ആ സിനിമ സത്യന്‍ അന്തിക്കാട് ചെയ്യണമെന്നായിരുന്നു എന്റെ ആഗ്രഹം, ഷൂട്ടിങ്ങിനിടെ മാമുക്കോയയെ ആന ചവിട്ടി തെറിപ്പിച്ചു: ഇന്നസെന്റ്
Entertainment news
ആ സിനിമ സത്യന്‍ അന്തിക്കാട് ചെയ്യണമെന്നായിരുന്നു എന്റെ ആഗ്രഹം, ഷൂട്ടിങ്ങിനിടെ മാമുക്കോയയെ ആന ചവിട്ടി തെറിപ്പിച്ചു: ഇന്നസെന്റ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 6th November 2022, 11:53 pm

1990ല്‍ പുറത്തിറങ്ങി മുകേഷ്, മാമുക്കോയ, സുനിത, കെ.പി.എ.സി ലളിത തുടങ്ങിയവര്‍ അഭിനയിച്ച ചിത്രമാണ് ഗജകേസരിയോഗം. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഉണ്ടായ ഒരു അനുഭവം കൗമുദി മൂവീസിനോട് പറയുകയാണ് ഇന്നസെന്റ്.

ചിത്രത്തിലെ ആനക്ക് കഴിക്കാന്‍ വേണ്ടി ദിവസവും ഭക്ഷണം കൊണ്ടുപോവാറുണ്ടെന്നും ഷൂട്ടിങ്ങിനിടെ ഒരിക്കല്‍ മാമുക്കോയയെ ആന ചവിട്ടി തെറിപ്പിച്ചിരുന്നെന്നും ഇന്നസെന്റ് പറഞ്ഞു.

”ഗജകേസരി എന്ന സിനിമ കുറച്ച് പഴയ സിനിമയാണ്. ഞാന്‍, മുകേഷ്, മാമുക്കോയ, സുനിത, കെ.പി.എ.സി ലളിത തുടങ്ങി ഒരുപാട് ആളുകള്‍ ആ സിനിമയിലുണ്ട്. ആ സമയത്ത് നന്നായി ഓടിയ സിനിമയാണ്. ആ സിനിമ സത്യന്‍ അന്തിക്കാട് ചെയ്യണമെന്നായിരുന്നു എന്റെ ആഗ്രഹം. വളരെ നല്ലൊരു കഥയാണ്. പക്ഷേ പി.ജി.വിശ്വഭരന്‍ വളരെ മനോഹരമായി ആ സിനിമ ചെയ്യുകയും ചെയ്തു.

സിനിമയുടെ ഷൂട്ടിങ് നടന്നത് ഷൊര്‍ണൂര്‍ വെച്ചിട്ടാണ്. ഞാന്‍ ഒരു ദിവസം എന്റെ മോനോട് ഞാന്‍ കേറി സവാരി നടത്തുന്ന ആനയെ കാണണോയെന്ന് ചോദിച്ചു. അവന്‍ കാണണം എന്ന് പറഞ്ഞപ്പോള്‍ എന്റെ ഒപ്പം അവനെയും കൊണ്ടുപോയി.

വളരെ നല്ല ആനയായിരുന്നു. ആനക്ക് കഴിക്കാന്‍ വാങ്ങിയതെല്ലാം എന്റെ മകന്‍ കൊടുത്തു. എല്ലാ ദിവസവും ഞാന്‍ ആനക്ക് കഴിക്കാന്‍ ശര്‍ക്കരയും പഴവും കൊണ്ടുപോകുമായിരുന്നു. സ്വന്തം മകന് പോലും ഇതൊന്നും കൊണ്ട് വരാറില്ല. ആനക്ക് ഇതെല്ലാം കൊണ്ടുപോകണമെന്നുണ്ടോയെന്ന് എന്റെ ഭാര്യ ചോദിച്ചു.

ഇത് ആനയോടുള്ള സ്‌നേഹം കൊണ്ടല്ല. എന്നെ എപ്പോഴാണ് ആന ചവിട്ടിക്കൊല്ലുക എന്ന് അറിയില്ല. അങ്ങനെ ചെയ്യാതിരിക്കാനാണെന്ന് അവളോട് ഞാന്‍ പറഞ്ഞു. ഒരു ദിവസം പാട്ട് സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ മാമുക്കോയ ആനയുടെ ചങ്ങല കൊളുത്തുന്ന ഭാഗമുണ്ട്.

അതിന് വേണ്ടി അദ്ദേഹം ആനയുടെ പുറകിലൂടെ വന്ന് ചങ്ങല കൊളുത്താന്‍ കുനിഞ്ഞപ്പോള്‍ ആന അതിന്റെ കാല് കൊണ്ട് ഒറ്റ ചവിട്ട്. ഞാന്‍ തിരിഞ്ഞ് നോക്കുമ്പോള്‍ മാമുക്കോയയെ കാണാനില്ല. അദ്ദേഹത്തെ ഒരു വരമ്പിന്റെ അപ്പുറത്തേക്കാണ് ആന ചവിട്ടി തെറിപ്പിച്ചത്. മണ്ണൊക്കെ തുടച്ച് എഴുന്നേറ്റ് വന്ന് ആനയെ അദ്ദേഹം വിളിച്ച തെറി പറയാന്‍ പറ്റില്ല. അത്രക്ക് വലുതാണ്. കാരണം അദ്ദേഹത്തിന് മുഖത്തെല്ലാം നല്ല മുറിവ് വന്ന് ചോര വന്നിരുന്നു,” ഇന്നസെന്റ് പറഞ്ഞു.

content highlight: actor innocent about gajakesariyogam movie