ജയനെ കൊന്നതാണ്, ആരാണ് എല്ലാം ഒതുക്കിത്തീര്‍ത്തത് ?
DISCOURSE
ജയനെ കൊന്നതാണ്, ആരാണ് എല്ലാം ഒതുക്കിത്തീര്‍ത്തത് ?
ലിജീഷ് കുമാര്‍
Saturday, 12th September 2020, 4:40 pm

ഒരു കൊല്ലം മുമ്പാണ് ചെന്നൈയില്‍ വെച്ച് മേക്കപ്പ്മാന്‍ പാണ്ഡ്യനെ കാണുന്നത്. അനിലേട്ടനും തോബിയാസേട്ടനും ഞാനും, എ.വി.എം സ്റ്റുഡിയോയ്ക്ക് മുന്നിലെ ഞങ്ങളുടെ ഹോട്ടലിലേക്ക് പാണ്ഡ്യന്‍ ചേട്ടന്‍ വരികകയായിരുന്നു. ഞാനുണ്ടാവുന്നതിന് മുമ്പ് എന്റെ തീയേറ്ററില്‍ പാണ്ഡ്യന്‍ എന്ന പേരുണ്ട്. അറിയാനാഗ്രഹമുള്ള പലരെക്കുറിച്ചും പലതും ഞാന്‍ ചോദിച്ചു, അയാളുടെ മറുപടിക്കഥകള്‍ കേട്ടിരുന്നു.

അതിനും മുമ്പുള്ള ചെന്നൈ യാത്രയിലാണ് ഞാനാദ്യമായി ജയഭാരതിയുടെ വീട്ടില്‍ പോകുന്നത്. അതിന്റെ ഓര്‍മ്മകള്‍ പങ്കു വെക്കുന്നതിനിടെ ഞങ്ങളുടെ സംസാരത്തിലേക്ക് അപ്രതീക്ഷിതമായി ജയന്‍ കയറി വന്നു. ജയന്റെ അമ്മാവന്റെ മകളായിരുന്നു ജയഭാരതി. 6 കൊല്ലമേ അയാളാകെ ജീവിച്ചിട്ടുള്ളൂ. പക്ഷേ, സിനിമയെ നെഞ്ചേറ്റിയ ദേശങ്ങളിലും മനുഷ്യരിലുമെല്ലാം അന്നുമിന്നും അയാളുണ്ട്. പറഞ്ഞു പറഞ്ഞ് പാണ്ഡ്യന്‍ ചേട്ടന്‍ മറ്റെങ്ങോട്ടൊക്കെയോ പോയി, അക്കഥകളൊന്നും ഞാന്‍ പക്ഷേ കേട്ടില്ല. ജയനിലുടക്കി ഞാനവിടെ നിന്നു പോവുകയായിരുന്നു.

എ.വി.എം. സ്റ്റുഡിയോയിലെ ഫ്‌ളോറുകളിലൂടെ നടക്കുമ്പോള്‍ ഞാന്‍ ജയനെ കണ്ടു. എന്റെ ജയനെ, തമിഴരുടെ ജയനെ രജനീകാന്തുള്‍പ്പെടെയുള്ള തമിഴ് ദേശത്തിന്റെ സ്‌റ്റൈല്‍ മന്നന്മാര്‍ക്കെല്ലാം ജയനന്ന് നായകനായിരുന്നു. തമിഴകത്തിന്റെ പുരൈട്ചി തലൈവര്‍ എം.ജി.ആറിന് പക്ഷേ അങ്ങനായിരുന്നില്ല. അക്കഥയാണ് പറയാന്‍ പോകുന്നത്. കഥയും കഥാപാത്രങ്ങളും സാങ്കല്പികമല്ല.

ഇന്ത്യന്‍ നാവിക സേനയിലെ സമര്‍ത്ഥനായ ചീഫ് പെറ്റി ഓഫീസര്‍ കൃഷ്ണന്‍ നായര്‍ തന്റെ 35 ആം വയസ്സിലാണ് ജയനാവുന്നത്, കൊല്ലം – 1974. അന്നു മുതല്‍ 1980 വരെയുള്ള ആറു വര്‍ഷക്കാലം, അതായിരുന്നു ജയന്‍ ജീവിച്ച കാലം. മരിക്കുമ്പോള്‍ അയാള്‍ക്ക് 6 വയസ്സായിരുന്നു. ‘പൂട്ടാത്ത പൂട്ടുകള്‍’ എന്ന തമിഴ്ചിത്രമുള്‍പ്പെടെ നൂറ്റിപതിനാറ് ചിത്രങ്ങളില്‍ ഈ 6 വര്‍ഷം കൊണ്ട് ജയനഭിനയിച്ചു.

