സിനിമയിലെത്തുന്നതിന് മുന്‍പ് കാബിന്‍ ക്രൂ ആയി ജോലി ചെയ്ത സമയത്ത് ഉണ്ടായ അപകടത്തെക്കുറിച്ച് പറയുകയാണ് നടന്‍ ഹരീഷ് ഉത്തമന്‍. ദി റൈഡ് എന്ന ചിത്രവുമായി ബന്ധപ്പെട്ട് സൈന സൗത്ത് യൂ ട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം അനുഭവം പങ്കു വച്ചത്.
‘സിനിമയിലെത്തുന്നതിന് മുന്‍പ് ഞാന്‍ കാബിന്‍ ക്രൂ ആയിരുന്നു. ഒരു യാത്രക്കിടെ വിമാനത്തിന്റെ ഹൈഡ്രോളിക് ഓയില്‍ ലീക്കായി. ക്യാപ്റ്റന്‍ ഇത് ഞങ്ങളെ അറിയിച്ചിരുന്നില്ല. ചെറിയ പ്രശ്‌നമാണെന്നും കുഴപ്പമില്ലാതെ ലാന്‍ഡ് ചെയ്യാന്‍ പറ്റുമെന്നുമാണ് ഞങ്ങള്‍ വിചാരിച്ചിരുന്നത്. പക്ഷേ ലാന്‍ഡിങ്ങിന് നാലു മിനിറ്റ് മുന്‍പ് മാത്രമാണ് എമര്‍ജന്‍സി സിറ്റുവേഷന്‍ ആണെന്നും ഹാര്‍ഡ് ലാന്‍ഡിങ് ആയിരിക്കുമെന്നും ക്യാപ്റ്റന്‍ പറയുന്നത്.
ആ നാലു മിനിറ്റുകള്‍ എന്റെ ജീവിതത്തില്‍ ഞാന്‍ ഒരിക്കലും മറക്കില്ല. എന്റെ കുടുംബത്തിന്റെയും ജീവിതത്തില്‍ ഏറ്റവും അടുപ്പമുള്ളവരുടെയും മുഖം കണ്‍മുന്നിലൂടെ കടന്നുപോയി. രണ്ടു കൈയ്യും തലയോട് ചേര്‍ത്ത് വച്ച് ഇരിക്കുകയായിരുന്നു എല്ലാവരും. യാത്രക്കാരുടെ അലര്‍ച്ചയെല്ലാം കേള്‍ക്കാമായിരുന്നു. എന്റെ രണ്ടു കണ്ണും നിറഞ്ഞൊഴുകി.
ഭാഗ്യവശാല്‍ അപകടമൊന്നും സംഭവിച്ചില്ല. ലാന്‍ഡ് ചെയ്തപ്പോള്‍ റണ്‍വേയുടെ ഇരുവശത്തും ആംബുലന്‍സുകളും, ഫയര്‍ എഞ്ചിനുകളുമാണ് കണ്ടത്. ആ യാത്ര ജീവിതത്തില്‍ ഒരിക്കലും മറക്കില്ല. ആ ഒരു നിമിഷത്തിലാണ് എന്താണ് നമുക്ക് ജീവിതത്തില്‍ ഉള്ളതെന്നും, എത്ര സമയം നമുക്ക് ജീവിതം ബാക്കിയുണ്ടെന്നുമുള്ള ചിന്ത എനിക്ക് ആദ്യമായി വന്നത്, ഹരീഷ് പറയുന്നു.
തമിഴ് ചിത്രത്തിലൂടെ അഭിനയജീവിതത്തിന് തുടക്കം കുറിച്ച ഹരീഷ് ഭീഷ്മപര്‍വ്വം, കല്‍ക്കി, എ.ആര്‍.എം, കൈതി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സുഹാസ് ഷെട്ടി തിരക്കഥയെഴുതി റിതേഷ് മേനോന്‍ സംവിധാനം ചെയ്ത ‘ദ റൈഡ്’ ആണ് താരത്തിന്റെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സുധി കോപ്പ, ആന്‍ ശീതള്‍, മാല പാര്‍വ്വതി, പ്രശാന്ത് മുരളി, ഗോപിക മഞ്ജുഷ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.
ദര്‍പ്പണ്‍ ത്രിശാലും, റിതേഷ് മേനോനും, സുഹാസ് ഷെട്ടിയും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 5 ന് തിയ്യേറ്ററുകളിലെത്തും.
Content Highlight: Actor Harish Uthaman Share an Accident survival story