ജീവിതം വെറുത്തുപോകുന്ന നിമിഷമേത്? സാധനമൊന്നും കയ്യിലില്ലാതിരിക്കുകയും അന്ന് ഒന്നാം തിയതി ആണെന്നും അറിയുമ്പോള്‍; തഗ്ഗുമായി ബാബുരാജ്
Movie Day
ജീവിതം വെറുത്തുപോകുന്ന നിമിഷമേത്? സാധനമൊന്നും കയ്യിലില്ലാതിരിക്കുകയും അന്ന് ഒന്നാം തിയതി ആണെന്നും അറിയുമ്പോള്‍; തഗ്ഗുമായി ബാബുരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 17th August 2023, 11:53 am

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബാബുരാജ്. വില്ലനായും സഹനടനായും ഏറെ നാളായി മലയാള സിനിമയുടെ ഭാഗമാണ് അദ്ദേഹം. ഇടക്കാലത്ത് കോമഡി റോളുകളില്‍ കൂടി തിളങ്ങിയ ബാബുരാജിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം കുഞ്ഞമ്മിണീസ് ഹോസ്പിറ്റലാണ്.

സിനിമയുടെ ഭാഗമായി ബാബുരാജ് സില്ലി മോങ്ക്‌സിന് നല്‍കിയ ഒരു അഭിമുഖത്തില്‍ അദ്ദേഹം നല്‍കുന്ന രസകരമായ ചില മറുപടികളാണ് ഇപ്പോള്‍ വൈറലാകുന്നത്.

‘ബാബുരാജ് ജീവിതം സ്വയം വെറുത്തുപോകുന്നതെപ്പോള്‍ എന്നതായിരുന്നു ഒരു ചോദ്യം. ചില ഓപ്ഷനുകള്‍ കൂടി ബാബുരാജിന് അവതാരകന്‍ നല്‍കി.

കിങ്ഫിഷര്‍ ബിയര്‍ കമ്പനി ബിയര്‍ നിര്‍മാണം നിര്‍ത്തി എന്ന് കേള്‍ക്കുമ്പോള്‍, സര്‍ക്കാര്‍ മദ്യത്തിന് വിലകൂട്ടിയെന്ന് കേള്‍ക്കുമ്പോള്‍, വാണിവിശ്വനാഥ് സിനിമയില്‍ അഭിനയിക്കാതിരിക്കാനുള്ള കാരണം ബാബുരാജ് ആണെന്ന് ആളുകള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍, ഫോണ്‍ ചാര്‍ജില്‍ ഇട്ടിട്ട് സ്വിച്ച് ഓണ്‍ ആക്കാന്‍ മറക്കുമ്പോള്‍ എന്നിങ്ങനെയുള്ള ഓപ്ഷനുകളായിരുന്നു അവതാരകന്‍ നല്‍കിയത്.

ബിയറിനോട് തനിക്ക് താത്പര്യമില്ലെന്നും അതുകൊണ്ട് അതല്ലെന്നുമായിരുന്നു ബാബുരാജിന്റെ ആദ്യ മറുപടി. പിന്നെ വാണി അഭിനയിച്ചില്ലെന്ന് ഇനി ആരും പറയില്ലെന്നും ഒരു പുതിയ മലയാള സിനിമയിലൂടെ വാണി തിരിച്ചുവരികയാണെന്നും അതിന്റെ ഷൂട്ട് തുടങ്ങിയെന്നുമായിരുന്നു ബാബുരാജ് പറഞ്ഞത്.

ഈ പറയുന്നതൊന്നുമല്ലെന്നും ജീവിതം വെറുത്തുപോകുന്ന ഒരു നിമിഷം എന്ന് പറയുന്നത് സാധനമൊന്നും കയ്യിലില്ലാതെ ഇരിക്കുകയും അന്ന് ഒന്നാം തീയതി ആണെന്നും അറിയുമ്പോഴാണെന്നുമായിരുന്നു ബാബുരാജിന്റെ മറുപടി.

അങ്ങനെ ഒരു അവസ്ഥ വരുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ജീവിതം വെറുത്തുപോകുന്ന ഫീല്‍ ഉണ്ടാകുമെന്നായിരുന്നു ചിരിയോടെ ബാബുരാജ് തുടര്‍ന്നത്.

