ഫെബിന്‍ സിദ്ധാര്‍ത്ഥിന്റെ സംവിധാനത്തില്‍ നിഖില വിമലിനെ കേന്ദ്രകഥാപാത്രമാക്കി കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു പെണ്ണ് കേസ്. കേരളത്തിലുടനീളം പല സ്ഥലങ്ങളിലായി വിവാഹത്തട്ടിപ്പ് നടത്തി മുങ്ങുന്ന സ്ത്രീ കഥാപാത്രവും ഇവരുടെ വലയില്‍ വീഴുന്ന പുരുഷന്മാരെയും പശ്ചാത്തലമാക്കിയാണ് ചിത്രം പുരോഗമിക്കുന്നത്.
പുതിയ തട്ടിപ്പില്‍ നിഖിലയുടെ കഥാപാത്രം പൊലീസ് പിടിയിലകപ്പെടുന്നതോടെ തുടര്‍ന്നുള്ള ഭൂരിഭാഗം രംഗങ്ങളും സ്റ്റേഷനും പരിസരവും ചുറ്റിപ്പറ്റിയാണ് ചിത്രീകരിച്ചിരിക്കുന്നത്. സീരിയല്‍ കണ്ടും ജൈവകൃഷി ചെയ്തും സ്റ്റേഷനില്‍ കഴിഞ്ഞുപോകുന്ന പൊലീസുകാരുടെ തലവനായാണ് ചിത്രത്തില്‍ ഹക്കീം ഷാ അവതരിപ്പിച്ച കഥാപാത്രമെത്തുന്നത്.
ചിത്രം കാണുന്നവരില്‍ സിംപതി തോന്നിപ്പിക്കുന്ന പൊലീസുകാരനായ സി.ഐ മനോജിനെ മികച്ച രീതിയിലാണ് താരം പെണ്ണ് കേസില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന കഥാപാത്രം മറ്റാരെക്കാളും ആത്മാര്‍ത്ഥമായി കേസ് തെളിയിക്കണമെന്ന വെമ്പലോടെയാണ് ചിത്രത്തിലുടനീളം പ്രത്യക്ഷപ്പെടുന്നത്. അപവാദ പ്രചരണത്തില്‍ കുടുങ്ങി ഉറപ്പിച്ചു വെച്ച കല്ല്യാണം മുടങ്ങുമ്പോഴും, പെണ്‍കുട്ടിയെ സത്യം പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുന്ന കഥാപാത്രത്തിന്റെ നിസ്സഹായ അവസ്ഥയും ഹക്കീം ഷാ ഭംഗിയായി തന്നെ ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.
തമാശയുടെയും ഗൗരവത്തിന്റെയും ഇടയിലൂടെ കടന്നുപോകുന്ന കഥാപാത്രം ഹക്കീം ഷായുടെ കൈയ്യില്‍ ഭദ്രമായിരുന്നുവെന്ന് നിസ്സംശയം പറയാം. ചിത്രത്തിലെ ഹക്കീം ഷായുടെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയകളിലെ സിനിമാ പേജുകളില്‍ നിന്നും ലഭിക്കുന്നത്. ചിത്രത്തിന് സമ്മിശ്ര അഭിപ്രായം ലഭിക്കുമ്പോളും പക്വതയോടെ കഥാപാത്രം കൈകാര്യം ചെയ്ത ഹക്കീമിന് ഒരുപാട് പ്രേക്ഷകപ്രശംസകള്‍ ലഭിക്കുന്നുണ്ട്.
കരിയറില്‍ വളരെ ചുരുക്കം ചിത്രങ്ങളുടെ മാത്രം ഭാഗമായ ഹക്കീം ചെയ്ത് വെച്ച് ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മെച്ചമാക്കിയ താരമാണ്. ബിജു മേനോന്‍ ചിത്രം രക്ഷാധികാരി ബൈജുവിലൂടെ ശ്രദ്ധിക്കപ്പെട്ട താരം പ്രണയവിലാസം, നായാട്ട്, തമിഴ് ചിത്രം കടസീല ബിരിയാണി, അര്‍ച്ചന 31 നോട്ട്ഔട്ട് തുടങ്ങിയ ചിത്രങ്ങളിലും പ്രധാനവേഷത്തിലെത്തിയിരുന്നു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.