ഞാന്‍ ആദ്യം വേറെ സിനിമ ചെയ്യാമെന്നായിരുന്നു വിചാരിച്ചത്, മിന്നല്‍ മുരളി ആദ്യം ചെയ്യാന്‍ പറഞ്ഞത് അവളാണ്: ബേസില്‍ ജോസഫ്
Entertainment news
ഞാന്‍ ആദ്യം വേറെ സിനിമ ചെയ്യാമെന്നായിരുന്നു വിചാരിച്ചത്, മിന്നല്‍ മുരളി ആദ്യം ചെയ്യാന്‍ പറഞ്ഞത് അവളാണ്: ബേസില്‍ ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 23rd March 2023, 11:53 pm

എലിസബത്ത് ലൈഫിലേക്ക് വന്നതിന് ശേഷമാണ് തനിക്ക് അടുക്കും ചിട്ടയും ഉണ്ടായതെന്ന് നടന്‍ ബേസില്‍ ജോസഫ്. ഭാര്യ നല്ല കഠിനാധ്വാനിയാണെന്നും ഒരുപാട് ആഗ്രഹങ്ങളുള്ള വ്യക്തിയാണെന്നും ബേസില്‍ പറഞ്ഞു.

ഭാര്യയില്‍ നിന്ന് തനിക്ക് ഒരുപാട് ഇന്‍സ്പിരേഷന്‍ ലഭിച്ചിട്ടുണ്ടെന്നും മിന്നല്‍ മുരളി ആദ്യം ചെയ്യാനായി തന്നോട് പറഞ്ഞത് എലിസബത്താണെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു. രേഖ മേനോന് നല്‍കിയ അഭിമുഖത്തിലാണ് ബേസില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”അവള്‍ എന്റെ ജീവിതത്തില്‍ വന്നതിന് ശേഷം എനിക്ക് കുറേ കൂടെ അടുക്കും ചിട്ടയും വന്നു. എന്റെ ഭാര്യ ഭയങ്കര ആഗ്രഹങ്ങളുള്ളയാളാണ്. കഠിനാധ്വാനിയായി വര്‍ക്ക് ചെയ്യും. കൃത്യമായിട്ടുള്ള ടൈം ടേബിള്‍ വെച്ച് സ്റ്റിക്കി നോട്‌സ് ഒക്കെ വെച്ച് എല്ലാം ഫോളോ ചെയ്ത് പോകും.

ഒരുപാട് ആഗ്രഹം ഉള്ള അവളെ വിഷമിപ്പിക്കുന്നതില്‍ നല്ല വിഷമമുണ്ട്. ലൈഫില്‍ ഇങ്ങനെയൊക്കെ പോണം, ഇതൊക്കെ ചെയ്യണം എന്നൊരു വ്യക്തമായ കാഴ്ചപാടുണ്ട്. രാവിലെ അഞ്ചരക്ക് എഴുന്നേറ്റ് ഓടാന്‍ പോകും.

ഇടക്കിടക്ക് ഹാഫ് മാരത്തണ്‍ ഓടും. 21 കിലോമീറ്ററൊക്കെ ഓടിവരും. കൃത്യമായിട്ട് വര്‍ക്ക് ഔട്ടൊക്കെ ചെയ്യും. ഞാന്‍ എട്ട് മണിക്ക് എഴുന്നേല്‍ക്കുമ്പോള്‍ വാട്‌സ് ആപ്പില്‍ 21 കെ, 15 കെ എന്നൊക്കെ കാണാം. അതുകാണുമ്പോള്‍ പോകാമെന്ന് വിചാരിച്ച് ഞാനും എഴുന്നേറ്റ് പോകും.

ഇത്തരത്തില്‍ ഒരുപാട് ഇന്‍സ്പിരേഷനൊക്കെ എനിക്ക് ലഭിച്ചിട്ടുണ്ട്. ഫിറ്റ്‌നസ് ലെവലിലേക്ക് ആയാലും ക്യാരക്ടര്‍ ആയാലും ഞാന്‍ തെറ്റിയാലും അവള്‍ തെറ്റില്ലെന്നൊരു വിശ്വാസം എനിക്കുണ്ട്. അതുകൊണ്ട് ഞാന്‍ എന്ത് തെറ്റ് വന്നാലും കണ്‍ഫ്യൂഷനുണ്ടായാലും ആദ്യം വിളിക്കുന്നത് വൈഫിനെയാണ്.

അവള്‍ പലരുടെയും അഭിമുഖങ്ങള്‍ എടുത്ത് കാണാറുണ്ട്. നിനക്ക് ഇതൊക്കെ അഭിമുഖങ്ങളില്‍ പറഞ്ഞുകൂടെയെന്ന് എന്നോട് ചോദിക്കും. സിനിമ ചെയ്യുന്നതില്‍ ആയാലും ഡയറക്ഷനിലായാലും നല്ല സജഷന്‍സ് അവള്‍ പറയാറുണ്ട്.

മിന്നല്‍ മുരളി ചെയ്യുന്നതിലും അവളുടെ പങ്കുണ്ട്. ഞാന്‍ ആദ്യം വേറെ സിനിമ ചെയ്യാമെന്നായിരുന്നു വിചാരിച്ചത്. നീ ഇപ്പോള്‍ ഇത് ചെയ്യ് എന്ന് പറഞ്ഞത് അവളാണ്,” ബേസില്‍ പറഞ്ഞു.

content highlight: actor basil joseph about his wife