അങ്ങനെയൊരു ചരിത്രം മറ്റാര്‍ക്ക് പറയാനുണ്ടാകും. ജയനെന്ന ആവേശത്തെ, ജയനെന്ന ആരവത്തെ സൃഷ്ടിക്കുന്നത് 1979 ല്‍ പുറത്ത് വന്ന ശരപഞ്ജരമാണ്. പിന്നെ ഒരൊറ്റ വര്‍ഷമേ അയാള്‍ ജീവിച്ചിട്ടുള്ളൂ, 1980 ല്‍. അക്കൊല്ലമാണ് അങ്ങാടി, അക്കൊല്ലമാണ് കരിമ്പന, അക്കൊല്ലമാണ് മീന്‍, അക്കൊല്ലമാണ് മൂര്‍ഖനും കാന്തവലയവും ബെന്‍സ് വാസുവും ലവ് ഇന്‍ സിംഗപ്പൂരുമെല്ലാം. അക്കൊല്ലമായിരുന്നു കോളിളക്കവും. അയാള്‍ ഹീറോയായി ജീവിച്ച ഒരൊറ്റക്കൊല്ലമേയുള്ളൂ, 1980 എന്ന ആ ഒറ്റക്കൊല്ലത്തെ ജീവിതമാണ് 40 വര്‍ഷങ്ങള്‍ക്കപ്പുറവും നാം കണ്ടു കൊണ്ടിരിക്കുന്ന ജയന്‍. ആ കൊല്ലം അവസാനിച്ചു ജയനെന്ന താരാധിപന്‍. എന്നിട്ടും അതൊരപകട മരണമാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ ?

കോളിളക്കം എന്ന ഒരു സിനിമയല്ല ജയന്റെ മരണ കാരണം. കോളിളക്കം ഒരു സിനിമ പോലുമല്ലെന്നാണ് എന്റെ തോന്നല്‍. ഒരു കൊല്ലം നീണ്ട കോളിളക്കങ്ങളുടെ അവസാനമായിരുന്നു അത്. മലയാള സിനിമാ ചരിത്രത്തിലെ സൂപ്പര്‍ ഹിറ്റ് ചാര്‍ട്ടില്‍ എക്കാലത്തും കാണാവുന്ന പടം, ലവ് ഇന്‍ സിംഗപ്പൂരോടെയാണ് അത് തുടങ്ങിയത്. മാഡലിന്‍ ടോ എന്ന സിംഗപ്പൂരുകാരിയെ മലയാള സിനിമ ആദ്യമായി കണ്ട പടമാണത്. സംവിധാനം – ബേബി. തെന്നിന്ത്യയ്ക്ക് അന്ന് പ്രിയങ്കരിയായിരുന്ന തമിഴ് നടി ലതയായിരുന്നു ലവ് ഇന്‍ സിംഗപ്പൂരിലെ നായിക.

തായ്ലന്‍ഡ്, സിംഗപ്പൂര്‍, മലേഷ്യ, ഹോങ്കോംഗ്, ജപ്പാന്‍ തമിഴ് സിനിമ ലോകം ചുറ്റി ഷൂട്ട് ചെയ്ത എം.ജി.ആര്‍ പടം ഉലകം ചുറ്റും വാലിബനിലെ നായികയായിരുന്നു ലതയുടെ സിനിമാ പ്രവേശം. അന്നു മുതല്‍ സൗത്ത് ഇന്ത്യന്‍ കച്ചവട സിനിമയുടെ തലപ്പത്ത് ലതയുടെ പേരുണ്ട്. വെറും ലതയായല്ല, എം.ജി.ആര്‍.ലത എന്ന പേരില്‍. ഏത് നായികയും കൊതിക്കുന്ന ആ മൂന്നക്ഷര വിലാസം അവള്‍ക്ക് ചാര്‍ത്തിക്കിട്ടുകയായിരുന്നു. ലത പക്ഷേ അതാഗ്രഹിച്ചിരുന്നില്ല.

