എന്റെ മുഖത്ത് നോക്കിയാല്‍ ഏതൊക്കെയോ ജീവിയുടെ ഛായ ഉണ്ടെന്ന് പറഞ്ഞു, ഇനി അതെല്ലാം വലിയ അപകടം: ഇന്ദ്രന്‍സ്
Entertainment news
എന്റെ മുഖത്ത് നോക്കിയാല്‍ ഏതൊക്കെയോ ജീവിയുടെ ഛായ ഉണ്ടെന്ന് പറഞ്ഞു, ഇനി അതെല്ലാം വലിയ അപകടം: ഇന്ദ്രന്‍സ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 24th January 2023, 8:36 pm

പൊതുവേദിയില്‍ ശരീരത്തെ വെച്ച് കളിയാക്കുമ്പോള്‍ മാത്രമാണ് തനിക്ക് ചമ്മല്‍ തോന്നിയിട്ടുള്ളുവെന്ന് നടന്‍ ഇന്ദ്രന്‍സ്. ഒരിക്കല്‍ തന്റെ കൂട്ടുകാരന്‍ എല്ലാവരുടെയും മുന്നില്‍ വെച്ച് തന്നെ കളിയാക്കിയിരുന്നുവെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

കൂട്ടുകാരന്‍ അത് തമാശക്ക് പറഞ്ഞതാണെന്നും കേട്ടപ്പോള്‍ എല്ലാവരും കൂടെ ചിരിച്ചുവെന്നും താരം പറഞ്ഞു. ഇനിയുള്ള കാലത്ത് അങ്ങനെയൊന്നും പറയാന്‍ പറ്റില്ലെന്നും അതെല്ലാം വലിയ അപകടമായിരിക്കുമെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

”പണ്ടൊക്കെ കുറേ ആളുകളുടെ ഇടയില്‍ നിന്നും കളിയാക്കുമ്പോള്‍ ചമ്മല്‍ തോന്നാറുണ്ടായിരുന്നു. പൊതുവേദിയില്‍ മാത്രമാണ് അത്തരം ചമ്മലുള്ളു. ഇല്ലെങ്കില്‍ ഞാന്‍ അത് ആഘോഷിക്കും.

ഒരിക്കല്‍ ആരോ പറഞ്ഞതിന് ഞാന്‍ വിഷമിച്ചു എന്ന് പറഞ്ഞപ്പോള്‍ എന്റെ കൂട്ടുകാരനും അതുപോലെ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല, നിന്റെ മുഖത്ത് നോക്കിയാല്‍ ഏതൊക്കെയോ ജീവിയുടെ ഛായ ഉണ്ടെന്ന് അവന്‍ പറഞ്ഞു.

അവന്‍ അത് ചുമ്മാ പറഞ്ഞതാണ്. അവന്‍ തമാശക്കാണ് അന്ന് പറഞ്ഞത്. അതുകേട്ട് എല്ലാവരും കൂടെ ചിരിച്ചു. പിന്നെ ഞാനും ആ കാര്യം ആലോചിച്ചു. കാരണം ആരെയെങ്കിലും കാണുമ്പോള്‍ എന്തെങ്കിലും ഛായ തോന്നില്ലെ.

ഒരാളെ ഓര്‍മപ്പെടുത്താനോ പരിചയപ്പെടുത്താനോ നമ്മള്‍ അത് ഉപയോഗിക്കും. എന്നാല്‍ ഇനിയുള്ള കാലത്ത് അതെല്ലാം വലിയ അപകടമായിരിക്കും,” ഇന്ദ്രന്‍സ് പറഞ്ഞു.

content highlight: actor indrans about his friends comment