ഞാന്‍ നോക്കുമ്പോള്‍ സുരേഷേട്ടന്‍ കാറിന്റെ ഡോര്‍ തുറന്ന് വന്ന് ബസ് ഡ്രൈവറെ ലെഫ്റ്റ് റൈറ്റ് ചീത്തവിളിക്കുകയാണ്; അനുഭവം പങ്കുവെച്ച് ആസിഫ് അലി
Kerala
ഞാന്‍ നോക്കുമ്പോള്‍ സുരേഷേട്ടന്‍ കാറിന്റെ ഡോര്‍ തുറന്ന് വന്ന് ബസ് ഡ്രൈവറെ ലെഫ്റ്റ് റൈറ്റ് ചീത്തവിളിക്കുകയാണ്; അനുഭവം പങ്കുവെച്ച് ആസിഫ് അലി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th October 2021, 4:20 pm

നടന്‍ സുരേഷ് ഗോപിയെ ആദ്യമായി കണ്ട അനുഭവം പങ്കുവെക്കുകയാണ് മലയാളത്തിന്റെ യൂത്ത് സ്റ്റാര്‍ ആസിഫ് അലി. ഇടപ്പള്ളിയില്‍ ഒരു ട്രാഫിക് സിഗ്നലില്‍ വെച്ചായിരുന്നു ആദ്യമായി സുരേഷേട്ടനെ കണ്ടതെന്നും സിഗ്നല്‍ തെറ്റിച്ച് വന്ന ബസ് ഡ്രൈവറെ എടുത്തിട്ട് പൊരിക്കുകയായിരുന്നു സുരേഷേട്ടനെന്നും ആസിഫ് പറയുന്നു.

സുരേഷേട്ടന്‍ ഭയങ്കര രസമാണ്. ആദ്യം നമ്മള്‍ ചെല്ലുമ്പോള്‍ സുരേഷ് ഗോപിയെ ആണ് കാണുക. പിന്നെ അദ്ദേഹം അങ്ങ് മാറി ഗോകുലിനേക്കാള്‍ ചെറുതാവുന്നതായി നമുക്ക് തോന്നും. വീട്ടിലെ കാര്യങ്ങള്‍, കുഞ്ഞുങ്ങളുടെ കഥകള്‍, കുഞ്ഞുങ്ങളെ പറ്റി എത്ര കേട്ടാലും അദ്ദേഹത്തിന് മതിയാവില്ല.

നീ ഭക്ഷണം കഴിക്കുന്നില്ല, നിന്നെ കണ്ടാല്‍ അതറിയാം, അങ്ങനെ തുടങ്ങി എല്ലാ കാര്യങ്ങളും സംസാരിക്കും. സുരേഷേട്ടനെ ഞാന്‍ ആദ്യമായി കാണുന്നത് ഇടപ്പള്ളി സിഗ്നലില്‍ വെച്ചാണ്. ഞാനും എന്റെ സുഹൃത്തും കൂടി ആലുവയ്‌ക്കോ മറ്റോ പോവുകയാണ്. നമ്മള്‍ ഇങ്ങനെ സിഗ്നലില്‍ കിടക്കുമ്പോള്‍ ഒരു ഓഡി ക്യൂ 7 സിഗ്നല്‍ കിട്ടി മുന്നിലേക്ക് വരുമ്പോള്‍ സിഗ്നല്‍ കട്ട് ചെയ്ത് ഒരു പ്രൈവറ്റ് ബസ് ആലുവ സൈഡില്‍ നിന്ന് വരികയാണ്.

ഞാന്‍ ഈ വണ്ടിയുടെ പുറകില്‍ പാട്ടൊക്കെ കേട്ട് ഇങ്ങനെ ഇരിക്കുമ്പോള്‍ അതാ കാണുന്നു ഈ ക്യൂ 7 ന്റെ അകത്ത് നിന്ന് ഡോര്‍ തുറന്ന് സുരേഷ് ഗോപി ഇറങ്ങി വന്ന് ഈ ബസുകാരനെ എടുത്ത് ലെഫ്റ്റ് റൈറ്റ് ചീത്ത വിളിക്കുന്നു. പെട്ടെന്ന് ഇതെന്താ ഷൂട്ടിങ്ങാണോ എന്ന് കരുതി ഞാനിങ്ങനെ ചുറ്റും നോക്കി(ചിരി).

അദ്ദേഹം എത്രത്തോളം ജെനുവിന്‍ ആയിട്ടുള്ള ആളാണെന്ന് അദ്ദേഹത്തെ അടുത്തറിയുമ്പോള്‍ നമുക്ക് മനസിലാകും. പല ആളുകളും ഇദ്ദേഹത്തെ കളിയാക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ ചെറിയ ചെറിയ കാര്യങ്ങളില്‍ പോലും അത്ര ശ്രദ്ധ കൊടുക്കുന്ന ആളാണ് അദ്ദേഹം. വലിയ ബഹുമാനം തോന്നും.

തെരഞ്ഞെടുപ്പ് സമയത്തൊക്കെ അദ്ദേഹത്തെ പലരും കളിയാക്കിക്കണ്ടു. പക്ഷേ അദ്ദേഹം ചെയ്ത കാര്യങ്ങളൊക്കെ ജെനുവിന്‍ ആയിട്ടാണ്. അത് അദ്ദേഹത്തെ അറിയുന്നവര്‍ക്ക് മനസിലാകും. ഞാന്‍ പുറത്തുനിന്ന് മനസിലാക്കിയതില്‍ നിന്നും വ്യത്യസ്തമായ കാര്യങ്ങളാണ് ഇവരെയൊക്കെ അടുത്തറിഞ്ഞപ്പോള്‍ എനിക്ക് മനസിലായത്, ആസിഫ് പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Asif Ali About Suresh Gopi