'സ്റ്റാന്‍ഡപ്പ് കോമഡിയുടെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട്, ഇത്ര ഭയാനകമായൊരു വേര്‍ഷന്‍ ഇതാദ്യാ!'
Kerala
'സ്റ്റാന്‍ഡപ്പ് കോമഡിയുടെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട്, ഇത്ര ഭയാനകമായൊരു വേര്‍ഷന്‍ ഇതാദ്യാ!'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th September 2023, 11:30 am

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിച്ച മുഴുവന്‍ സമയവും എഴുന്നേറ്റ് നിന്ന നടന്‍ ഭീമന്‍ രഘുവിന് സമൂഹമാധ്യമങ്ങളില്‍ ട്രോള്‍മഴ.

സ്റ്റാന്‍ഡ് അപ്പ് കോമഡിയുടെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ടെന്നും എങ്കിലും ഇത്ര ഭയാനകമായൊരു വേര്‍ഷന്‍ ഇതാദ്യമാണെന്നും പറഞ്ഞാണ് സോഷ്യല്‍ മീഡിയ ഭീമന്‍ രഘുവിനെ ട്രോളുന്നത്.

വിധേയത്വം എന്നൊക്കെ കേട്ടിട്ടുണ്ടെന്നും അതിന്റെ പുതിയ നാട്യം ഇപ്പോള്‍ കണ്ടെന്നുമാണ് ചിലരുടെ കമന്റുകള്‍. പിറകില്‍ ഇരിക്കുന്നവര്‍ കുറച്ചു ഡീസന്റ് ആണെന്ന് തോന്നുന്നെന്നും അല്ലെങ്കില്‍ പിടിച്ചു പെരുമാറിയേനെയെന്നുമാണ് മറ്റ് ചില കമന്റുകള്‍.

വില്ലന്മാരൊക്കെ ശിശുസഹജമായ നിഷ്‌കളങ്കതയുടെ നിറകുടങ്ങളാണെന്നും അല്ലെങ്കിലും മറുകണ്ടം ചാടി വരുന്നവര്‍ക്ക് പലതും തെളിയിക്കാനുണ്ടെന്നുമൊക്കെ പ്രതികരിക്കുന്നവരുണ്ട്.

പോക്ക് കണ്ടിട്ട് അടുത്ത് തന്നെ എന്തെങ്കിലും സ്ഥാനം കിട്ടുമെന്നും ആ എക്‌സ്പ്രഷന്‍ കണ്ടിട്ട് പുള്ളി ആരെയോ ട്രോളിയ പോലെയാണ് തോന്നുന്നത് എന്നുമൊക്കെയാണ് മറ്റു ചില കമന്റുകള്‍.

‘നില്‍പ്പനടി എന്നൊക്കെ കേട്ടിട്ടുണ്ട്. ഭീമന്‍രഘുവിന് ഒരു കസേര കിട്ടിയാല്‍ തീരുന്ന പ്രശ്‌നമേയുള്ളൂ. പക്ഷേ പ്ലാസ്റ്റിക് കസേര മതിയാവില്ല’, എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

വ്യാഴാഴ്ച വൈകിട്ടായിരുന്നു 2022-ലെ സംസ്ഥാന ചലച്ചിത്രപുരസ്‌കാര വിതരണം നിശാഗന്ധിയില്‍ നടന്നത്. കുഞ്ചാക്കോ ബോബനും വിന്‍സി അലോഷ്യസും ഉള്‍പ്പെടെ ഒട്ടുമിക്ക പുരസ്‌കാര ജേതാക്കളും ചടങ്ങിനെത്തിയിരുന്നു.

ഉദ്ഘാടന പ്രസംഗം നടത്താനായി മുഖ്യമന്ത്രിയെത്തിയതോടെയാണ് ഭീമന്‍ രഘു എഴുന്നേറ്റ് നിന്നത്. മുഖ്യമന്ത്രി സംസാരിച്ച 15 മിനിറ്റും നടന്‍ സദസില്‍ എഴുന്നേറ്റ് നില്‍ക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ പ്രസംഗം കഴിഞ്ഞപ്പോള്‍ ചരിച്ച് കയ്യടിച്ച് അദ്ദേഹം കസേരയിലിരുന്നു.

മുഖ്യമന്ത്രിയോടുള്ള ബഹുമാന സൂചകമായാണ് ഇങ്ങനെ ചെയ്തതെതെന്നായിരുന്നു പരിപാടിക്ക് ശേഷം ഭീമന്‍ രഘു പ്രതികരിച്ചത്. അച്ഛന്റെ സ്ഥാനത്താണ് മുഖ്യമന്ത്രിയെ കാണുന്നതെന്നും ഭീമന്‍ രഘു പറഞ്ഞിരുന്നു.

”മുഖ്യമന്ത്രിയെ വളരെയധികം ബഹുമാനത്തോടെയാണ് കാണുന്നത്. അദ്ദേഹത്തിന്റെ മറ്റേത് പരിപാടികളിലാണെങ്കിലും ഞാന്‍ എഴുന്നേറ്റുനിന്നാണ് പ്രസംഗം കേള്‍ക്കുക. കാരണം ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. നല്ലൊരു അച്ഛന്‍, നല്ലൊരു മുഖ്യമന്ത്രി, നല്ലൊരു കുടുംബനാഥന്‍. എന്റെ അച്ഛന്റെ രീതിയുമൊക്കെയായി നല്ല സാമ്യമുണ്ടെന്ന് ചില സമയത്ത് തോന്നാറുണ്ട്.”ഭീമന്‍ രഘു പറഞ്ഞു.

രണ്ടുമാസം മുമ്പാണ് ഭീമന്‍ രഘു ബി.ജെ.പി വിട്ട് സി.പി.ഐ.എമ്മിനൊപ്പം ചേര്‍ന്നത്. അന്ന് അദ്ദേഹം എ.കെ.ജി സെന്റര്‍ സന്ദര്‍ശിച്ച ശേഷം പുറത്തിറങ്ങിയത് ചെങ്കൊടി പുതച്ച്, സഖാക്കളേ മുന്നോട്ട് എന്ന ഗാനവും ആലപിച്ചുകൊണ്ടായിരുന്നു.

അതേസമയം ബി.ജെ.പിയില്‍ നിന്നും സിപിഎമ്മിനൊപ്പം എത്തിയതു കൊണ്ടാണോ ഈ ബഹുമാനമെന്ന മാധ്യമ പ്രവര്‍ത്തകന്റ ചോദ്യത്തിന് മറുപടി നല്‍കാന്‍ ഭീമന്‍ രഘു തയ്യാറായില്ല.

Content Highlight: Actor Bheeman Raghu Trolls Viral On Social media