ദുല്‍ഖര്‍ സല്‍മാനെ കാണാന്‍ ജനസാഗരം; പാട്ടും ഡാന്‍സുമായി ആരാധകരെ ആവേശത്തിലാക്കി നടന്‍, വൈറല്‍ വീഡിയോ
Entertainment news
ദുല്‍ഖര്‍ സല്‍മാനെ കാണാന്‍ ജനസാഗരം; പാട്ടും ഡാന്‍സുമായി ആരാധകരെ ആവേശത്തിലാക്കി നടന്‍, വൈറല്‍ വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 19th March 2023, 4:11 pm

ഏറെ നാളുകള്‍ക്ക് ശേഷം കേരളത്തിലെ ഒരു ഉദ്ഘാടന വേദിയില്‍ എത്തി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. കൊണ്ടോട്ടിയില്‍ ഉദ്ഘാടനത്തിന് എത്തിയ ദുല്‍ഖറിന്റെ വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.

കൊണ്ടോട്ടിയില്‍ പ്രിയതാരത്തെ കാത്തിരുന്നത് ജനസാഗരമായിരുന്നു. ജനക്കൂട്ടത്തിനിടയിലൂടെ ദുല്‍ഖര്‍ സ്റ്റേജില്‍ എത്തിയപ്പോള്‍ ആരാധകരുടെ ആഹ്ലാദത്തിന് അതിരില്ലായിരുന്നു.

നിറഞ്ഞ കയ്യടികളോടെയാണ് താരത്തെ ആരാധകര്‍ സ്വീകരിച്ചത്. അവര്‍ക്കായി ‘സുന്ദരി പെണ്ണെ’ എന്ന ഗാനം ദുല്‍ഖര്‍ ആലപിക്കുകയും ഒപ്പം ഫുള്‍ എനര്‍ജിയില്‍ ചുവടുവയ്ക്കുകയും ചെയ്തു.

ഈ വീഡിയോകളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ‘സാമ്രാജ്യം സിനിമയിലെ അലക്‌സാണ്ടറെ ഓര്‍മ വരുന്നു, മലയാളത്തിന്റെ ബ്രാന്‍ഡായി മാറിയ കുഞ്ഞിക്ക, ഇന്ത്യന്‍ സിനിമയില്‍ കേരളത്തിന്റെ അഭിമാനമായി മാറിയ മുത്ത്’, എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

അതേസമയം, കിംഗ് ഓഫ് കൊത്തയാണ് ദുല്‍ഖറിന്റേതായി ഈ വര്‍ഷം റിലീസിനൊരുങ്ങുന്ന ചിത്രം. അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫെബ്രുവരിയില്‍ 95 ദിവസം നീണ്ട ചിത്രീകരണം തമിഴ്‌നാട്ടിലെ കരൈക്കുടിയില്‍ അവസാനിച്ചിരുന്നു.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷയില്‍ ഒരുക്കുന്ന ചിത്രത്തില്‍ നടി ശാന്തി കൃഷ്ണയും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

തമിഴ് നടന്‍ പ്രസന്നയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ‘പൊറിഞ്ചു മറിയം ജോസി’ന്റെ തിരക്കഥാകൃത്ത് അഭിലാഷ് .എന്‍. ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

content highlight: actor dulquer salmaan went to kerala program