രാഷ്ട്രീയത്തില്‍ ഞാന്‍ ഇപ്പോള്‍ ഫോളോ ചെയ്യാന്‍ ഉദ്ദേശിക്കുന്നത് മമ്മൂക്കയെയാണ്, അദ്ദേഹം പിടിക്കുന്ന ഒരു ലൈനുണ്ട്: ജഗദീഷ്
Film News
രാഷ്ട്രീയത്തില്‍ ഞാന്‍ ഇപ്പോള്‍ ഫോളോ ചെയ്യാന്‍ ഉദ്ദേശിക്കുന്നത് മമ്മൂക്കയെയാണ്, അദ്ദേഹം പിടിക്കുന്ന ഒരു ലൈനുണ്ട്: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 16th September 2023, 6:30 pm

രാഷ്ട്രീയത്തിൽ താൻ ഇപ്പോൾ ഫോളോ ചെയ്യാൻ ഉദ്ദേശിക്കുന്നത് മമ്മൂക്കയെയാണെന്ന് നടൻ ജഗദീഷ്. തനിക്കിപ്പോൾ രാഷ്ട്രീയമില്ലെന്നും സിനിമയിലെ കോൺഗ്രസ്സുകാരനായിട്ടും കമ്യൂണിസ്റ്റുകാരനായിട്ടും ബി.ജെപി.ക്കാരനായിട്ടും അഭിനയിക്കാനാണ് ഇഷ്ട്ടപെടുന്നതെന്നും താരം പറഞ്ഞു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജഗദീഷ്. തീപ്പൊരി ബെന്നിയാണ് ജഗദീഷിന്റെ പുതിയ ചിത്രം.

‘എനിക്കിപ്പോൾ രാഷ്ട്രീയം ഇല്ല, ഉണ്ടായിരുന്നു . നൂറുശതമാനവും ഉപേക്ഷിച്ചു. ഉപേക്ഷിച്ചതിന് പ്രധാനപ്പെട്ട കാര്യം ഞാൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനോടും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോടും രമയ്ക്കും കുട്ടികൾക്കും യോജിപ്പില്ലായിരുന്നു. അവരോട് ചോദിച്ചപ്പോൾ അവർ വേണോ എന്ന അർത്ഥത്തിലാണ് ചോദിച്ചത്. അതിനെ ഒരു പരിധിവരെ കണക്കിലെടുക്കാതെയാണ് ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. അവരുടെ ഉപദേശം സ്വീകരിക്കാത്തതിന്റെ തിക്തഫലം ഞാൻ അനുഭവിച്ചു.

കണ്ടോ ഒരു തെരഞ്ഞെടുപ്പിൽ നിന്ന് പരാജയപ്പെട്ടതിന് അർജുനും ഹൈദരലിയും ചിരിച്ചു. രാഷ്ട്രീയത്തിലെ പരാജയങ്ങളെ എങ്ങനെയാണ് ജനങ്ങൾ നോക്കി കാണുന്നത് എന്ന് മനസിലായല്ലോ.
പരാജിതൻ ആയതുകൊണ്ടല്ല ഞാൻ രാഷ്ട്രീയം ഉപേക്ഷിച്ചത് കുട്ടികളും രമയും പറഞ്ഞ ആ കാര്യത്തിനോട് അവരോടുള്ള യോജിപ്പ് രേഖപ്പെടുത്താനുള്ള അവസരം എനിക്ക് പിന്നീടാണ് കിട്ടിയത്.
ഇപ്പോൾ ഞാൻ രാഷ്ട്രീയത്തിൽ ഫോളോ ചെയ്യാൻ ആഗ്രഹിക്കുന്നത് മമ്മൂക്കയെയാണ്.
എങ്ങനെയാണെന്ന് വെച്ചാൽ മമ്മൂക്കയുടെ മണ്ഡലത്തിലെ മൂന്നു സ്ഥാനാർത്ഥികൾ മത്സരിക്കുമ്പോൾ ആദ്യം വീട്ടിലേക്ക് വരുന്ന ആളെ നന്നായി സൽക്കരിക്കും, പിന്നീട് വരുന്ന ആളുകളെയും നന്നായി കാപ്പിയൊക്കെ കൊടുത്ത് ഫോട്ടോ ഒക്കെ എടുത്ത് പറഞ്ഞയക്കും.
സ്ഥാനാർത്ഥികൾ പറയും മമ്മൂക്കയുടെ എല്ലാ അനുഗ്രഹവും എനിക്ക് കിട്ടിയിട്ടുണ്ട് എന്ന്.

മമ്മൂക്ക ഏതെങ്കിലും ഒരു പാർട്ടിയുടെ ആളല്ല. അദ്ദേഹം ചാണ്ടി സാറിൻറെ യോഗത്തിലും, വി.ഡി. സതീശന്റെ യോഗത്തിലും, രമേശ് ചെന്നിത്തലയുടെ യോഗത്തിലും പങ്കെടുക്കും. പിണറായി സഖാവിൻറെ യോഗത്തിലും എം.വി. ഗോവിന്ദൻ സഖാവിന്റെ യോഗത്തിലും പങ്കെടുക്കും. അദ്വാനിജിയുടെ പുസ്തക പ്രകാശനം നിർവഹിച്ചത് മമ്മൂട്ടിയാണ്.

എല്ലാ പാർട്ടിക്കും അദ്ദേഹം സ്വീകാര്യനാണ്. എല്ലാവരുമായിട്ട് സമ അടുപ്പം പാലിക്കും. ആ ലൈൻ ഫോളോ ചെയ്യാൻ ഞാൻ തീരുമാനിച്ചു. എനിക്ക് വളരെ സന്തോഷമുണ്ട് ഇപ്പോൾ. തോറ്റു എന്നുള്ള കുറ്റബോധവും നിരാശയുമെല്ലാം പോയി. എല്ലാവർക്കും എന്നോട് വലിയ സ്നേഹമാണ്.

ഞാൻ ഏതെങ്കിലും ഒരു പാർട്ടിയിൽ നിന്ന് മാറി വേറൊരു പാർട്ടിയിലേക്ക് കൂറു മാറിയില്ല. ഞാൻ രാഷ്ട്രീയമാണ് ഉപേക്ഷിച്ചത്. രാഷ്ട്രീയത്തിൽ പ്രവർത്തിക്കാനുള്ള യോഗ്യത എനിക്കില്ല എന്ന് സ്വയം തിരിച്ചറിഞ്ഞ് ഞാൻ മാറിയതാണ്. പൊതുജനമാണ് എനിക്ക് സർട്ടിഫിക്കറ്റ് നൽകിയത്, You are not competent to be a politician. ഞാൻ സന്തോഷത്തോടെ അത് സ്വീകരിക്കുന്നു. ഞാൻ കലാകാരൻ ആയിട്ട് തുടരുന്നു. കോൺഗ്രെസ്സുകാരനായിട്ടും കമ്മ്യൂണിസ്റ്റുകാരൻ ആയിട്ടും ബി.ജെ.പിക്കാരനുമായിട്ടും സിനിമയിൽ അഭിനയിക്കാൻ താല്പര്യപ്പെടുന്നു,’ ജഗദീഷ് പറഞ്ഞു.

Content Highlight: Actor Jagadish says that he now plans to follow Mammooka in politics