കറുപ്പില്‍ ഞാനഭിനയിച്ച ഭാഗം കട്ട് ചെയ്ത് കളഞ്ഞു: ആര്യ
Malayalam Cinema
കറുപ്പില്‍ ഞാനഭിനയിച്ച ഭാഗം കട്ട് ചെയ്ത് കളഞ്ഞു: ആര്യ
അശ്വിന്‍ രാജേന്ദ്രന്‍
Tuesday, 16th June 2026, 1:44 pm

ഒരുപാട് കാലത്തെ കാത്തിരിപ്പിന് ശേഷം തമിഴ് സിനിമാ ആരാധകര്‍ തിയേറ്ററില്‍ നിറഞ്ഞാടിയ ചിത്രമായിരുന്നു ആര്‍.ജെ. ബാലാജി സംവിധാനം ചെയ്ത് മെയ് 15ന് തിയേറ്ററുകളിലേക്കെത്തിയ കറുപ്പ്. നീണ്ട 13 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം സൂര്യയുടെ കരിയറില്‍ ഒരു തിയേറ്റര്‍ ഹിറ്റ് ലഭിച്ചു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു.

300 കോടിയ്ക്ക് മുകളിലാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയിരുന്നത്. ഇന്ദ്രന്‍സ്, ശിവദ, അനഘ രവി, ഉണ്ണിമായ പ്രസാദ് തുടങ്ങിയ മലയാളി അഭിനേതാക്കളും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയിരുന്നു. സായ് അഭ്യങ്കാറിന്റെ സംഗീത സംവിധാനത്തില്‍ ഒരുക്കിയ ഗാനങ്ങള്‍ തിയേറ്ററിനെ പിടിച്ചുകുലുക്കിയ കാഴ്ചയ്ക്കായിരുന്നു സിനിമാ ലോകം സാക്ഷ്യം വഹിച്ചത്.

കറുപ്പ്. Photo: District

 

ചിത്രത്തില്‍ തമിഴ് നടന്‍ ആര്യയും വേഷമിടുന്നുണ്ടെന്ന് നേരത്തേ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ തിയേറ്ററിലെത്തിയപ്പോള്‍ താരത്തെ സിനിമയില്‍ കാണാന്‍ സാധിച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

കറുപ്പില്‍ താന്‍ ഒരു ചെറിയ വേഷം ചെയ്തിരുന്നുവെന്നും അവസാന സമയം ആ ഭാഗം ചിത്രത്തില്‍ നിന്നും ഒഴിവാക്കുകയായിരുന്നുവെന്നും ആര്യ പറയുന്നു. ഈ ഭാഗം ഡിലീറ്റ് ചെയ്യുന്നതിന് മുമ്പ് സംവിധായകന്‍ ബാലാജി തന്നെ വിളിച്ചിരുന്നുവെന്നും ചിത്രത്തിന്റെ ഫൈനല്‍ ഔട്ട്പുട്ടുമായി ചേരാത്തത് കൊണ്ടാണ് ഒഴിവാക്കുന്നതെന്ന് പറഞ്ഞതായും അദ്ദേഹം പറഞ്ഞു. ഭാഗം ഒഴിവാക്കുന്നതില്‍ ഒരു പ്രയാസവുമില്ലെന്ന് താന്‍ പറഞ്ഞതായും ആര്യ കൂട്ടിച്ചേര്‍ത്തു.

അനന്തന്‍ കാട്. Photo: District

താരത്തിന്റെതായി ജൂണ്‍ 25 ന് പുറത്തിറങ്ങാനിരിക്കുന്ന ‘അനന്തന്‍ കാട്’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം. തമിഴിലും മലയാളത്തിലുമായി ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. ടിയാന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിയന്‍ കൃഷ്ണകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Content Highlight: Actor Arya talks about his deleted scene in Karupu movie

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.