‘ഞാന്‍ എം.ജി.ആറിന്റെ ലതയല്ല’ എന്ന് അവളാദ്യം പറയുന്നത് ജയനോടാണ്. അന്നു മുതലാണ് കോളിളക്കങ്ങള്‍ ആരംഭിക്കുന്നത്. ലവ് ഇന്‍ സിംഗപ്പൂര്‍ മുതല്‍ തെന്നിന്ത്യന്‍ സിനിമ കണ്ടത് മറ്റൊരു ലതയെയാണ്. ഉലകം ചുറ്റും വാലിബനില്‍ നിന്നും അവള്‍ ജയനിലേക്ക് വഴി തേടി. ഒരുപാട് നായികമാര്‍ അയാളെ മോഹിച്ചിരുന്നു. എല്ലാത്തില്‍ നിന്നും വഴിമാറി നടന്നിരുന്നു ജയന്‍. അതു പക്ഷേ ലതയില്‍ എത്താനായിരുന്നിരിക്കണം. ഞാന്‍ നിന്നെ വിവാഹം കഴിക്കുമെന്ന് അയാള്‍ ലതയ്ക്ക് വാക്കുകൊടുത്തു. പിന്നെ ഇന്‍ഡസ്ട്രി കണ്ടത്, അന്നോളം കണ്ട കോളിളക്കങ്ങളല്ല.

പാംഗ്രോ ഹോട്ടലില്‍ ജയനെ അടിക്കാന്‍ എം.ജി.ആറിന്റെ ഗുണ്ടകള്‍ വന്നു. അയച്ചത് എം.ജി.ആറാണെന്നും, അവസാനിപ്പിച്ചു കളയുമെന്നും ഭീഷണിപ്പെടുത്തി. അഭിനയം അവസാനിച്ചാലും ലതയെ കെട്ടുമെന്ന് ജയന്‍ മറുപടി പറഞ്ഞു. അവസാനിക്കുക അഭിനയ ജീവിതമാണെന്ന് അയാള്‍ വിചാരിച്ചു കാണും.

തെന്നിന്ത്യന്‍ സിനിമയെ ഇളക്കി മറിച്ചു കൊണ്ട് ആ പ്രേമം പൂത്തു. ലതയുടെ വീട്ടില്‍ ജയന്‍ വന്ന ദിവസങ്ങളിലെല്ലാം ഒരു വലിയ കോളിളക്കം സിനിമാ ഇന്‍ഡസ്ട്രി പ്രതീക്ഷിച്ചിരുന്നു. പലരും പിന്തിരിപ്പിക്കാന്‍ നോക്കി. ഈ കല്യാണമെങ്ങാനും നടന്നാല്‍ പിന്നെ മദ്രാസില്‍ കാലുകുത്താന്‍ കഴിയില്ല എന്ന് വരെ പറഞ്ഞു നോക്കി സ്റ്റണ്ട് മാസ്റ്റര്‍ ത്യാഗരാജന്‍. എന്തുസംഭവിച്ചാലും ലതയ്‌ക്കൊപ്പം ജീവിക്കുമെന്ന് അയാള്‍ മറുപടി പറഞ്ഞു.

പിന്നെ സിനിമ കേട്ടത് അയാളുടെ മരണ വാര്‍ത്തയാണ്. തമിഴ്‌നാട്ടില്‍ വെച്ച് തന്നെയാണ് അത് സംഭവിച്ചതും. മദ്രാസിനടുത്തെ ഷോളാവാരം എയര്‍സ്ട്രിപ്പില്‍ വെച്ച്. കോളിളക്കത്തിന്റെ ക്ലൈമാക്സ്, ജയന്റെ ജീവിതത്തിന്റെയും ക്ലൈമാക്‌സായിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് വാടകക്കെടുത്ത ഹെലിക്കോപ്റ്റര്‍ ബാലന്‍സ് തെറ്റി തറയിലിടിച്ചാണ് ജയന്‍ മരിക്കുന്നത്.

സിംഹത്തോടും കാട്ടാനയോടും നേരിട്ട് ഏറ്റുമുട്ടിയിരുന്ന മനുഷ്യന്‍, ക്രെയിനില്‍ തൂങ്ങി ആകാശത്തേക്ക് പൊങ്ങിപ്പോകുമായിരുന്ന മനുഷ്യന്‍, കൂറ്റന്‍ ഗ്ലാസ് ഡോറുകള്‍ തകര്‍ത്തു പറന്നു വരുമായിരുന്ന മനുഷ്യന്‍, കെട്ടിടങ്ങളുടെ മേലെ നിന്ന് താഴേക്ക് ചാടി വരുമായിരുന്ന മനുഷ്യന്‍, 15 കൊല്ലം നേവി ഓഫീസറായിരുന്ന മനുഷ്യന്‍ അങ്ങനേയങ്ങ് മരിച്ചു.

