ദീപു എസ്. നായരും സന്ദീപ് സദാനന്ദനും തിരക്കഥയെഴുതി ഇന്ദ്രജിത്ത് സുകുമാരനെ നായകനാക്കി ജിതിന്‍ സുരേഷ് സംവിധാനം ചെയ്യുന്ന ധീരം റിലീസിനൊരുങ്ങുകയാണ്. കോഴിക്കോട് നഗരത്തില്‍ നടക്കുന്ന കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
മലയാളത്തില്‍ ഇതുവരെ ഇറങ്ങിയ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറുകള്‍ പോലെ ഒരുപാട് ട്വിസ്റ്റുകളും സസ്പെന്‍സുകളും ഈ ചിത്രത്തിലുമുണ്ടെന്നും എന്നാല്‍ അവയില്‍ നിന്നെല്ലാം ഈ ചിത്രത്തെ വ്യതസ്തമാക്കുന്നത് ഇതിന്റെ ക്ലൈമാക്സാണെന്നുമാണ് സംവിധായകന്‍ ജിതിന്‍ പറയുന്നത്.
മറ്റു ക്രൈം ത്രില്ലറുകളുടെ സ്ഥിരം പാറ്റേണുകളില്‍ നിന്നും വ്യതസ്തമാണ് ധീരത്തിന്റെ കഥ പറയുന്ന രീതിയെന്നും അദ്ദേഹം പറയുന്നു. വളരെ ഇന്റന്‍സായ, ഹൈലി ഇമോഷണലായ സിനിമയാണിത്. ഇതാണ് തന്നെ ഈ കഥയിലേക്കടുപ്പിച്ചതെന്നും ജിതിന്‍ പറയുന്നു.
‘എല്ലാ ക്രൈം ത്രില്ലര്‍ ചിത്രങ്ങള്‍ക്കുമുള്ള പോലത്തെ ഒരു റെഗുലര്‍ ടെംപ്ളേറ്റ് ഈ ചിത്രത്തിനുമുണ്ട്. കോഴിക്കോട് നഗരത്തില്‍ നടക്കുന്ന കൊലപാതകങ്ങളും ഇതിന് പാരലലായി നടക്കുന്ന അന്വേഷണവും കണ്ടെത്തലുകളും.
ഇത്തരത്തിലൊരു ടെംപ്ളേറ്റിലാണ് ഈ ചിത്രവും കടന്നുപോകുന്നത്. പക്ഷേ ഇവയില്‍ നിന്നെല്ലാം ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത് ഇതിന്റെ ബാക്ക് സ്റ്റോറിയും കഥ പറയുന്ന രീതിയുമാണ്, ജിതിന്‍ പറയുന്നു.
മലയാള സിനിമയില്‍ ഇതുവരെ താന്‍ കാണാത്ത തരം ചില വിഷ്വലുകളാണ് ഈ സിനിമയില്‍ ഉള്ളതെന്നായിരുന്നു നടന്‍ ഇന്ദ്രജിത്ത് പറഞ്ഞത്. കുറ്റാന്വേഷണ രീതി വിഷ്വലി പ്രസന്റ് ചെയ്തിരിക്കുന്ന രീതി വളരെ വ്യത്യസ്തമാണെന്നും ഇന്ദ്രജിത്ത് പറഞ്ഞു.
‘മറ്റൊന്ന് ഇതിന്റെ ബാക്ക് സ്റ്റോറി, ജിതിന്‍ പറഞ്ഞതുപോലെ വളരെ ഇന്റന്‍സായ ബാക്ക് സ്റ്റോറിയാണ് ചിത്രത്തിലേത്. ഒരുപാട് സാമൂഹിക പ്രശ്നങ്ങളെ കഥ ചൂണ്ടിക്കാണിക്കുന്നുണ്ട്.
സമകാലിക സമൂഹത്തില്‍ ചെറുപ്പക്കാര്‍ അനുഭവിക്കുന്ന പ്രശ്നങ്ങളും തുടര്‍ന്ന് ഇവരുടെ കുടുംബം അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും തുടങ്ങി പ്രധാനപ്പെട്ട വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്,’ താരം പറഞ്ഞു.
ജിതിന്‍ സുരേഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിഷാന്ത് സാഗര്‍, അജു വര്‍ഗീസ്, റെബ മോണിക്ക ജോണ്‍, വിജയരാഘവന്‍, ദിവ്യ പിള്ള എന്നിവരും പ്രധാനവേഷത്തിലെത്തുന്നു.
Content Highlight: Actor Indrajith About Dheeram Movie