ലിജോ ചേട്ടൻ അഭിനയിച്ച് കാണിക്കും ടിനു ചേട്ടന്‌ വേറൊരു സ്റ്റൈലാണ് : ആന്റണി വർഗീസ് പെപ്പെ
Film News
ലിജോ ചേട്ടൻ അഭിനയിച്ച് കാണിക്കും ടിനു ചേട്ടന്‌ വേറൊരു സ്റ്റൈലാണ് : ആന്റണി വർഗീസ് പെപ്പെ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 26th September 2023, 5:03 pm

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തെ പറ്റി പറയാൻ താൻ ആരുമല്ലെന്ന് നടൻ ആന്റണി വർഗീസ് പെപ്പെ. ലിജോ ജോസ് പെല്ലിശേരിയും ടിനു പാപ്പച്ചനും തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് പെപ്പെ. ലിജോയുടെ ശിഷ്യനാണ് ടിനുവെന്നും അതുകൊണ്ട് അദ്ദേഹത്തിന്റെ നല്ല ക്വാളിറ്റീസ് ഒക്കെ ടിനുവിന് കിട്ടിയിട്ടുണ്ടെന്ന് താരം പറഞ്ഞു. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആന്റണി വർഗീസ്.

‘ലിജോ ചേട്ടന്റെ ശിഷ്യനാണ് ടിനു ചേട്ടൻ. അതുകൊണ്ട് അദ്ദേഹത്തിന്റെ ഒരുപാട് നല്ല ക്വാളിറ്റീസ് ടിനു ചേട്ടന് കിട്ടിയിട്ടുണ്ട്. ലിജോ ചേട്ടന്റെ ഡയറക്ഷനെ പറ്റി പറയാൻ ഞാൻ ആരുമല്ല. രണ്ടുപേരും വ്യത്യസ്തമായ മേക്കേഴ്‌സ് തന്നെയാണ്. നല്ല ടാലൻറ് ഉള്ള ആളുകളാണ് രണ്ടുപേരും, അത് ഞാൻ പറയേണ്ട കാര്യം ഒന്നുമില്ല.
ലിജോ ചേട്ടൻ സീനൊക്കെ പറഞ്ഞു തരുമ്പോൾ അഭിനയിച്ചു കാണിക്കും. പുള്ളി അടിപൊളി ആയിട്ട് പെർഫോം ചെയ്തു കാണിക്കും. ടിനു ചേട്ടൻ നമുക്ക് നന്നായിട്ട് പറഞ്ഞു തരും, പക്ഷേ പെർഫോം ചെയ്ത് കാണിക്കില്ല.

മറ്റൊരു വ്യത്യാസമെന്തെന്നാൽ ലിജോ ചേട്ടൻ ചിലപ്പോൾ രണ്ടുമൂന്ന് സീനുകൾ ഒരുമിച്ച് എടുക്കും. ഒരു സീൻ എടുക്കാനാവും ചേട്ടൻ കരുതിയിരിക്കുക എന്നാൽ അവിടുത്തെ സ്ഥലവും കാര്യങ്ങളൊക്കെ കണ്ടതിനു ശേഷം രണ്ടും മൂന്നും സീനുകൾ ഒറ്റ സീനാക്കി ക്ലബ്ബ് ചെയ്ത് എടുക്കും. ആ പരിപാടി ഞാൻ ലിജോ ചേട്ടനിൽ കണ്ടിട്ടുണ്ട്. എന്നാൽ ടിനു ചേട്ടൻ അങ്ങനെ ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. ഇതാണ് എനിക്ക് തോന്നിയിട്ടുള്ള വ്യത്യാസം,’ ആന്റണി വർഗീസ് പെപ്പെ പറഞ്ഞു.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെയാണ് ആന്റണി വർഗീസ് പെപ്പെ സിനിമയിലേക്കെത്തുന്നത്. ടിനു പാപ്പച്ചൻ സംവിധാനം ചെയുന്ന ചാവേറാണ് ആന്റണി വർഗീസ് പെപ്പെയുടെ പുതിയ ചിത്രം. കുഞ്ചാക്കോ ബോബൻ പ്രധാന കഥാപാത്രത്തിലെത്തുന്ന ചിത്രത്തിൽ അർജുൻ അശോകനും അഭിനയിക്കുന്നുണ്ട്.

Content Highlight: Actor Antony Varghese Pepe says he is no one to comment on Lijo Jose Pellissery’s direction