എന്തിനാണ് മറ്റുള്ളവരുടെ വസ്ത്രം നോക്കുന്നത്, മര്യാദക്ക് അവനവന്റെ കാര്യം നോക്കി നടക്ക്; പത്താന്‍ വിവാദക്കാരുടെ വായടപ്പിച്ച് ബൈജു
Entertainment news
എന്തിനാണ് മറ്റുള്ളവരുടെ വസ്ത്രം നോക്കുന്നത്, മര്യാദക്ക് അവനവന്റെ കാര്യം നോക്കി നടക്ക്; പത്താന്‍ വിവാദക്കാരുടെ വായടപ്പിച്ച് ബൈജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 21st December 2022, 2:08 pm

ദീപിക പദുക്കോണും ഷാരൂക് ഖാനും ചേര്‍ന്ന് അഭിനയിച്ച പത്താന്‍ എന്ന സിനിമയിലെ ഗാനവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്ന് വലിയ പ്രതിഷേധമാണ് ഗാനത്തിനെതിരെ ഉയര്‍ന്നത്. പത്താനിലെ ഗാനത്തില്‍ കാവി നിറത്തെ ആക്ഷേപകരമായി ചിത്രീകരിച്ചുവെന്നാണ് സംഘപരിവാര്‍ ആരോപിക്കുന്നത്. ഈ വിഷയത്തില്‍ പ്രതികരിക്കുകയാണ് നടന്‍ ബൈജു.

ഓരോരുത്തരും അവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ഇടുകയോ ഇടാതിരിക്കുകയോ ചെയ്യേട്ടേയെന്നും, അവനവന്റെ കാര്യം നോക്കി മര്യാദക്ക് ജീവിക്കാനും ബൈജു പറഞ്ഞു. സ്വന്തം വീട്ടിലെ കാര്യമല്ല പലരും നോക്കുന്നതെന്നും അപ്പുറത്തവന്റെ വീട്ടിലെന്താ നടക്കുന്നതെന്ന് നോക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പത്ര സമ്മേളനമായിപ്പോയി അല്ലെങ്കില്‍ ഇതില്‍ കൂടുതല്‍ പറയുമായിരുന്നുവെന്നും താരം പറഞ്ഞു. വാമനന്‍ എന്ന പുതിയ സിനിമയുടെ ഭാഗമായി നടത്തിയ പ്രസ് മീറ്റിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘അവരവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ഇടുകയോ ഇടാതിരിക്കുകയോ ചെയ്യട്ടെ. അതിലൊക്കെ ആര്‍ക്കാണിത്ര കുത്തിക്കഴപ്പ്. അവനവന്റെ കാര്യം നോക്കി മര്യാദക്ക് നടന്നാല്‍ പോരേ. എന്തിനാണ് മറ്റുള്ളവരിടുന്ന ഡ്രസ് നോക്കാന്‍ പോകുന്നത്. സ്വന്തം വീട്ടിലെ കാര്യമല്ല നോക്കുന്നത്. അപ്പുറത്തെ വീട്ടുകാരന്റെ ജനലിലൂടെ അവിടെ എന്താണ് നടക്കുന്നതെന്ന് എത്തിനോക്കുകയാണ്. അതൊന്നും നോക്കാതിരുന്നാല്‍ ഈ കഴപ്പങ്ങ് തീരും. അത്രേയുള്ളു.

അത് മാത്രമല്ല, ആ പാട്ടില്‍ ആ കളറിലുള്ള ഒരു ഡ്രസ് മാത്രമല്ലയിട്ടിരിക്കുന്നത്. ഒരേ ഡ്രസ് മാത്രമാണ് കാണിക്കുന്നതെങ്കില്‍ പറയുന്നതില്‍ എന്തെങ്കിലും കാര്യമുണ്ടെന്ന് പറയാം. എന്നാല്‍ ഒരുപാട് വസ്ത്രങ്ങള്‍ ആ പാട്ടില്‍ മാറി മാറി വരുന്നുണ്ട്. ഇത്രയും പത്രക്കാരും ചാനലുകാരുമുള്ളത് കൊണ്ടാണ് ഞാന്‍ ഇത്രയും കുറച്ച് പറഞ്ഞത്. ബാക്കി ഞാന്‍ പിന്നെ പറയാം,’ ബൈജു പറഞ്ഞു.

പത്താനിലെ ബേഷര രംഗ് എന്ന ഗാനവുമായി ബന്ധപ്പെട്ടാണ് ഇത്തരത്തില്‍ വിവാദങ്ങള്‍ ഉയര്‍ന്ന് വന്നത് ഈ വിഷയത്തില്‍ കഴിഞ്ഞ ദിവസം പൃഥ്വിരാജ് സുകുമാരനും പ്രതികരിച്ചിരുന്നു. ഒരു കലാരൂപത്തെ ഇത്തരം നിരീക്ഷണങ്ങള്‍ക്കും വീക്ഷണങ്ങള്‍ക്കും വിധേയമാക്കുന്നതില്‍ ദുഖമുണ്ടെന്നാണ് കാപ്പ എന്ന ചിത്രത്തിന്റെ പ്രസ് മീറ്റില്‍ വെച്ച് പൃഥ്വിരാജ് പറഞ്ഞത്.

സിനിമ ഹിന്ദുത്വത്തെ അപമാനിക്കുന്നതാണെന്നാണ് മഹാരാഷ്ട്രയിലെ ബി.ജെ.പി എം.എല്‍.എ റാം കദം ആരോപിച്ചത്. മഹാരാഷ്ട്രയില്‍ ഈ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും എം.എല്‍.എ വ്യക്തമാക്കി.

പത്താനിലെ ഗാനത്തില്‍ കാവി നിറത്തെ ആക്ഷേപകരമായി ചിത്രീകരിച്ചുവെന്നാണ് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞത്. ദീപികയുടെ വസ്ത്രധാരണത്തിലും സിനിമയിലെ ഗാനരംഗത്തിലും തിരുത്തല്‍ നടത്തേണ്ടതുണ്ട്. അവ ശരിയാക്കണം. അല്ലെങ്കില്‍ ഈ സിനിമ മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കുകയില്ല എന്നും നരോത്തം മിശ്ര പറഞ്ഞു.

 

content highlight: actor baiju share his opinion about pathaan issue