1989ല്‍ മമ്മൂട്ടിയെ നായകനാക്കി ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രമാണ് മൃഗയ. ചിത്രത്തിന്റെ സെറ്റില്‍ വെച്ച് മമ്മൂട്ടി പിണങ്ങി പോയതിനെക്കുറിച്ച് പറയുന്ന ജയറാമിന്റെ ഒരു പഴയ വീഡിയോ ഇപ്പോള്‍ വീണ്ടും ശ്രദ്ധനേടുകയാണ്.
പുലിയുമൊത്തുള്ള സീന്‍ ഷൂട്ട് ചെയ്യുന്നതിന് മുമ്പ് പുലിയെ കാണാനായി മമ്മൂട്ടി സെറ്റിലെത്തിയിരുന്നെന്നും പുലി വളരെ പാവമാണെന്ന് കൊണ്ടുവന്നവര്‍ മമ്മൂട്ടിയോട് പറഞ്ഞുവെന്നും ജയറാം പറഞ്ഞു. എന്നാല്‍ മമ്മൂട്ടിക്ക് വിശ്വാസമായില്ലെന്നും പുലിയെ തുറന്ന് കാണിക്കാന്‍ ആവശ്യപ്പെട്ടെന്നും ജയറാം പറഞ്ഞു.
പുറത്ത് വന്ന പുലി ഉടമ വിളിച്ചത് കേള്‍ക്കാതെ ലൊക്കേഷനിലെ ആടിനെ പിടിച്ച് തിന്നുവെന്നും ഇതു കണ്ടിട്ട് അഭിനയിക്കില്ലെന്ന് പറഞ്ഞ് മമ്മൂട്ടി പോയെന്നും ജയറാം പറഞ്ഞു.
”സിനിമയുടെ സെറ്റില്‍ വന്നിട്ട് ഫസ്റ്റ് ഡേ മമ്മൂക്ക പിണങ്ങി പോയ ഒരു കഥ എനിക്ക് അറിയാം. മൃഗയയുടെ ഷൂട്ടിങ്ങില്‍ ഫസ്റ്റ് ഡേ പുള്ളി സെറ്റില്‍ ചെന്നത് പുലി എങ്ങനെയുണ്ടെന്ന് അറിയാന്‍ വേണ്ടിയായിരുന്നു.
മമ്മൂട്ടി ദുരെ നിന്ന് കൊണ്ട് പുലിയെക്കുറിച്ച് ചോദിച്ചു. ഒന്നും ചെയ്യില്ല സാര്‍, അഴിച്ച് വിട്ടാല്‍ കുട്ടികളെ പോലെ അടുത്ത് വന്ന് കളിക്കുമെന്ന് പുലിയുടെ ഉടമ പറഞ്ഞു. സെറ്റില്‍ ഒരു ആടിനെ ദുരെ ഷൂട്ടിങ്ങിന് വേണ്ടിയിട്ട് കെട്ടിയിട്ടുണ്ടായിരുന്നു. പുലിയെ തുറന്ന് വിട്ടാല്‍ ആടിനെ പിടിക്കുന്ന സീനാണ് ഷൂട്ട് ചെയ്യേണ്ടത്.
അഭിനയിക്കാന്‍ നില്‍ക്കാതെ ആദ്യം പുലിയെ ഒന്ന് അഴിച്ച് വിടാന്‍ മമ്മൂക്ക പറഞ്ഞു. മമ്മൂക്ക മാറി റെഡിയായി നിന്നു. ഗോവിന്ദരാജ് വിളിച്ചിട്ട് പുലി അടുത്തേക്ക് വന്നില്ല. കെട്ടിയിട്ട ആടിനെ രണ്ട് വലി വലിച്ച് പീസാക്കിയ പുലിയെയാണ് പിന്നെ എല്ലാരും കാണുന്നത്. അതിനെ നിലത്തിട്ട് കുടഞ്ഞ് പുലി വലിച്ച് കൂട്ടിലേക്ക് കൊണ്ടുപോയി. എന്റെ പട്ടി അഭിനയിക്കുമെന്ന് പറഞ്ഞ് മമ്മൂക്ക ദേഷ്യപ്പെട്ട് സെറ്റില്‍ നിന്ന് പിണങ്ങി പോയി,” ജയറാം പറഞ്ഞു.
മമ്മൂട്ടിക്കൊപ്പം സുനിത, തിലകന്‍, ജഗതി ശ്രീകുമാര്‍, ഉര്‍വശി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ചിത്രത്തിലെ നിരവധി രംഗങ്ങളില്‍ അഭിനയിച്ച പുലിയെ മൃഗ പരിശീലകനായ ഗോവിന്ദരാജന്‍ നായിഡുവാണ് നല്‍കിയത്. പുലിയുമായുള്ള ക്ലൈമാക്‌സ് ഫൈറ്റ് സീന്‍ ഡ്യൂപ്പില്ലാതെയാണ് മമ്മൂട്ടി ചെയ്തതെന്ന് പിന്നീട് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.