാപാത്രം ആദ്യമായി വഴിത്തിരിവായി. സിനിമ പ്രേമികള്‍ക്കിടയില്‍ ജോജു ശ്രദ്ധേയനായി. പക്ഷേ പരീക്ഷണങ്ങള്‍ പിന്നെയും തുടര്‍ന്നുകൊണ്ടിരുന്നു.

പ്രതിസന്ധികള്‍ ഒന്നൊഴിയാതെ വന്നുകൊണ്ടിരുന്നു. അവസരങ്ങള്‍ നിഷേധിക്കപ്പെട്ടു. വീട്ടിലെ സാമ്പത്തിക സ്ഥിതിയും നാള്‍ക്കുനാള്‍ മോശമായതോടെ സിനിമയെന്ന സ്വപ്നത്തെ പാതിവഴിയില്‍ ഉപേക്ഷിച്ച് കാനഡയില്‍ ജോലിക്ക് പോകാന്‍ തന്നെ ഒരുങ്ങി. ആയിടെയാണ് ‘രാജാധിരാജ’ എന്ന ചിത്രത്തിലേക്ക് മമ്മൂട്ടി മുന്‍കൈ എടുത്ത് അവസരം ലഭിക്കുന്നത്.

എന്നാല്‍ അവഗണന അവിടെയും തുടര്‍ന്നു. അയ്യപ്പന്‍ എന്ന കഥാപാത്രം അവതരിപ്പിക്കാന്‍ യോഗ്യനല്ലെന്ന അണിയറയിലെ ചിലരുടെ കുത്തുവാക്കുകളും അസ്വാരസ്യങ്ങളും ജോജുവിനെ മാനസികമായി തളര്‍ത്തി. എന്നാല്‍ ജോജുവിന്റെ അവസ്ഥ ആദ്യന്തം മനസ്സിലാക്കിയ മമ്മൂട്ടി ആ സിനിമയില്‍ ജോജുവിനെ തന്റെ കംഫര്‍ട്ട് സോണില്‍ തന്നെ കൂടെ നിര്‍ത്തി.

ആ കഥാപാത്രത്തിന് ലഭിച്ച സ്വീകാര്യത ജോജുവെന്ന നടന്റെ വളര്‍ച്ചയെ അടയാളപ്പെടുത്തുന്ന ഒന്നായിരുന്നു. കഥ ആരംഭിക്കുകയായിരുന്നു.  നിരവധി കഥാപാത്രങ്ങള്‍,പുരസ്‌ക്കാരങ്ങള്‍, അംഗീകാരങ്ങള്‍. ഒരു ‘സെക്കന്‍ഡ് ക്ലാസ് യാത്ര, ലുക്കാ ചിപ്പി എന്നീ ചിത്രത്തിലെ അഭിനയത്തിന് 2015ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തില്‍ പ്രത്യേക പരാമര്‍ശം ലഭിച്ചതാണ് അഭിനയത്തിന് ലഭിച്ച ആദ്യ അംഗീകാരം. ജോസഫ് എന്ന ചിത്രത്തിലെ നായക കഥാപാത്രത്തിന് മികച്ച സ്വഭാവനടനുള്ള സംസ്ഥാന പുരസ്‌ക്കാരവും ലഭിച്ചു.

പിന്നെ നടന്നതും ഇപ്പോള്‍ നടക്കുന്നതുമെല്ലാം ചരിത്രം. വില്ലനാകട്ടെ, പരുക്കനാകട്ടെ, തമാശറോളുകള്‍ ആകട്ടെ. വൈവിധ്യമാര്‍ന്ന ഏത് വേഷവും തനത് മികവോട് കൂടി അവതരിപ്പിക്കാനുള്ള ജോജുവിന്റെ കഴിവ് ശ്രദ്ധേയം. ഏത് റോളും സുഭദ്രം. ആക്ഷന്‍ ഹീറോ ബിജു, കസിന്‍സ്, പുള്ളിപ്പുലിയുള്‍പ്പടെയുള്ള സിനിമകളിലെ മികവുറ്റ ഹാസ്യവേഷങ്ങള്‍. ജോസഫില്‍ കണ്ട ജോജുവിനെയല്ല ചോലയില്‍ പ്രേക്ഷകര്‍ കണ്ടത്. ചോലയില്‍ കണ്ട ജോജുവിനെയല്ല പൊറിഞ്ചു മറിയം ജോസില്‍ കണ്ടത്.

എഴുതിത്തള്ളിയെന്ന് സകലരും കരുതിയിടത്ത് നിന്ന് ഇന്നയാള്‍ ജീവിതം കരുപ്പിടിപ്പിച്ചു. ജോജു ജോര്‍ജ് എന്ന വ്യക്തി ഇപ്പോള്‍ സിനിമയിലും ജീവിതത്തിലും ഒരുപോലെ വിജയിച്ച വ്യക്തിയാണ്.

