രജിഷയെപ്പോലൊരു പെര്‍ഫോമറിനെ അത് സാധിക്കുമായിരുന്നുള്ളൂ; വളരെ ഭംഗിയായി അവര്‍ അത് ചെയ്തിട്ടുണ്ട്: ഫഹദ് ഫാസില്‍
Movie Day
രജിഷയെപ്പോലൊരു പെര്‍ഫോമറിനെ അത് സാധിക്കുമായിരുന്നുള്ളൂ; വളരെ ഭംഗിയായി അവര്‍ അത് ചെയ്തിട്ടുണ്ട്: ഫഹദ് ഫാസില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 18th July 2022, 5:35 pm

ഫഹദ് ഫാസില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മലയന്‍കുഞ്ഞ് ജൂലൈ 21ാം തിയതി തിയേറ്ററുകളില്‍ എത്തുകയാണ്. ഏറെ നാളുകള്‍ക്ക് ശേഷമാണ് ഫഹദ് നായകനാകുന്ന ഒരു മലയാള ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യുന്നത്. നിര്‍മാണ രംഗത്തേക്കുള്ള സംവിധായകന്‍ ഫാസിലിന്റെ തിരിച്ചുവരവുകൂടിയാണ് മലയന്‍കുഞ്ഞ്. നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. നടി രജിഷ വിജയനാണ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രജിഷ വിജയനെ കുറിച്ചും രജിഷയുടെ കഥാപാത്രത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് പേളി മാണി ഷോയില്‍ ഫഹദ് ഫാസില്‍. ഒപ്പം ചിത്രീകരണ സമയത്ത് നേരിട്ട വെല്ലുവിളികളെ കുറിച്ചും താരം അഭിമുഖത്തില്‍ പറയുന്നുണ്ട്.

‘ചിത്രത്തില്‍ രജിഷ എന്റെ സഹോദരിയായിട്ടാണ് എത്തുന്നത്. നിര്‍ണായകമായ ഒരു റോളാണ് രജിഷയുടേത്. പടത്തിന്റെ എല്ലാ സസ്‌പെന്‍സും ആ റോളിലാണ്. അതുകൊണ്ട് കൂടുതല്‍ പറയാന്‍ സാധിക്കില്ല. വളരെ ഇന്ററസ്റ്റിങ് ആയിട്ടുള്ള റോളാണ് രജിഷയുടേത്. വളരെ നന്നായി അവര്‍ അത് ചെയ്തിട്ടുമുണ്ട്. വെരി ബ്യൂട്ടിഫുള്‍. ആ ക്യാരക്ടര്‍ ആണ് ഈ സിനിമയില്‍ എല്ലാവരേയും ഇമോഷണലി ഹോള്‍ഡ് ചെയ്യുന്നത്. രജിഷയെപ്പോലൊരു പെര്‍ഫോമറിനേ അത് പറ്റുമായിരുന്നുള്ളൂ. പിന്നെ ജാഫര്‍ക്ക ഇന്ദ്രന്‍സേട്ടന്‍ ഇര്‍ഷാദ്ക്ക അര്‍ജുന്‍ അശോകന്‍ ഇവരെല്ലാം വളരെ പ്രധാനപ്പെട്ട റോളുകളാണ് കൈകാര്യം ചെയ്യുന്നത്.

മലയന്‍കുഞ്ഞ് ഷൂട്ടിനിടെ നേരിട്ട പ്രധാന വെല്ലുവിളി എന്തെല്ലാമായിരുന്നെന്നും ഫിസിക്കലി ആയിരുന്നോ ഇമോഷണലി ആയിരുന്നോ ചലഞ്ചിങ് എന്ന ചോദ്യത്തിനും ഫഹദ് മറുപടി നല്‍കുന്നുണ്ട്. ‘ഫിസിക്കലായും ഇമോഷണലായും വരുന്ന വെല്ലുവിളികളെ നമുക്ക് നേരിടാം. പക്ഷേ ഏറ്റവും ഡിഫിക്കല്‍ട്ട് ടാസ്‌ക് മണ്ണിനടിയില്‍ ലൈറ്റ് ഇല്ലാതെ ഷൂട്ട് ചെയ്യണമെന്നതായിരുന്നു.

