കാന്താരയും ആര്‍.ആര്‍.ആര്‍ പോലെയുള്ളവയെക്കുറിച്ച് ഒരുപാട് സംസാരിക്കുന്നു; നമ്മുടെ ഭാഷയിലെ സിനിമകളെ നമ്മള്‍ താറടിച്ചു കാണിക്കുന്നു: ബാബുരാജ്
Entertainment news
കാന്താരയും ആര്‍.ആര്‍.ആര്‍ പോലെയുള്ളവയെക്കുറിച്ച് ഒരുപാട് സംസാരിക്കുന്നു; നമ്മുടെ ഭാഷയിലെ സിനിമകളെ നമ്മള്‍ താറടിച്ചു കാണിക്കുന്നു: ബാബുരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 27th December 2022, 11:33 pm

റിലീസ് ദിവസം തന്നെ സിനിമ കണ്ട് നെഗറ്റീവ് റിവ്യൂ പറയുന്നവര്‍ക്കെതിരെ നടന്‍ ബാബുരാജ്. പണം കൊടുത്തു സിനിമ കാണുന്നവര്‍ക്ക് അഭിപ്രായം പറയാനുള്ള അവകാശമുണ്ട്.

പക്ഷേ എല്ലാ പടവും റിലീസ് ദിവസം തന്നെ കണ്ട് മോശം അഭിപ്രായം പൊതുമധ്യത്തില്‍ പറയുന്നവരുടെ ഉദ്ദേശ്യം വേറെയാണെന്നാണ് അദ്ദേഹം പറഞ്ഞത്. പുതിയ ചിത്രം തേര് എന്ന പുതിയ ചിത്രത്തിന്റെ ഭാഗമായി നടന്ന പ്രസ്മീറ്റിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”സിനിമയെക്കുറിച്ച് അഭിപ്രായം പറയുവാനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ട്. പക്ഷേ ഒരു വ്യക്തി തന്നെ എല്ലാ സിനിമകളെക്കുറിച്ചും പറയുമ്പോള്‍ അത് മറ്റൊരു വേര്‍ഷനിലേക്ക് എത്തുന്നു.

ടിക്കറ്റെടുത്ത് തിയേറ്ററില്‍ സിനിമ കാണുന്ന ആള്‍ക്ക് പറയാനുള്ള അവകാശം നൂറുശതമാനം ഉണ്ട്. പക്ഷേ അത് പരസ്യമായി പറയാന്‍ രണ്ടു ദിവസം വെയ്റ്റ് ചെയ്തുകൂടേ എന്നു മാത്രമേ ഞാന്‍ ചോദിക്കുന്നുള്ളൂ. രണ്ടു ദിവസം സമയം കൊടുക്കൂ, ചിലപ്പോള്‍ ആ സിനിമ രക്ഷപ്പെട്ടു പോയാലോ.

ഒരാള്‍ക്ക് ഇഷ്ടപ്പെടുന്ന പടം മറ്റൊരാള്‍ക്ക് ഇഷ്ടമാകണമെന്നില്ല. ഇപ്പോള്‍ത്തന്നെ, അവതാറിനെക്കുറിച്ച് എന്തെല്ലാം പറഞ്ഞുകൊണ്ടിരിക്കുന്ന സമയമാണ്. അഭിപ്രായം പറയാന്‍ എല്ലവര്‍ക്കും അവകാശമുണ്ട്. എന്ന് കരുതി എല്ലാ പടവും ആദ്യ ദിവസം പോയി കണ്ട് പുറത്തിറങ്ങി ക്യാമറയും കൊണ്ട് നടക്കുന്നവരെ വിളിച്ചുവരുത്തി മോശം അഭിപ്രായം പറഞ്ഞ് സിനിമയെ താറടിച്ചു കാണിക്കുന്നത് ശരിയാണോ?

ചില വിദ്വാന്മാര്‍ ഇങ്ങനെ മോശം പറയുന്നതിനുവേണ്ടിത്തന്നെ തിയറ്ററുകളിലെത്താറുണ്ട്. ക്യാമറയുടെ പുറകെ പോയി സിനിമയെക്കുറിച്ച് മോശം പറയുകയാണ് ഇവരുടെ രീതി. അങ്ങനെ മനഃപൂര്‍വം സിനിമയെ താറടിച്ചു കാണിക്കേണ്ടതുണ്ടോ എന്നാണ് എന്റെ ചോദ്യം.

ആദ്യ ദിവസം ആദ്യ ഷോ തന്നെ പോയിക്കണ്ട് അഭിപ്രായം പബ്ലിക് ആയി പറയുകയാണ്. അങ്ങനെയൊരു വൈരാഗ്യമൊന്നും ആരോടും കാണിക്കരുത്. പണ്ടൊക്കെ ഒരുപാടു മോശം അഭിപ്രായം കേട്ടുകൊണ്ടിരുന്നതാണ് കന്നഡ സിനിമയൊക്കെ. ഇപ്പോള്‍ കന്നഡ സിനിമ ഇന്ത്യയില്‍ തന്നെ ഏറ്റവും മികച്ച നിലവാരത്തിലെത്തി. കാന്താരയും ആര്‍.ആര്‍.ആര്‍ പോലെയുള്ള ചിത്രങ്ങളെക്കുറിച്ച് ഒരുപാട് സംസാരിക്കുന്നില്ലെ. അവിടെയൊന്നും ഇത്രയും അഭിപ്രായം പറയുന്നവരെ കാണാനില്ല.

നമ്മുടെ ഭാഷയിലെ സിനിമകളെത്തന്നെ നമ്മള്‍ താറടിച്ചു കാണിക്കുകയാണ്. ഇത്രയും ചാനലുകാര്‍ ഇങ്ങനെ എഴുതി വയ്ക്കുമ്പോള്‍ പല ആള്‍ക്കാര്‍ക്കും നമ്മുടെ ഇന്‍ഡസ്ട്രിയില്‍ വരാന്‍ ഭയമുണ്ട്. ഇത്തരത്തില്‍ പറയുന്ന അഭിപ്രായങ്ങള്‍ സിനിമയുടെ എല്ലാ ബിസിനസിനെയും ബാധിക്കുകയാണ്”ബാബുരാജ് പറഞ്ഞു.

content highlight: actor baburaj about movie