ഞാന്‍ ഏകാധിപതിയായാല്‍ കുഴിമന്തി എന്ന വാക്ക് നിരോധിക്കും: വി.കെ. ശ്രീരാമന്‍
Kerala News
ഞാന്‍ ഏകാധിപതിയായാല്‍ കുഴിമന്തി എന്ന വാക്ക് നിരോധിക്കും: വി.കെ. ശ്രീരാമന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st October 2022, 11:37 am

കോഴിക്കോട്: നടനും എഴുത്തുകാരനുമായി വി.കെ. ശ്രീരാമന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പും അതിനെ തുടര്‍ന്നുള്ള ചര്‍ച്ചയും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നു. താന്‍ ഒരു ദിവസം കേരളത്തിലെ ഏകാധിപതിയായാല്‍ കുഴിമന്തി എന്ന വാക്ക് നിരോധിക്കുമെന്നാണ് അദ്ദേഹം എഴുതിയത്. മലയാള ഭാഷയെ മാലിന്യത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള നടപടിയായിട്ടാണ് ഇങ്ങനെ ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.

‘ഒരു ദിവസത്തേക്ക് എന്നെ കേരളത്തിന്റെ ഏകാധിപതിയായി അവരോധിച്ചാല്‍ ഞാന്‍ ആദ്യം ചെയ്യുക
കുഴിമന്തി എന്ന പേര് എഴുതുന്നതും പറയുന്നതും പ്രദര്‍ശിപ്പിക്കുന്നതും നിരോധിക്കുക എന്നതായിരിക്കും.

മലയാള ഭാഷയെ മാലിന്യത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള നടപടിയായിരിക്കും അത് പറയരുത്, കേള്‍ക്കരുത്, കാണരുത് മുഴിമന്തി,’ എന്നാണ് വി.കെ. ശ്രീരാമന്‍ എഴുതിയത്.

ഈ പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. എഴുത്തുകാരായ സുനില്‍ പി. ഇളയിടം, ശാരദക്കുട്ടി എന്നിവരും പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ഒരു തംസപ്പ് ഇമോജി നല്‍കിക്കൊണ്ടാണ് സുനില്‍ പി. ഇളയിടം ഇതിന് പിന്തുണ നല്‍കിയത്.

ഇതിന് മറുപടിയായായി. ‘മാഷ് തന്നെ പല പ്രസംഗങ്ങളില്‍ ആയി പറയുന്നത് കേട്ടിട്ടുണ്ട് ഭാഷയും സംസ്‌കാരവും ഒക്കെ പരസ്പര കൊടുക്കല്‍ വാങ്ങലുകളിലൂടെ വളരുന്നതും വികസിക്കുന്നതും ആണെന്ന്, പിന്നെ കുഴിമന്തി ക്ക് എന്താണ് പ്രശ്‌നം,’എന്ന് ഒരാള്‍ ചോദിക്കുമ്പോള്‍. ‘വെടക്കൊന്നും കൊടുക്കരുത് വെടക്കൊന്നും വാങ്ങരുത്. നശിക്കുമല്ലെങ്കില്‍ സംസ്‌കാരം’ എന്നാണ് വി.കെ. ശ്രീരാമന്‍ ഇദ്ദേഹത്തിന് മറുപടി നല്‍കുന്നത്.

‘കുഴിമന്തി എന്നു കേള്‍ക്കുമ്പോള്‍ പെരുച്ചാഴി പോലെ ഒരു കട്ടിത്തൊലിയുള്ള തൊരപ്പന്‍ ജീവിയെ ഓര്‍മ്മ വരും. ഞാന്‍ കഴിക്കില്ല. മക്കള്‍ പക്ഷേ മികച്ച കുഴിമന്തിക്കായി കോഴിക്കോട് ഹോട്ടലുകള്‍ മാറി മാറി പരീക്ഷിക്കും. എനിക്ക് പേരും കൂടി ഇമ്പ്രസീവ് ആയാലേ കഴിക്കാന്‍ പറ്റൂ,’ എന്നാണ് ശാരദക്കുട്ടി ഇതിന് താഴെ കമന്റ് ചെയ്തത്.

അതിന് പിന്നാലെ ശ്രീരാമന്റ പോസ്റ്റിനെ വിമര്‍ശിച്ചും ആളുകള്‍ കമന്റ് ചെയ്യുന്നുണ്ട്. ‘സാംസ്‌കാരിക നായകന്മാര്‍ വായ തുറക്കുന്നത് ഇത്തരത്തിലുള്ള ആഗോള പ്രശ്‌നങ്ങള്‍ക്ക് വേണ്ടി തന്നെയാകണം.

ഒരു ദിവസത്തേക്ക് എന്നെ കേരളത്തിന്റെ ഏകാധിപതിയായി അവരോധിച്ചാല്‍ ഞാന്‍ ആദ്യം ചെയ്യുക അറുപതുകളുടെ സാംസ്‌കാരിക വസന്തങ്ങളെ മുഴുവന്‍ നാടുകടത്തും, പ്രശ്‌നം കുഴിയായിരിക്കും, മന്തി ചമ്മന്തിയിലുമുണ്ടല്ലോ,’ തുടങ്ങിയവയാണ് കമന്റുകള്‍.