ഓക്‌സിജനുമില്ല ഒന്നുമില്ല. 40 അടി താഴ്ചയില്‍ ആണ് ഷൂട്ട്. ലൈറ്റുമില്ല. ആകെയുള്ള വെളിച്ചം എന്ന് പറയുന്നത് ടോര്‍ച്ചിന്റെ ലൈറ്റാണ്. ആ ടോര്‍ച്ചിന്റെ വെളിച്ചത്തിലാണ് എല്ലാവരും വരേണ്ടത്. ചില ഷോട്ടുകള്‍ എടുക്കുമ്പോള്‍ ക്യാമറ മാത്രമേ അകത്തേക്ക് പോയിട്ടുള്ളു. ക്യാമറാമാന്‍ പുറത്താണ്.

അവര്‍ക്ക് എന്നെ കാണാന്‍ പറ്റുന്നുപോലുമില്ല. ബോഡി മൂവ്‌മെന്റ് നോക്കിയാണ് അവര്‍ ക്യാമറ മൂവ് ചെയ്യുന്നത്. ഇതൊന്നും സിനിമ കാണുമ്പോള്‍ ജനങ്ങള്‍ കണ്‍സിഡര്‍ ചെയ്യേണ്ട കാര്യമില്ല. പിന്നെ പണ്ടത്തെപ്പോലെ സിനിമ മേക്കിങ് ഒരു സീക്രട്ട് ഒന്നുമല്ല. എല്ലാവര്‍ക്കും എല്ലാം അറിയാം. ഏത് ലെന്‍സിലാണ് ഷൂട്ട് ചെയ്യുന്നത് ഏത് ക്യാമറയിലാണ് ഷൂട്ട് ചെയ്യുന്നത് എല്ലാം അറിയാം. ഇതിന് മുന്‍പ് കാണാത്ത ഒരു കാര്യം റീ ക്രിയേറ്റ് ചെയ്യാനാണ് നമ്മള്‍ നോക്കിയത്, ഫഹദ് ഫാസില്‍ പറഞ്ഞു.

ചില റോളുകളില്‍ ടൈപ് കാസ്റ്റ് ചെയ്യപ്പെടുന്നതായി തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് വരുന്ന ചില റോളുകളെല്ലാം ഈ ടൈപ്പാണെന്നും പക്ഷേ സത്യന്‍ അന്തിക്കാടിന്റെ സിനിമളിലൊന്നും അങ്ങനെ അല്ലല്ലോ എന്നുമായിരുന്നു ഫഹദിന്റെ മറുപടി. വിളിക്കുന്നവര്‍ ഇന്നതാണ് ചെയ്യേണ്ടതെന്ന് പറയും. അവര്‍ പറയുന്നതാണ് ഞാന്‍ ചെയ്യുന്നത്.

ഈയിടെയായി റിലാക്‌സ് ചെയ്ത റോള്‍ ഏതാണെന്ന ചോദ്യത്തിന് വിക്രം എന്നായിരുന്നു ഫഹദിന്റെ മറുപടി.

സെറ്റില്‍ എങ്ങനെയാണ് എന്ന ചോദ്യത്തിന് താന്‍ പൊതുവെ ക്വയറ്റ് ആണെന്നും അധികം സംസാരിക്കില്ലെന്നുമായിരുന്നു ഫഹദിന്റെ മറുപടി. പണ്ട് ഫോണില്‍ ചില ഗെയിംസൊക്കെ കളിക്കുമായിരുന്നു. ഇപ്പോള്‍ കുറച്ച് വായനയുണ്ട്. പാട്ട് കേള്‍ക്കും. പിന്നെ ആരെങ്കിലും സജസ്റ്റ് ചെയ്യുന്ന ചില സിനിമകളൊക്കെ കാണാറുണ്ട്. പടം കണ്ടുകൊണ്ട് സംസാരിക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ട് തന്നെ ഒറ്റയ്ക്കിരുന്ന് സിനിമ കാണാന്‍ എനിക്ക് ഇഷ്ടമല്ല, ഫഹദ് പറഞ്ഞു.

Content Highlight: Actor fahadh Faasil about Rajisha Vijayan Acting on Malayankunju movie