അദ്ദേഹം കോമഡി പറയുന്നത് കേട്ടിട്ട് എന്റെ വയറൊക്കെ വേദനിച്ചു, ചിരിച്ച് ഞാന്‍ മറിഞ്ഞ് വീണു: ബാല
Entertainment news
അദ്ദേഹം കോമഡി പറയുന്നത് കേട്ടിട്ട് എന്റെ വയറൊക്കെ വേദനിച്ചു, ചിരിച്ച് ഞാന്‍ മറിഞ്ഞ് വീണു: ബാല
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 21st November 2022, 8:45 pm

ഉണ്ണി മുകുന്ദന്‍ നായകനാകുന്ന പുതിയ ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ മനോജ് കെ.ജയനും ബാലയുമുണ്ട്. മനോജ് കെ. ജയനുമൊത്തുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ബാല. മനോജ് കെ. ജയന്‍ ഭയങ്കര കൊമേഡിയനാണെന്നും അദ്ദേഹത്തിന് മേലെ കോമഡി പറയുന്ന ഒരു താരവും മലയാളത്തില്‍ ഇല്ലെന്നും ബാല പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ബാല ഇക്കാര്യം പറഞ്ഞത്.

”മനോജ് കെ.ജയനെക്കുറിച്ച് ആര്‍ക്കും അറിയാത്ത ഒരു കാര്യമാണ് ഞാന്‍ പറയാന്‍ പോകുന്നത്. ഇന്ന് മലയാള സിനിമയിലെ ആരെ താരതമ്യം ചെയ്താലും മനോജ് കെ.ജയനേക്കാള്‍ നന്നായി കോമഡി ചെയ്യുന്ന ഒരാളില്ല. അദ്ദേഹം കോമഡി പറയുന്നത് കേട്ടിട്ട് എന്റെ വയറൊക്കെ വേദനിച്ചു.

ചിരിച്ച് ഞാന്‍ മറിഞ്ഞ് വീണു. ചേട്ടാ ഒന്ന് നിര്‍ത്തു എന്ന് എനിക്ക് പറയേണ്ടി വന്നു. അദ്ദേഹം കോമഡിയാണ് പറയുന്നതെന്ന് ആര്‍ക്കും മനസിലാകില്ല. സിമ്പിളായിട്ടാണ് പറയുക. സത്യമാണ് ഞാന്‍ പറയുന്നത് അദ്ദേഹത്തിന്റെ മേലെ ഒരു കൊമേഡിയനും ഇവിടെ ഇല്ല.

എനിക്ക് കിട്ടിയ ഏറ്റവും വലിയ സ്വത്ത് എന്നും ഭാഗ്യമെന്നും അദ്ദേഹത്തെ വിളിക്കാം. ഞാന്‍ എന്റെ മകളേയും കൊണ്ട് ജീവിതത്തില്‍ ഓടിയതാണെന്നും എന്നോട് തളരരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. തിരിച്ച് വരണം കൂടെ ഞാനുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്.

സിനിമ എത്രകാലം ഉണ്ടാകുമെന്ന് അറിയില്ല. എത്രകാലം ഈ സൗഭാഗ്യങ്ങള്‍ ഉണ്ടാകുമെന്ന് അറിയില്ല. വിളിച്ച് ഭക്ഷണം കഴിച്ചോയെന്ന് ചോദിക്കാനുള്ള മനസ് എത്ര പേര്‍ക്ക് ഉണ്ട്,” ബാല പറഞ്ഞു.

നവാഗതനായ അനൂപ് പന്തളമാണ് ഷെഫീക്കിന്റെ സന്തോഷം സംവിധാനം ചെയ്യുന്നത്. തന്റെ സ്വാഭാവിക ശബ്ദത്തിലും ശൈലിയിലുമാണ് ചിത്രത്തില്‍ ബാല സംസാരിക്കുന്നത്. ദി ഈസ് റാങ്ങ് എന്ന തന്റെ തന്നെ വൈറലായ ഡയലോഗും ട്രെയിലറില്‍ താരം പറയുന്നുണ്ട്. നവംബര്‍ 25-ന് സിനിമ തിയറ്ററുകളില്‍ റിലീസ് ചെയ്യും. ദിവ്യാ പിള്ള, ആത്മീയാ രാജന്‍, ഷഹീന്‍ സിദ്ദിഖ്, മിഥുന്‍ രമേശ്, സ്മിനു സിജോ എന്നിവരും മറ്റ് മുഖ്യവേഷങ്ങളിലുണ്ട്.

content highlight: actor bala about manoj. k. jayan