അവസാനിപ്പിച്ച് കളയുമെന്ന് ഭീഷണിപ്പെടുത്തിയയാള്‍ അന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്നു. തന്റെ നായികമാര്‍ തന്റേതു മാത്രമായിരിക്കണമെന്ന് ആഗ്രഹിച്ച പുരൈട്ചി തലൈവര്‍, എം.ജി.രാമചന്ദ്രന്‍. വാടക ഗുണ്ടകള്‍ വഴിയല്ലാതെ, ജയന്റെ ജീവിതത്തില്‍ ഒരിക്കലേ അയാള്‍ നേരിട്ടിടപെട്ടിട്ടുള്ളൂ. അത് ജയന്റെ ശരീരം എളുപ്പം പോസ്റ്റ്മോര്‍ട്ടം ചെയ്ത് കിട്ടാനായിരുന്നു.

അവസാനിപ്പിച്ച് കളയുമെന്ന് എം.ജി.ആര്‍ ഭീഷണിപ്പെടുത്തിയ 1980 ലാണ് ജയന്‍ മരിക്കുന്നത്, മദ്രാസില്‍ കാലുകുത്തിക്കില്ലെന്ന് എം.ജി.ആര്‍ ഭീഷണിപ്പെടുത്തിയ 1980 ലാണ് ജയന്‍ മരിക്കുന്നത്. ലതയ്‌ക്കൊപ്പം ജീവിക്കാനനുവദിക്കില്ലെന്ന് എം.ജി.ആര്‍ ഭീഷണിപ്പെടുത്തിയ 1980 ലാണ് ജയന്‍ മരിക്കുന്നത്.

എളുപ്പം പോസ്റ്റ്മോര്‍ട്ടം നടത്തിച്ച് അതേ എം.ജി.ആര്‍ ജയനെ തമിഴ്‌നാട് കടത്തുമ്പോള്‍ അന്നത്തെ മലയാള സിനിമയിലെ താരരാജാക്കന്മാര്‍ എന്തു ചെയ്യുകയായിരുന്നു ? ‘ജയനെ കൊന്നതാണ്’ എന്ന് ആരെങ്കിലും അന്ന് പരാതിപ്പെട്ടിരുന്നോ ? ബാലന്‍.കെ.നായരെ തേടിച്ചെന്ന വിവാദങ്ങള്‍ എന്തുകൊണ്ടാണ് തമിഴ്‌നാട്ടില്‍ നിന്ന് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിനേയും അതിന്റെ പൈലറ്റിനേയും തേടിച്ചെല്ലാഞ്ഞത് ? എന്തുകൊണ്ടാണ് ഒന്നും ഒരാളിലേക്ക് മാത്രം ചെല്ലാഞ്ഞത് ? ആരാണ് എല്ലാം ഒതുക്കിത്തീര്‍ത്തത് ?

ജയന്‍ മരിച്ച് ഒരാറ് വര്‍ഷം കഴിഞ്ഞാണ് ഞാന്‍ ജനിക്കുന്നത്. കണ്ടതിലപ്പുറത്തെ ജയനെ ഞാന്‍ കൂടുതലറിയുന്നത് ഭാനുപ്രകാശില്‍ നിന്നാണ്. ജയന്റെ മൃതദേഹത്തിനരികില്‍ മാറിനിന്നുകരയുന്ന ലതയുടെ കണ്ണീര്, നഷ്ടസ്വപ്നങ്ങളുടെ ചോര ഞാന്‍ പകര്‍ത്തിയ ഫോട്ടോയില്‍ പടര്‍ന്നിട്ടുണ്ട് എന്ന ഫോട്ടോഗ്രാഫര്‍ പി.ഡേവിഡിന്റെ വരികള്‍ ഇന്ന് രാവിലെ പങ്കു വെക്കുമ്പോള്‍, ആ സ്വപ്നങ്ങളില്‍ നിന്ന് ലതയിപ്പോള്‍ ദൂരെയാണെന്ന് ഭാനുവേട്ടന്റെ മറുപടി വന്നു.

മരിച്ച് 40 വര്‍ഷങ്ങള്‍ക്ക് ശേഷം, കേരളം ജയന്റെ പേരില്‍ കൊല്ലത്ത് പണിത ഒരു വലിയ സ്മാരക ഹാളിന്റെ ഉദ്ഘാടനം നടക്കുന്ന ദിവസമാണിന്ന്. കാണാന്‍ ജയനില്ല, ലതയേ ഉള്ളൂ. ലതയ്ക്ക്, എന്നെഴുതിയാണ് അവസാനിപ്പിക്കുന്നത്. ജയനില്‍ നിന്ന് ദൂരെയാണെങ്കിലും അല്ലെങ്കിലും ഈ സ്മാരകം നിങ്ങള്‍ക്കാണ്, ജയന്റെ കാമുകിക്ക്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight: actor jayans death was a murder