ശരിക്കും സിനിമയിലെ ഹീറോ സംയുക്തയാണ്; ഇനി 35കോടിയുടെ സിനിമയെടുത്താല്‍ മലയാളത്തില്‍ അഭിനയിക്കുമായിരിക്കും: ബൈജു
Entertainment news
ശരിക്കും സിനിമയിലെ ഹീറോ സംയുക്തയാണ്; ഇനി 35കോടിയുടെ സിനിമയെടുത്താല്‍ മലയാളത്തില്‍ അഭിനയിക്കുമായിരിക്കും: ബൈജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 25th February 2023, 8:53 am

ഷൈന്‍ ടോം ചാക്കോ നായകനായെത്തുന്ന ബൂമറാംഗ് എന്ന സിനിമയില്‍ നായികയായ സംയുക്ത പ്രൊമോഷന് വരുന്നില്ലെന്നും കാര്യം അന്വേഷിച്ചപ്പോള്‍ മലയാള സിനിമയില്‍ ഇനി അഭിനയിക്കുന്നില്ലെന്ന് പറഞ്ഞുവെന്നും നടന്‍ ഷൈന്‍ ടോം ചാക്കോയും സിനിമയുടെ നിര്‍മാതാവും അടക്കമുള്ളവര്‍ പ്രസ് മീറ്റില്‍ പറഞ്ഞിരുന്നു. ആ വിഷയത്തില്‍ പ്രതികരിക്കുകയാണ് നടന്‍ ബൈജു.

എന്തുകൊണ്ടാണ് സംയുക്ത പ്രൊമോഷന് വരാത്തതെന്ന് തനിക്കറിയില്ലെന്നും ചിലപ്പോള്‍ മറ്റേതെങ്കിലും സിനിമയുടെ ഷൂട്ടിലായിരിക്കുമെന്നും ബൈജു പറഞ്ഞു. സിനിമയക്ക് പ്രൊമോഷന്‍ നല്‍കുന്ന കാര്യം ആരു പറഞ്ഞ് ചെയ്യിപ്പിക്കേണ്ടതല്ലെന്നും സ്വന്തമായി തോന്നണ്ടതാണെന്നും താരം പറഞ്ഞു. സിനിമയിലെ ഹീറോ സംയുക്തയാണെന്നും പ്രസ് മീറ്റില്‍ സംസാരിക്കവെ ബൈജു മാധ്യമങ്ങളോട് പറഞ്ഞു.

‘എന്തുകൊണ്ടാണ് ആ കുട്ടി വരാത്തതെന്ന് എനിക്കറിയില്ല. ചിലപ്പോള്‍ വേറെ ഏതെങ്കിലും സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് പോയതായിരിക്കും. ആ കുട്ടി ഇപ്പോള്‍ ഷൂട്ടിങ്ങില്‍ വല്ലോം ആയിരിക്കും. വേറെ സിനിമക്ക് ഡേറ്റ് കൊടുക്കാതിരിക്കാന്‍ പറ്റില്ലല്ലോ. അത് മാത്രമല്ല നമ്മുടെ സിനിമയുടെ റിലീസ് ഒരുപാട് തവണ മാറ്റിവെച്ചല്ലോ.

സോഷ്യല്‍ മീഡിയയിലൂടെ പ്രൊമോഷന്‍ നടത്തുന്ന കാര്യം നമ്മളാരും പറഞ്ഞ് പഠിപ്പിച്ച് ചെയ്യിപ്പിക്കേണ്ടതല്ലല്ലോ. ഇതൊക്കെ സ്വന്തമായിട്ട് തോന്നണം. ശരിക്കും പറഞ്ഞാല്‍ സംയുക്തയാണ് ഈ സിനിമയിലെ ഹീറോയെന്ന് പറയുന്നത്. അവളെ സംബന്ധിച്ച് കുറച്ച് കൂടി സിനിമയുടെ കാര്യത്തില്‍ മുന്‍കയ്യെടുക്കണമായിരുന്നു. അത് സിനിമക്ക് കുറച്ചുകൂടി ഗുണം ചെയ്യുമായിരുന്നു.

ആ കുട്ടി എന്തുകൊണ്ടാണ് വരാത്തതെന്ന് എനിക്കറിയില്ല. അവര്‍ എവിടെയാണെന്നോ ഏത് സിനിമയുടെ ഷൂട്ടിലാണെന്നോ അറിയില്ല. പിന്നെ 35കോടിയുടെ സിനിമയിലെ അഭിനയിക്കൂ എന്നുപറയുന്നു. അതിനെ കുറിച്ചും എനിക്കറിയില്ല. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ മലയാളത്തില്‍ 35കോടിയുടെ സിനിമയെടുത്താല്‍ അഭിനയിക്കുമായിരിക്കും,’ ബൈജു പറഞ്ഞു.

content highlight: actor baiju about samyuktha and boomarang movie