ഞാന്‍ നന്നായി അഭിനയിക്കുമെന്ന് കുഞ്ചാക്കോ ബോബനോട് പറഞ്ഞു, പക്ഷേ ആ രംഗം ചെയ്യാന്‍ കുറച്ചു ബുദ്ധിമുട്ടി; നിഴലിലെ 'നിതിന്‍' പറയുന്നു
Malayalam Cinema
ഞാന്‍ നന്നായി അഭിനയിക്കുമെന്ന് കുഞ്ചാക്കോ ബോബനോട് പറഞ്ഞു, പക്ഷേ ആ രംഗം ചെയ്യാന്‍ കുറച്ചു ബുദ്ധിമുട്ടി; നിഴലിലെ 'നിതിന്‍' പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 25th May 2021, 12:45 pm

കുഞ്ചാക്കോ ബോബനും നയന്‍താരയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച അപ്പു ഭട്ടതിരിയുടെ സംവിധാനത്തിലൊരുങ്ങിയ നിഴലില്‍ നിതിന്‍ എന്ന കഥാപാത്രമായി എത്തി അനായാസമായ അഭിനയം കാഴ്ചവെച്ച താരമാണ് ഐസിന്‍ ഹാഷ്.

അന്താരാഷ്ട്ര മോഡലായ ഐസിന് അപ്രതീക്ഷിതമായാണ് നിഴല്‍ സിനിമയിലേക്ക് അവസരം ലഭിക്കുന്നത്. തന്റെ ആദ്യമലയാള ചിത്രമായിരുന്നിട്ടുകൂടി വളരെ മികച്ച അഭിനയം കാഴ്ചവെക്കാന്‍ ഐസിന് സാധിച്ചിരുന്നു.

നിതിന്‍ എന്ന കഥാപാത്രമായി അഭിനയിക്കാന്‍ തനിക്ക് വലിയ ബുദ്ധിമുട്ടൊന്നും തോന്നിയിരുന്നില്ലെന്നും ഡയലോഗുകള്‍ എല്ലാം പെട്ടെന്ന് പഠിച്ച് പറയാന്‍ സാധിച്ചിരുന്നെന്നും ഐസിന്‍ ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്. എന്നാല്‍ സിനിമയിലെ ഒരു രംഗത്തില്‍ തലചുറ്റിയ ശേഷം ക്ലാസില്‍ വന്നിരിക്കുന്ന സീന്‍ ചെയ്യാന്‍ താന്‍ കുറിച്ചു ബുദ്ധിമുട്ടിയെന്നും ഐസിന്‍ പറയുന്നു.

‘നിഴലിലെ ഡയലോഗുകള്‍ പറയാന്‍ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. ആക്ഷന്‍ പറയുമ്പോള്‍ തന്നെ ചെയ്യാന്‍ സാധിച്ചിരുന്നു. കഥ പറയുന്ന രംഗങ്ങളൊക്കെ ചില സമയം ചില ടേക്കുകള്‍ പോയിരുന്നു. എങ്കിലും നന്നായി ചെയ്യാന്‍ പറ്റി. പപ്പയുടെ സുഹൃത്ത് വഴിയാണ് നിഴലില്‍ എത്തുന്നത്.

നയന്‍താര മാഡത്തിന്റെയും കുഞ്ചാക്കോ ബോബന്റേയും കുറേ സിനിമകള്‍ കണ്ടിരുന്നു. അതുകൊണ്ട് തന്നെ അഭിനയിക്കാന്‍ പേടിയൊന്നും ഉണ്ടായിരുന്നില്ല. അഭിനയിക്കാന്‍ വേണ്ടി പ്രത്യേകിച്ച് ടിപ്‌സ് ഒന്നും ആരും പറഞ്ഞു തന്നിട്ടില്ല. ഞാന്‍ നന്നായിട്ട് ആക്ട് ചെയ്യുമെന്ന് ഞാന്‍ തന്നെ ചാക്കോച്ചനോട് പറയുകയായിരുന്നു. അതുപോലെ നയന്‍താര മാം എനിക്ക് കുറേ ഗിഫ്റ്റുകള്‍ എല്ലാം തന്നു. മാമിനെ ഇപ്പോഴും വിളിക്കുകയും മെസ്സേജ് അയക്കാറുമുണ്ട്,’ നിതിന്‍ പറയുന്നു.

സിനിമ റിലീസ് ആയ ശേഷം നിരവധി പേര്‍ അഭിനന്ദനം അറിയിച്ചിരുന്നെന്നും ക്ലാസിലെ കുട്ടികളൊക്കെ സിനിമ നന്നായെന്ന് പറഞ്ഞെന്നും ഐസിന്‍ അഭിമുഖത്തില്‍ പറഞ്ഞു.

നിഴലിലെ നിതിനെപ്പോലെ തന്നെയാണോ യഥാര്‍ത്ഥ ജീവിതത്തില്‍ ഐസിന്‍ എന്ന ചോദ്യത്തിന് അതെയെന്നായിരുന്നു ഐസിന്റെ മറുപടി. നിതിനെപ്പോലെ കൂളാണ് താനെന്ന് ഐസിന്‍ പറയുന്നു.

ഇപ്പോള്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന ഐസിന്‍ 80ഓളം പരസ്യചിത്രങ്ങളിലാണ് ഇതുവരെ അഭിനയിച്ചു കഴിഞ്ഞത്. അഭിനയത്തോടൊപ്പം തന്നെ ഷെഫ് ആകാന്‍ തനിക്ക് താത്പര്യമുണ്ടെന്നും ചിത്രകലയും ഇഷ്ടമാണെന്നും ഐസിന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Izin Hash About Nizhal Movie and Kunjacko Boban