ചില ചെടികളുണ്ട്, ഇനിയൊരിക്കലും ഉയര്‍ന്ന് പൊന്തില്ലെന്ന് ചുറ്റുമുള്ള സകലതിനെയും ബോധപൂര്‍വ്വം വിശ്വസിപ്പിക്കുന്ന ചില ചെടികള്‍. അതിജീവനം കൊണ്ട് മാത്രം വളരുകയും, ഒടുക്കം തളിര്‍ത്ത് പൂവിട്ട ശേഷം പടര്‍ന്ന് പന്തലിക്കുകയും ചെയ്യുന്ന ചെറിയ ചില കുറ്റിച്ചെടികള്‍.
ജോജു അങ്ങനെയാണ്.

എരിഞ്ഞൊടുങ്ങിയെന്ന് ചുറ്റുമുള്ള സകലരെയും ബോധപൂര്‍വ്വമോ അല്ലാതെയോ തെറ്റിദ്ധരിപ്പിച്ച ശേഷം ഫീനിക്‌സ് പക്ഷിയെ അനുസ്മരിപ്പിക്കുമാറുള്ള തിരിച്ചുവരവ്. ഒന്നുമില്ലായ്മയില്‍ നിന്ന് വിജയഗാഥയുടെ പുതിയ വാതായനങ്ങള്‍ തേടി അയാള്‍ പാറിപ്പറക്കുമ്പോള്‍, ആ ജീവിതത്തിന്.. അദ്ദേഹം നെയ്ത മേച്ചില്‍പ്പുറങ്ങള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ ഐതിഹാസികമാനമാണ് കൈവരുന്നത്.

ഇത് വരെയും നല്ല രീതിയില്‍ ജീവിക്കാന്‍ കഴിഞ്ഞതിലും, നല്ലൊരപ്പന്റെയും അമ്മയുടെ മോശമല്ലാത്ത മകനാകാന്‍ കഴിഞ്ഞതിലും, ഒരുപാട് സ്‌നേഹമുള്ളൊരു അനുജന്റെയും പെങ്ങളുടെയും മൂത്ത സഹോദരനാകാന്‍ കഴിഞ്ഞതിലും, ഇവാന്റെയും ഇയാന്റെയും സാറയുടെയും പ്രിയപ്പെട്ട അച്ഛനാകാന്‍ കഴിഞ്ഞതിലും, അബയുടെ പ്രിയപ്പെട്ട ഭര്‍ത്താവാകാന്‍ കഴിഞ്ഞതിലും ഇന്ന് അയാള്‍ നന്ദി പറയുന്നത് അയാളോട് തന്നെയാണ്.

കാരണം, അര്‍പ്പണബോധവും കഠിനാധ്വാനവും മാത്രമായിരുന്നു അയാളില്‍ സ്വന്തമായി ഉണ്ടായിരുന്ന ഏകമൂലധനം. മലയാളസിനിമയിലെ ഏറ്റവും മൂല്യമുള്ള താരങ്ങളില്‍ ഒരാള്‍ എന്ന ആഡംബരം കയ്യാളുന്ന നേരത്തും പച്ചമനുഷ്യനായി മാത്രം സിനിമക്കകത്തും പുറത്തും നിലനില്‍ക്കുന്ന ജോജുവിനെ കാണാം. നേരിടേണ്ടി വന്ന കഷ്ടതകളും അവഗണനകളും ഒത്തിരിയുണ്ടെന്ന് പല അഭിമുഖങ്ങളിലും ജോജു തന്നെ നിസ്സാരമായി പറഞ്ഞിട്ടുണ്ട്. അതിനെയെല്ലാം എത്ര ലാഘവത്തോടെയാണ് ഇന്നയാള്‍ സമീപക്കുന്നതെന്ന് കേട്ടാല്‍, അത് വിജയം ആഗ്രഹിക്കുന്ന ഏതൊരു ചെറുപ്പക്കാരനും പകര്‍ന്ന് നല്‍കുന്നത് വലിയ ഉത്തേജനമാണ്.

ഒരു ചെറിയ പുഞ്ചിരി കൊണ്ട്, ഒരു ചെറിയ സംഭാഷണശകലം കൊണ്ട് ലോകത്തെ മുഴുവന്‍ സന്തോഷങ്ങളേയും ഒന്നൊഴിയാതെ വാരിപ്പുണരാന്‍ കൊതിക്കുന്ന പ്രിയപ്പെട്ട നടന്‍, വലിയ മനുഷ്യന്‍ ജോജുവേട്ടന്‍…

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Joju George, a detailed article on the actor’s life, roles, career, movies and struggles in Malayalam film industry