രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത സ്‌പൈ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമായ ധുരന്ധറിന് മികച്ച അഭിപ്രായമാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനകം തന്നെ ചിത്രം 175 കോടിയോളം സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ചിത്രത്തിലെ അക്ഷയ് ഖന്നയുടെ നൃത്തരംഗം ഏറ്റെടുത്ത് തരംഗമാക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ ലോകം.
ചിത്രത്തില്‍ സെക്കന്റുകള്‍ മാത്രം നീണ്ടുനില്‍ക്കുന്ന താരത്തിന്റെ നൃത്ത വീഡിയോ ആണ് വൈറലായിരിക്കുന്നത്. നൃത്തരംഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്തതല്ലെന്നും അക്ഷയ് ഖന്ന സ്വന്തം ഇഷ്ടപ്രകാരം ചെയ്തതാണെന്നുമുള്ള ചിത്രത്തിലെ സഹനടനായ ഡാനിഷിന്റെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഫിലിമിഘ്യാന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
‘ആ രംഗത്തില്‍ നൃത്തം ചെയ്യുന്നവര്‍ക്ക് ഇടയിലേക്കാണ് അക്ഷയ് ഖന്നയുടെ കഥാപാത്രമായ റഹ്‌മാന്‍ കടന്നു വരേണ്ടത്. ഡാന്‍സേഴ്‌സിനെയെല്ലാം കണ്ടപ്പോള്‍ സീനില്‍ നൃത്തം ചെയ്യുന്നുണ്ടോ, ഞാനും രണ്ടും സെറ്റെപ്പ് ഇടട്ടെ എന്ന് ഡയറക്ടറോട് അദ്ദേഹം ചോദിച്ചു. നന്നാവുമെന്നാണ് സാറിന് തോന്നുന്നതെങ്കില്‍ ചെയ്‌തോളൂ എന്ന് ആദിത്യ സര്‍ പറഞ്ഞു.
ധുരന്ധര്‍. Photo: screengrab/ youtube.com
സീന്‍ ഷൂട്ട് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഡാന്‍സ് ചെയ്യുന്ന എല്ലാവരെയും ജസ്റ്റ് ഒന്നു നോക്കിയിട്ട് അദ്ദേഹം തന്നെ നൃത്തം ചെയ്യാന്‍ ആരംഭിച്ചു. ആരും കൊറിയോഗ്രാഫി ചെയ്തിട്ടില്ല, സ്വന്തം കൈയ്യില്‍ നിന്നുമുള്ള സ്റ്റെപ്പ് ഇട്ടാണ് ഡാന്‍സ് ചെയ്തത്. സെറ്റിലുണ്ടായിരുന്ന എല്ലാവരും അത് കണ്ട് അമ്പരന്നു. കട്ട് വിളിച്ചതിന് ശേഷം സെറ്റിലുണ്ടായിരുന്നവര്‍ എല്ലാവരും കൈയ്യടിച്ച് ആര്‍പ്പുവിളിച്ചാണ് അദ്ദേഹത്തെ അഭിനന്ദിച്ചത്.
ഡാന്‍സ് ചെയ്തു കഴിഞ്ഞ് അവിടെ ഇരിക്കാന്‍ പോകുന്ന രംഗത്തില്‍ എക്‌സ്പ്രഷന്‍ മാറുന്ന സീനുണ്ട്, കാരക്ടറിന്റെ ആറ്റിറ്റിയൂഡിലേക്ക് തിരിച്ചു വരുന്നതും വളരെ മനോഹരമായിട്ടാണ് ചെയ്തിട്ടുള്ളത്,’ ഡാനിഷ് പറഞ്ഞു.
യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് നിര്‍മിച്ച ധുരന്ധറില്‍ പാകിസ്ഥാനിലെ അധോലോകത്തിന്റെ നിയന്ത്രണമേറ്റെടുക്കാന്‍ ഇന്ത്യ അയക്കുന്ന ചാരനായാണ് രണ്‍വീര്‍ സിങ് എത്തുന്നത്. മൂന്നരമണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള ചിത്രം രണ്‍വീറിന്റെ കരിയറിലെ തന്നെ മികച്ച ചിത്രമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Content Highlight: actor danish talks about akshay khannas viral dance in durandhar