പാര്‍ട്ടി നേതാക്കന്മാര്‍ തമ്മില്‍ വളരെ സൗഹൃദത്തിലാണ്, അണികളെ മാത്രം ഭിന്നിപ്പിക്കുന്നു: അനൂപ് മേനോന്‍
Entertainment news
പാര്‍ട്ടി നേതാക്കന്മാര്‍ തമ്മില്‍ വളരെ സൗഹൃദത്തിലാണ്, അണികളെ മാത്രം ഭിന്നിപ്പിക്കുന്നു: അനൂപ് മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 12th October 2022, 4:22 pm

അനൂപ് മേനോന്റെ പുതിയ പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണ് വരാല്‍. ട്രിവാന്‍ഡ്രം ലോഡ്ജിന് ശേഷം അനൂപ് മേനോന്‍ ടൈം ആഡ്‌സ് കൂട്ടുകെട്ടില്‍ തിരക്കഥ എഴുതുന്ന സിനിമയാണിത്.

വരാലിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റില്‍ വെച്ച് മതം രാഷ്ട്രീയത്തില്‍ കലര്‍ത്തുന്നുണ്ടോയെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് അനൂപ് മേനോന്‍.

രാഷ്ട്രീയത്തിന്റെ പേരില്‍ എപ്പോഴും രക്തസാക്ഷിയാകുന്നത് അണികളാണെന്നും നേതാക്കന്മാരെല്ലാം പരസ്പരം സൗഹൃദത്തിലാണെന്നും അണികളെ മാത്രമാണ് ഭിന്നിപ്പിക്കുന്നതെന്നും അനൂപ് മേനോന്‍ പറഞ്ഞു.

”മതം ഒന്നിലും കലരേണ്ടതില്ല. മതം ഒരാളുടെ വ്യക്തിപരമായ വിശ്വാസമാണ്. മറ്റൊരാളുടെ മതത്തെ ബഹുമാനിക്കുകയാണ് നമ്മള്‍ ആദ്യം ചെയ്യേണ്ടത്. മതം രാഷ്ട്രിയത്തില്‍ ഉപയോഗിക്കുന്നത് പൊളിറ്റിക്കല്‍ നേട്ടത്തിന് വേണ്ടിയാണ്. ആ കാര്യം നമ്മള്‍ക്കെല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്.

പല രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കന്‍മാര്‍ തന്നെ വളരെ സൗഹൃദത്തിലാണ്. അണികളെ മാത്രമാണ് ഭിന്നിപ്പിക്കുന്നത്. അണികള്‍ മാത്രമാണ് രക്തസാക്ഷികളാകുന്നത്. ഒരു നേതാവും രക്തസാക്ഷിയായിട്ട് നമ്മള്‍ കണ്ടിട്ടില്ല.

ഒരുപക്ഷേ ഈ കാര്യങ്ങളൊക്കെയാകും വരാല്‍ എന്ന സിനിമയില്‍ പറയുന്നത്. ഒരു പൊളിറ്റിക്കല്‍ സിനിമ വരുമ്പോള്‍ മുന്‍ സിനിമ മാതൃകളോട് സാമ്യം തോന്നാം. വരാല്‍ പൂര്‍ണമായും ഒരു രാഷ്ട്രീയ സിനിമയാണ്,” അനൂപ് മേനോന്‍ പറഞ്ഞു.

കൂടാതെ വരാല്‍ ഏത് തരം രാഷ്ട്രീയ സ്‌റ്റോറിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ”പൊളിറ്റിക്സ് വളരെ കൃത്യമായി ഫോളോ ചെയ്യുന്നയാളല്ല ഞാന്‍. എഴുതാറുള്ള യൂഷ്വല്‍ സിനിമകളില്‍ നിന്നും മാറി മറ്റൊരു വിഷയം തിരഞ്ഞെടുക്കുമ്പോള്‍ അതിലേക്ക് ഒരു സാധാരണക്കാരന്‍ എങ്ങനെ വീക്ഷിക്കുന്നുവോ അതാണ് വരാല്‍.

എന്റെയൊരു ആഗ്രഹമാണ് വരാല്‍. വളരെ സിമ്പിളായി പറയുകയാണെങ്കില്‍ ഇവിടെ ഒരു ഹര്‍ത്താല്‍ ഉണ്ടാകുമ്പോള്‍ അതെന്തിനാണെന്ന് പലര്‍ക്കും അറിയില്ല. ബസിന് കല്ലെറിയുന്നു, പൊതുമുതല്‍ കത്തിക്കുന്നു. ഒരു വികസിത രാജ്യത്തില്‍ ഒരിക്കലും നടക്കാത്ത കാര്യമാണ്.

പൊതുമുതല്‍ നശിപ്പിക്കുക, നിഷ്‌കളങ്കരായ ആളുകളെ കൊല്ലുക തുടങ്ങി ജനജീവിതം സ്തംഭിപ്പിക്കുന്ന കാര്യമുണ്ടാക്കി വെക്കുന്നത് പ്രാകൃതമായ രീതിയാണ്. തൊണ്ണൂറ് ശതമാനം ആളുകള്‍ക്കുമറിയില്ല ഇതൊക്കെയെന്തിനാണെന്ന്. പൊളിറ്റിക്കല്‍ പാര്‍ട്ടീസ് റോഡില്‍ നിന്ന് അടികൂടുന്നതൊക്കെ വളരെ മോശമാണ്.

എന്തിനാണ് പ്രാകൃത സമൂഹത്തില്‍ നമ്മള്‍ നില്‍ക്കുന്നത്. ടെക്നോളജിയില്‍ നമ്മള്‍ ഒരുപാട് മുന്നോട്ട് വന്നു, എന്നിട്ടും നമ്മള്‍ അവിടെ തന്നെയാണ്. ഇത്തരത്തില്‍ ഒരു സാധാരണക്കാരന് തോന്നുന്ന കാര്യങ്ങളാണ് എന്റെ ചിന്തക്ക് പിന്നില്‍,” അനൂപ് മേനോന്‍ പറഞ്ഞു.

Content Highlight: Actor Anoop menon said that Party leaders are very friendly with each other, only dividing the ranks