ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് വ്യക്തിത്വം അടിയറവെക്കില്ല; പിണറായി കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയെന്നും ദേവന്‍
Kerala
ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് വ്യക്തിത്വം അടിയറവെക്കില്ല; പിണറായി കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയെന്നും ദേവന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th November 2020, 10:10 am

കൊച്ചി: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ദേവന്‍. ഇടതുസര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നും സ്വര്‍ണക്കടത്ത് അടക്കമുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് മലയാളികളുടെ ആത്മാഭിമാനത്തെ തകര്‍ത്തെന്നും ദേവന്‍ പറഞ്ഞു.

തന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ നയങ്ങള്‍ വിശദീകരിക്കാന്‍ എറണാകുളം പ്രസ് ക്ലബില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വര്‍ണക്കടത്ത് അടക്കമുള്ള വിഷയങ്ങളില്‍ സംസ്ഥാന മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന സത്യം വേദനയോടെയാണ് മലയാളികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞത്. പിണറായി സര്‍ക്കാര്‍ കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമല വിഷയത്തോടെ മുഖ്യമന്ത്രി പിണറായി വിജയനെ കേരളത്തിലെ ജനങ്ങള്‍ക്ക് മനസിലായി. പിണറായി അധികാരമേറ്റപ്പോള്‍ ജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ അദ്ദേഹം ആ വിശ്വാസം തകര്‍ത്തു. നിലവിലെ മുന്നണികള്‍ക്കുള്ള രാഷ്ട്രീയ ബദലാണ് പുതിയ പാര്‍ട്ടിയെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി നേതൃത്വം താനുമായി ചര്‍ച്ച നടത്തിയെന്നും വ്യക്തിത്വം അടിയറ വെയ്ക്കാന്‍ തയാറല്ലാത്തതിനാല്‍ ബി.ജെ.പിയുടെ മുന്നണിയില്‍ ചേരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കില്ല. എന്നാല്‍ സമാന ചിന്താഗതിയുള്ള പ്രാദേശിക പൗരസമിതി സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണയും സഹായവും നല്‍കും.

നിലവിലെ രാഷ്ട്രീയ ജീര്‍ണതയാണ് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ പ്രേരിപ്പിച്ചത്. ഒരു മുന്നണിയുമായും സഹകരിക്കാതെ ഒറ്റയ്ക്ക് സ്വന്തം ചിഹ്നത്തില്‍ മത്സരിക്കും.

സംസ്ഥാനത്തെ മുന്നണികളില്‍ മാലിന്യ സംസ്‌കരണം അനിവാര്യമാണ്. പാര്‍ട്ടികളല്ല, അവയെ നയിക്കുന്ന നേതാക്കളാണ് പ്രശ്നമെന്നും ദേവന്‍ പറഞ്ഞു.

നവകേരള പീപ്പിള്‍സ് പാര്‍ട്ടിയുടെ ഔദ്യോഗിക പതാക പ്രകാശനവും ചടങ്ങില്‍ നടത്തി. പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് ഫ്രാന്‍സിസ്, സംസ്ഥാന കൗണ്‍സില്‍ അംഗം ഡോ. നിസാം, യൂത്ത് വിങ് പ്രസിഡണ്ട് അശോകന്‍ എന്നിവരും പങ്കെടുത്തു.

നടി ആക്രമിക്കപ്പെട്ട കേസില്‍ താരസംഘടനയായ അമ്മയുടെ നിലപാട് ശരിയല്ലെന്നും ദേവന്‍ പറഞ്ഞു.’അമ്മ എന്ന സംഘടന ഇങ്ങനെ തന്നെ മുന്നോട്ട് പോകും. അമ്മയിലായാലും കേരള രാഷ്ട്രീയത്തിലായാലും തിരുത്തലുകള്‍ അനിവാര്യമാണെന്നും ദേവന്‍ പറഞ്ഞു.

കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള കരട് പ്രകടന പത്രികയും നവകേരള പീപ്പിള്‍സ് പാര്‍ട്ടി പുറത്തിറക്കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Devan against Pinarayi Government and BJP