സിനിമ ഒരു കച്ചവടമാണ്; സിനിമയിൽ സൗഹൃദത്തിന് പ്രാധാന്യമൊന്നുമില്ല: അശോകൻ
Film News
സിനിമ ഒരു കച്ചവടമാണ്; സിനിമയിൽ സൗഹൃദത്തിന് പ്രാധാന്യമൊന്നുമില്ല: അശോകൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 26th October 2023, 9:54 am

സിനിമ ഒരു കച്ചവടമാണെന്ന് നടൻ അശോകൻ. തന്റെ അഭിപ്രായത്തിൽ സിനിമയിൽ സൗഹൃദത്തിന് വലിയ പ്രാധാന്യമില്ലെന്നും സിനിമ പൂർണമായും ഒരു കച്ചവടമാണെന്നും അശോകൻ പറയുന്നുണ്ട്. എന്നാൽ കുറച്ച് ശതമാനം ആളുകൾക്ക് നല്ല സൗഹൃദമുണ്ടെന്നും പ്രത്യേകിച്ചും തന്റെ മുൻപുള്ള തലമുറയിലാണ് അത് കണ്ടിട്ടുള്ളതെന്നും അശോകൻ കൂട്ടിച്ചേർത്തു. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിനിമയിൽ സൗഹൃദത്തിന് വലിയ പ്രാധാന്യമൊന്നുമില്ല എന്നത് എന്റെ അഭിപ്രായമാണ്, മറ്റു പലർക്കും വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടാകും. സിനിമ ഒരു കച്ചവടമാണ്. ഞാനിത് പലയിടത്തും പറഞ്ഞ കാര്യമാണ്. സിനിമ പൂർണമായും ഒരു കച്ചവടമാണ്. ഒരു വാണിജ്യ മേഖലയാണ് സിനിമ എന്ന് പറയുന്നത്. അതിൽ സൗഹൃദത്തിന് വലിയ വിലയൊന്നുമില്ല.

പക്ഷേ കുറച്ചു ശതമാനം ആൾക്കാർക്കുണ്ട്. ഒരു അഞ്ച് അല്ലെങ്കിൽ ഏഴോ ശതമാനം ആളുകൾക്ക് നല്ല സൗഹൃദങ്ങൾ ഉണ്ട്. പ്രത്യേകിച്ച് ഞങ്ങൾക്ക് മുൻപുള്ള തലമുറകൾക്ക് അങ്ങനെ ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഞാനൊക്കെ വന്ന സമയങ്ങളിലും അത്യാവശ്യം സൗഹൃദം ഉണ്ടായിരുന്നു. ബേസിക്കലി ഇതൊരു കച്ചവടം തന്നെയാണ്.

ഒരു മാർക്കറ്റിൽ കുറെ സാധനങ്ങൾ വെച്ചു കഴിഞ്ഞാൽ അതിൽ നമുക്ക് ഇഷ്ടപ്പെടുന്ന കുറെ സാധനങ്ങൾ ഒരുമിച്ചുണ്ടെങ്കിൽ കച്ചവടം ചെയ്യുന്ന ആളും വാങ്ങിക്കാൻ വരുന്ന ആളും തമ്മിൽ ഒരു അണ്ടർസ്റ്റാന്റിങ് ഉണ്ടാവും. അവർ തമ്മിൽ ഒരു സൗഹൃദം ഉണ്ടാകും. അവർ നമ്മുടെ വിശേഷം ചോദിക്കുകയും ചിരിക്കുകയും വലിയ സ്നേഹപ്രകടനങ്ങളൊക്കെ ഉണ്ടാകും.

ചിലപ്പോൾ സംസാരിച്ച് പൈസ കുറയ്ക്കും. സാധനം നമുക്ക് കിട്ടണം ,അതുപോലെ വില കുറച്ച് കിട്ടണം. അതല്ലേ നമ്മുടെ എല്ലാവരുടെയും ആഗ്രഹം. ആ കച്ചവടം നടക്കുന്നത് വരെ ഒരു സൗഹൃദമുണ്ട്. എന്നാൽ അപ്പുറത്ത് വേറെ ഒരു പുതിയ സാധനം കണ്ടാൽ അങ്ങോട്ട് പോകും. അതാണ് സിനിമ,’ അശോകൻ പറയുന്നു.

അതേസമയം അശോകൻ അഭിനയിക്കുന്ന പുതിയ വെബ് സീരിസ് മാസ്റ്റര്‍ പീസ് ഇന്നലെ റിലീസ് ചെയ്തിരിക്കുകയാണ്. നിത്യ മേനോന്‍, രണ്‍ജി പണിക്കര്‍, ഷറഫുദ്ദീന്‍, ശാന്തി കൃഷ്ണ, മാല പാര്‍വതി തുടങ്ങിയവരാണ് ഈ സീരീസില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ശ്രീജിത്ത് എന്‍. ആണ് സീരീസ് സംവിധാനം ചെയ്യുന്നത്. മാത്യൂ ജോര്‍ജ് ആണ് നിര്‍മാതാവ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, മറാത്തി തുടങ്ങിയ ഭാഷകളില്‍ സീരീസ് സ്ട്രീം ചെയ്യുന്നത്.

Content Highlight: Actor Ashoka says that cinema is a business