കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തന്നെ കുടുക്കാന്‍ വേണ്ടിയാണ് യഥാര്‍ത്ഥത്തില്‍ ഗൂഢാലോചന നടന്നതെന്ന് കോടതിയില്‍ നിന്നും ആശ്വാസ വിധി സമ്പാദിച്ച നടന്‍ ദിലീപ്. ഈ കേസില്‍ ക്രിമിനല്‍ ഗൂഡാലോചനയുണ്ടെന്ന് തന്റെ മുന്‍ പങ്കാളിയും നടിയുമായ മഞ്ജുവാര്യര്‍ പറഞ്ഞതുമുതലാണ് തനിക്കെതിരെയുള്ള നീക്കമുണ്ടായതെന്ന് മഞ്ജുവിനെ പേരെടുത്ത് പറഞ്ഞുകൊണ്ട് ദിലീപ് പറഞ്ഞു.
കോടതി വളപ്പില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദിലീപ്.
അന്നത്തെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥയും ക്രിമിനല്‍ പൊലീസുകാരും ചേര്‍ന്നാണ് തനിക്കെതിയുള്ള നടപടികള്‍ ആരംഭിച്ചതെന്നും ദിലീപ് പറഞ്ഞു.
‘സര്‍വശക്തകനായ ദൈവത്തിന് നന്ദി പറയുന്നു. സത്യം ജയിച്ചു. ഈ കേസില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ട്, ആ ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കണമെന്ന് മഞ്ജു പറഞ്ഞത് മുതലാണ് എനിക്കെതിരെയുള്ള ഗൂഢാലോചന ആരംഭിച്ചത്.
അതിന് അന്നത്തെ ഉയര്‍ന്ന ഒരു മേലുദ്യോഗസ്ഥയും അവര്‍ തെരഞ്ഞെടുത്ത ഒരു സംഘം ക്രിമിനല്‍ പൊലീസുകാരും ചേര്‍ന്നാണ് ഇങ്ങനെയൊരു നടപടിയുണ്ടാക്കിയത്.
അതിനായി ഈ കേസിലെ മുഖ്യപ്രതിയെയും കൂട്ടുപ്രതികളെയും കൂട്ടുപിടിച്ച് ഈ പൊലീസ് സംഘം കള്ളക്കഥ മെനഞ്ഞുണ്ടാക്കുകയായിരുന്നു. ഈ പൊലീസ് സംഘം ചില മാധ്യമങ്ങളെയും അവര്‍ക്ക് ഒത്താശ ചെയ്യുന്ന ചില മാധ്യമപ്രവര്‍ത്തകരെയും കൂട്ടുപിടിച്ച് ഈ കള്ളക്കഥ പ്രചരിപ്പിക്കുകയും ചെയ്തു.
ഇന്ന് കോടതിയില്‍ പൊലീസ് സംഘം ഉണ്ടാക്കിയ കള്ളക്കഥ തകരുകയാണ് ചെയ്തത്. എന്നെ പ്രതിയാക്കാനാണ് യഥാര്‍ത്ഥ ഗൂഢാലോചനയുണ്ടായത്. സമൂഹത്തില്‍ എന്റെ കരിയര്‍, ഇമേജ്, ജീവിതം എന്നിവ നശിപ്പിക്കാന്‍ വേണ്ടിയാണ് ഈ ഗൂഢാലോചന ചെയ്തത്,’ ദിലീപ് പറഞ്ഞു.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ ഒന്നുമുതല്‍ ആറ് വരെയുള്ള എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. തോമസാണ് വിധി പുറപ്പെടുവിച്ചത്.
പള്‍സര്‍ സുനിയും ദിലീപും അടക്കം പത്ത് പേരാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടത്. പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാം പ്രതി. മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വി.പി. വിജീഷ്, എച്ച്, സലിം, പ്രദീപ്, ചാര്‍ലി തോമസ്, സനില്‍കുമാര്‍, ജി. ശരത് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.
ഇവരില്‍ പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വി.പി. വിജീഷ്, എച്ച്, സലിം, പ്രദീപ് എന്നിവര്‍ക്കെതിരായ ക്രിമിനല്‍ ഗൂഢാലോചന, അന്യായതടങ്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ആക്രമണം, കൂട്ടബലാത്സംഗം, തെളിവുനശിപ്പിക്കല്‍, തട്ടിക്കൊണ്ടുപോകല്‍, പ്രേരണാക്കുറ്റം, ഐ.ടി നിയമപ്രകാരം സ്വകാര്യ ചിത്രമോ-ദൃശ്യമോ പകര്‍ത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യല്‍, പൊതു ഉദ്ദേശത്തോടെയുള്ള കുറ്റകൃത്യം എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു.
എന്നാല്‍ ഏഴ് മുതല്‍ 10 വരെയുള്ള പ്രതികള്‍ക്കെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നാണ് കോടതി വിധി. ഗൂഢാലോചന കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നാണ് വിധിയില്‍ പറയുന്നത്.
Content Highlight: Actor Dileep says that the conspiracy was actually hatched to implicate him in the actress attack case.