വര്‍ക്ക് ഔട്ടിന്റെ കാര്യത്തില്‍ ആരാധന തോന്നിയിട്ടുള്ളത് രണ്ട് വ്യക്തികളോട്: ബാബുരാജ്
Entertainment news
വര്‍ക്ക് ഔട്ടിന്റെ കാര്യത്തില്‍ ആരാധന തോന്നിയിട്ടുള്ളത് രണ്ട് വ്യക്തികളോട്: ബാബുരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 30th August 2023, 9:35 am

മമ്മൂട്ടിയുടെ ശരീര പരിപാലനത്തെ പറ്റി സംസാരിക്കുകയാണ് നടന്‍ ബാബുരാജ്. ഇക്കാര്യത്തില്‍ തനിക്ക് വ്യക്തിപരമായി ആരാധന തോന്നിയ രണ്ട് വ്യക്തികള്‍ മമ്മൂട്ടിയും അബു സലീമുമാണെന്ന് ബാബുരാജ് പറഞ്ഞു. അമ്മയുടെ പരിപാടിക്ക് വന്നപ്പോള്‍ ബസൂക്ക ഷൂട്ടിലെ ഫൈറ്റിനെ പറ്റി മമ്മൂട്ടി സംസാരിച്ചതും ബാബുരാജ് സില്ലി മോങ്ക്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചു.

‘ശരീര സൗന്ദര്യത്തെക്കാളുപരി വര്‍ക്ക് ഔട്ട് ചെയ്യാനാഗ്രഹിക്കുന്ന, ശരീരം നന്നായി സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് ഞാന്‍.

പക്ഷേ എനിക്ക് വ്യക്തിപരമായി ഇക്കാര്യങ്ങളില്‍ ആരാധന തോന്നിയിട്ടുള്ളത് മമ്മൂക്കയോടും അബു സലീമിനോടുമാണ്. പ്രായത്തിന്റെ കാര്യം വിടൂ. പ്രായം പറയുന്നത് മമ്മൂക്കക്ക് ഇഷ്ടമല്ല. മമ്മൂക്ക അടിപൊളിയായി വര്‍ക്ക് ഔട്ട് ചെയ്യുന്നത് കാണുമ്പോള്‍ നമുക്ക് സന്തോഷം തോന്നും. അദ്ദേഹത്തെ കണ്ട് പഠിക്കണം.

അമ്മയുടെ പരിപാടിക്ക് മമ്മൂക്ക ബസൂക്കയിലെ ഫൈറ്റ് കഴിഞ്ഞ് വന്നിരിക്കുകയാണ്. ഡാ ഇന്ന് ഫൈറ്റായിരുന്നു, പണ്ടത്തെ പോലൊന്നുമല്ല, ഇപ്പോള്‍ ഭയങ്കര ഹെവി ആണെന്ന് മമ്മൂക്ക പറഞ്ഞു. പണ്ടത്തെ പോലല്ലല്ലോ, സിസ്റ്റം ആകെ മാറിയല്ലോ, ഇപ്പോള്‍ മുഴുവന്‍ കെട്ടിത്തൂക്കലും എയറില്‍ പോവലുമല്ലേ. പണ്ട് നിന്ന് വെറുതെ ഇടിച്ചാല്‍ നമ്മള്‍ അങ്ങ് മറിഞ്ഞുവീഴും,’ ബാബുരാജ് പറഞ്ഞു.

കുഞ്ഞമ്മണീസ് ഹോസ്പിറ്റലാണ് ഒടുവില്‍ തിയേറ്ററുകളിലെത്തിയ ബാബുരാജിന്റെ ചിത്രം. ഓഗസ്റ്റ് 11ന് റിലീസ് ചെയ്ത ചിത്രത്തില്‍ ഇന്ദ്രജിത്ത്, നൈല ഉഷ, പ്രകാശ് രാജ്, സരയൂ മോഹന്‍, ഹരിശ്രീ അശോകന്‍, ബിനു പപ്പു, ബിജു സോപാനം, ജെയിംസ് ഏലിയാ, സുധീര്‍ പറവൂര്‍, ശരത്, പ്രശാന്ത് അലക്സാണ്ടര്‍, ഉണ്ണി രാജാ, അല്‍ത്താഫ് മനാഫ്, ഗംഗ മീര, മല്ലിക സുകുമാരന്‍ തുടങ്ങിയവരാണ് അഭിനയിച്ചത്. സനല്‍ വി. ദേവനാണ് ചിത്രം സംവിധാനം ചെയ്തത്.

‘പ്രിയന്‍ ഓട്ടത്തിലാണ്’ എന്ന ചിത്രത്തിനു ശേഷം വൗ സിനിമാസിന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമനാണ് ചിത്രം നിര്‍മിച്ചത്. ഫാന്റസി കോമഡി ത്രില്ലര്‍ ഗണത്തിലുള്ള ചിത്രത്തിന് അഭയകുമാര്‍ കെ., അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് കഥയും തിരക്കഥയും സംഭാഷണമെഴുതിയത്.

Content Highlight: Actor Baburaj talks about Mammootty’s work out