'സത്യത്തിന്റെ ചൂടേറ്റ് വളര്‍ന്ന ആ കുട്ടി മുഖമുയര്‍ത്തി അവര്‍ക്കെതിരെ ശബ്ദിച്ചപ്പോള്‍'; രാഹുലിന് പിന്തുണയുമായി ഹരീഷ് പേരടി
Kerala News
'സത്യത്തിന്റെ ചൂടേറ്റ് വളര്‍ന്ന ആ കുട്ടി മുഖമുയര്‍ത്തി അവര്‍ക്കെതിരെ ശബ്ദിച്ചപ്പോള്‍'; രാഹുലിന് പിന്തുണയുമായി ഹരീഷ് പേരടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th March 2023, 10:38 pm

കോഴിക്കോട്: പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട നടപടിയില്‍ രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി നടന്‍ ഹരീഷ് പേരടി. സത്യത്തിന്റെ ചൂടേറ്റ് വളര്‍ന്ന കുട്ടി മുഖമുയര്‍ത്തി അനീതികള്‍ക്കെതിരെ വിരല്‍ ചൂണ്ടിയപ്പോള്‍ പലരും ഇന്ന് അയാളെ ഭയപ്പെടുന്നുവെന്ന് ഹരീഷ് പറഞ്ഞു.

രാജീവ് ഗാന്ധിക്കൊപ്പം കുട്ടിയായിരിക്കെ രാഹുല്‍ നില്‍ക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചായിരുന്നു ഹരീഷ് പേരടിയുടെ പ്രതികരണം. രാഹുലിന്റെ സത്യന്വേഷണ പരീക്ഷണങ്ങള്‍ക്കൊപ്പമാാണ് താനെന്നും ഹരീഷ് പറഞ്ഞു.

‘രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച സ്വന്തം അമ്മയുടെ ചിതയിലേക്ക് നോക്കി നില്‍ക്കുന്ന സ്വന്തം അച്ഛന്റെ നെഞ്ചില്‍ അഭയം പ്രാപിച്ച ആ കുട്ടിക്ക് അന്നറിയില്ലായിരുന്നു ആ അച്ഛനും രാജ്യത്തിനു വേണ്ടി രക്തസാക്ഷിയാവുമെന്ന്.

സത്യത്തിന്റെ ചൂടേറ്റ് വളര്‍ന്ന ആ കുട്ടി മുഖമുയര്‍ത്തി അനീതികള്‍ക്കെതിരെ വിരല്‍ ചൂണ്ടിയപ്പോള്‍, പലരും ഇന്ന് അയാളെ ഭയപ്പെടുന്നു, അയോഗ്യതകള്‍ കല്‍പ്പിക്കുന്നു.

അതുകൊണ്ടുതന്നെ ജനാധിപത്യത്തില്‍ ഈ അയോഗ്യത വലിയ യോഗ്യതയായി മാറുന്നു. അയാളുടെ സത്യന്വേഷണ പരീക്ഷണങ്ങള്‍ക്കൊപ്പം,’ ഹരീഷ് പേരടി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള പരാമര്‍ശത്തിന്റെ പേരിലുള്ള
മാനനഷ്ടക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടത്തിയതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയെ എം.പി. സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയത്. ലോക്സഭാ സെക്രട്ടേറിയേറ്റാണ് രാഹുല്‍ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയത്. സൂറത് കോടതി വിധി വന്ന് 24 മണിക്കൂറിനുള്ളിലാണ് നടപടി.