നമ്മുടെ നാട്ടില്‍ മാത്രമല്ലേയുള്ളൂ ഈ ഒന്നാം തീയതി പരിപാടി. അടുത്തിടെ സര്‍ക്കാര്‍ എല്ലാം ജനകീയമാക്കാന്‍ പോകുന്നു എന്നൊരു വാര്‍ത്ത കണ്ടു. എല്ലായിടത്തും മുട്ടിന് മുട്ടിന് കടകള്‍ തുറക്കാന്‍ പോകുന്നു എന്ന്. ഗോവ പോലെ നമ്മുടെ നാടും മാറുന്നത് ഞാന്‍ ഇങ്ങനെ സ്വപ്‌നം കണ്ടു തുടങ്ങി.

വീടിന്റെ അടുത്തുള്ള പെട്ടിക്കടയിലേക്ക് ഞാന്‍ ഒരാളെ പറഞ്ഞയക്കുന്നു. അപ്പോള്‍ കടക്കാരന്‍ ആ സാധനം ഇല്ല. പകരം വേറൊരു സാധനം വന്നിട്ടുണ്ടെന്ന് പറയുന്നു. അതും മേടിച്ച് എന്റെ വീട്ടില്‍ ആള് വരുന്നു (ചിരി) അതൊക്കെ ഞാന്‍ സ്വപ്‌നം കണ്ടു,’ എന്നായിരുന്നു ബാബുരാജിന്റെ മറുപടി.

മലയാളത്തില്‍ ഏറ്റവും നല്ല ശരീര സൗന്ദര്യം ഉള്ള നടന്‍ ഇവരില്‍ ആരാണെന്നായിരുന്നു അടുത്ത ചോദ്യം. ഉണ്ണി മുകുന്ദന്‍, അബു സലീം, ബാബുരാജ്, റിയാസ് ഖാന്‍ എന്നിവരെയായിരുന്നു ഓപ്ഷനായി നല്‍കിയത്. എന്നാല്‍ ഈ പറഞ്ഞവര്‍ അല്ലാതെ വേറെ ഒരു വ്യക്തിയെ പറയാമോ എന്നായിരുന്നു ബാബുരാജിന്റെ തിരിച്ചുള്ള ചോദ്യം.

ഈ പറഞ്ഞതില്‍ ഉണ്ണി മുകുന്ദന്‍ ആണ്. പിന്നെ ടൊവിനോയെ നിങ്ങള്‍ വിട്ടുപോയി. ശരീരം നന്നായി സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ആളുകളാണ് ഇവര്‍. പക്ഷേ വ്യക്തിപരമായി ഈ കാര്യത്തില്‍ എനിക്ക് ആരാധനയുള്ളത് മമ്മൂക്കയോടും അബു സലീമിനോടുമാണ്. മമ്മൂക്ക വര്‍ക്ക് ഔട്ട് ചെയ്യുമ്പോള്‍ അസൂയ തോന്നും. ഈ പ്രായത്തിലും ജിം ഒക്കെ അദ്ദേഹത്തിന് ആവേശമാണ്. പ്രായം വിടൂ. പ്രായം പറയുന്നത് മമ്മൂക്കയ്ക്ക് ഇഷ്ടമല്ല. കഴിഞ്ഞ ദിവസം അമ്മയുടെ പരിപാടിയുണ്ടായിരുന്നു. റിഹേഴ്‌സലിന് ബസൂക്കയുടെ പടത്തിന്റെ ഫൈറ്റ് കഴിഞ്ഞ് വരികയാണ് മമ്മൂക്ക. എടാ ഇന്ന് നമ്മുടെ ഫൈറ്റായിരുന്നു. പണ്ടത്തെപ്പോലെയാന്നുമല്ല ഇപ്പോള്‍ ഭയങ്കര ഹെവിയാണ് എന്നാണ് മമ്മൂക്ക എന്നോട് പറഞ്ഞത് (ചിരി). കണ്ടുപഠിക്കേണ്ട കാര്യമാണ് അതൊക്കെ,’ ബാബുരാജ് പറഞ്ഞു.

Content Highlight: Actor baburaj Thug Reply on Drinking Alcohol