'അടിമ കൂട്ടം പാടി, കടന്നല്‍ കൂട്ടം പാടി'; ന്നാ പിന്നെ പാട്ട് പാടി ഹരീഷ് പേരടി, സിനിമ കാണല്‍ സാമൂഹിക ഉത്തരവാദിത്തമെന്നും പ്രഖ്യാപനം
Movie Day
'അടിമ കൂട്ടം പാടി, കടന്നല്‍ കൂട്ടം പാടി'; ന്നാ പിന്നെ പാട്ട് പാടി ഹരീഷ് പേരടി, സിനിമ കാണല്‍ സാമൂഹിക ഉത്തരവാദിത്തമെന്നും പ്രഖ്യാപനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 11th August 2022, 11:26 pm

ന്നാ താന്‍ കേസ് കൊട് എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം കാണല്‍ സാമൂഹിക ഉത്തരവാദിത്തമാണെന്ന് നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ചിത്രത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചള്‍കള്‍ക്ക് വഴിവെച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് പേരടിയുടെ പ്രതികരണം.

‘അടിമ കൂട്ടം പാടി,.. കടന്നല്‍ കൂട്ടം പാടി. എന്നിട്ടും ഈ കുഴിയില്‍ ചാടിയാടി സിനിമ കാണും മനുഷ്യര്‍(2). ചാക്കോച്ചന്റേയും പൊതുവാളിന്റെയും ന്നാ താന്‍ കേസ് കൊട് എന്ന സിനിമ എല്ലാവരും കാണുക. ഈ സിനിമ കാണുക എന്ന് പറയുന്നത് സാമൂഹിക ഉത്തരവാദിത്തമാണ്,’ എന്നാണ് ഹരീഷ് പേരടി വീഡിയോയില്‍ പറയുന്നത്.

സിനിമയുടെ റിലീസിനോടനുബന്ധിച്ച് വന്ന പോസ്റ്ററാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. തിയേറ്ററിലേക്കുള്ള വഴിയില്‍ കുഴികളുണ്ട്, എന്നാലും വന്നേക്കണേ,’ എന്നായിരുന്നു പോസ്റ്ററിലെ ക്യാപ്ഷന്‍.

ഇതോടെ ചിത്രത്തിനെതിരെ ഇടത് പ്രൊഫൈലുകളില്‍ നിന്നും വിമര്‍ശനവും പിന്നാലെ ബഹിഷ്‌കരണ ക്യാമ്പെയ്നുള്‍പ്പെടെയുള്ള സൈബര്‍ അറ്റാക്കും വന്നിരുന്നു. എന്നാല്‍ ചിത്രത്തില്‍ കുഴിയെ പറ്റി മാത്രമല്ല പറയുന്നതെന്നും സര്‍ക്കാരിനെയോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളെയോ ടാര്‍ഗെറ്റ് ചെയ്യുന്നില്ലെന്നും കുഞ്ചാക്കോ ബോബന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

അതേസമയം, പരസ്യത്തെ പരസ്യമായി കണ്ടാല്‍ മതിയെന്നും വിമര്‍ശനങ്ങളെ ക്രിയാത്മകമായി കാണുന്നുവെന്നുമാണ് വിഷയത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞത്.

വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും ഏത് നിലയില്‍ വന്നാലും സ്വീകരിക്കും, അത് പോസിറ്റീവായി എടുക്കും. കേരളം ഉണ്ടായത് മുതലുള്ള പ്രശ്നമാണ് ഇത്. ഈ പ്രശ്നത്തിന് പരിഹാരം കാണുക എന്നത് നാടിന്റെ ആവശ്യമാണ്, അത് തന്നെയാണ് പൊതുമരാമത്ത് വകുപ്പിന്റെ ആവശ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതിനിടെ പോസ്റ്ററിനെ അനുകൂലിച്ചും, പ്രതികൂലിച്ചും ചര്‍ച്ചകള്‍ കൊഴുക്കുമ്പോള്‍ ട്രോളുകളിലും വിഷയം സജീവമാണ്. ഒരൊറ്റ പോസ്റ്റര്‍ കൊണ്ട് ന്നാ താന്‍ കേസ് കൊട് മുഴുവന്‍ ആളുകളുടെ ചര്‍ച്ചകളിലേക്ക് എത്തിയത് സിനിമക്ക് ഗുണം ചെയ്യും. ഒരുപാട് ആളുകള്‍ സിനിമയെ കുറിച്ചറിഞ്ഞ് ചിത്രം കാണാന്‍ തിയേറ്ററിലേക്ക് എത്തും എന്നൊക്കെയാണ് ട്രോളന്മാര്‍ പറയുന്നത്.