ഫൈറ്റും ഹ്യൂമറും ഒരുമിച്ച് കൊണ്ടുപോകാന്‍ ഈ നടന് മാത്രമെ കഴിയൂ: ബൈജു
Entertainment news
ഫൈറ്റും ഹ്യൂമറും ഒരുമിച്ച് കൊണ്ടുപോകാന്‍ ഈ നടന് മാത്രമെ കഴിയൂ: ബൈജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 8th March 2023, 3:24 pm

ലോകസിനിമയിലെ അത്ഭുതമായി തനിക്ക് തോന്നിയിട്ടുള്ളത് ജാക്കി ചാനെയാണെന്ന് നടന്‍ ബൈജു. മറ്റുള്ളവരുടെ അഭിപ്രായം എന്താണെന്ന് അറിയില്ലെന്നും തനിക്ക് അത്ഭുതമായിട്ട് തോന്നിയത് അദ്ദേഹത്തെയാണെന്നും ബൈജു പറഞ്ഞു.

ഡയലോഗ് പറഞ്ഞ് അഭിനയിക്കാന്‍ തൊണ്ണൂറ് ശതമാനം ആളുകള്‍ക്കും പറ്റും, എന്നാല്‍ ഇതുപോലെ ഫൈറ്റും ഹ്യൂമറും ഒരുമിച്ച് കൈകാര്യം ചെയ്യാന്‍ ജാക്കിച്ചാന് മാത്രമെ കഴിയുകയുള്ളു എന്നാണ് ബൈജു പറഞ്ഞത്. കാന്‍ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ബൈജു ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ലോകസിനിമയിലെ അത്ഭുതം ആയിട്ട് എനിക്ക് തോന്നിയിട്ടുള്ളത് ജാക്കി ചാനെയാണ്. മറ്റുള്ളവരുടെ മനോഭാവം എന്താണെന്ന് എനിക്ക് അറിയില്ല. എനിക്ക് അത്ഭുതമായിട്ട് തോന്നിയിട്ടുള്ളത് അദ്ദേഹത്തെയാണ്.

കാരണം ഡയലോഗ് പറഞ്ഞ് അഭിനയിക്കാനൊക്കെ തൊണ്ണൂറ് ശതമാനം ആളുകള്‍ക്കും പറ്റും. പക്ഷെ ഇത് പോലെ ഫൈറ്റ് ചെയ്യാനൊക്കെ ആരെ കൊണ്ടെങ്കിലും പറ്റുമോ. ഒരാളെ കൊണ്ടും പറ്റില്ല.

ജാക്കി ചാന്‍ ലോക സിനിമയുടെ അത്ഭുതമാണ്. ഫൈറ്റ് മാത്രമല്ല അതിന്റെ ഇടയില്‍ ഹ്യൂമറും കൂടെയുണ്ട്. അതിന് ഭാഷ പോലുമില്ല. ഒരു രക്ഷയുമില്ലാത്ത പ്രകടനമാണ് ജാക്കി ചാന്റേത്. അസാധ്യ മനുഷ്യനാണ് അയാള്‍,” ബൈജു പറഞ്ഞു.

ബൂമറാംഗ് ആണ് ബൈജുവിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. ഷൈന്‍ ടോം ചാക്കോ, സംയുക്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനു സുധാകരനാണ് ചിത്രം സംവിധാനം ചെയ്തത്. ഫിബ്രുവരി 24നാണ് ചിത്രം തിയേറ്ററില്‍ റിലീസായത്.

content highlight: actor baiju about jakki chan