1998 ല്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചെത്തിയ ഫാസില്‍ ചിത്രത്തിലെ ഗുപ്തന്‍ എന്ന കഥാപാത്രമായെത്തി മലയാളികള്‍ക്ക് പരിചിതനായ അഭിനേതാവാണ് രാജീവ് മേനോന്‍. വിരലിലെണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെട്ടിട്ടുള്ള രാജീവ് ഛായാഗ്രഹകനായും പിന്നണിഗായകനായും കമ്പോസറായും സിനിമയുടെ അണിയറയില്‍ സജീവമാണ്. തമിഴിലെ മുതിര്‍ന്ന സംവിധായകന്‍ മണിരത്‌നത്തിന്റെ ഹിറ്റ് ചിത്രങ്ങളായ ബോംബേ, ഗുരു, കടല്‍ തുടങ്ങിയവയില്‍ ക്യാമറ ചലിപ്പിച്ചത് രാജീവ് മേനോനായിരുന്നു. മിന്‍സാരക്കനവ്, കണ്ടുക്കൊണ്ടേന്‍ കണ്ടുക്കൊണ്ടേന്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തതും ഇദ്ദേഹമായിരുന്നു.

ഒരിടവേളക്ക് ശേഷം രാജീവ് മേനോന്‍ ക്യാമറയ്ക്ക് പിന്നില്‍ നിന്നും മുന്നിലേക്കെത്തുന്ന ചിത്രമാണ് മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത് മെയ് ഒന്നിന് തിയേറ്ററുകളിലേക്കെത്തുന്ന പേട്രിയറ്റ്. ചിത്രവുമായി ബന്ധപ്പെട്ട് ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ വീണ്ടും അഭിനയത്തിലേക്ക് മടങ്ങിയെത്തിയതിനെക്കുറിച്ച് രാജീവ് മോനോന്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

രാജീവ് മേനോന്‍. Photo: DNA INDIA

‘മണിരത്‌നം എന്നോട് അഭിനയിക്കാന്‍ പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ എനിക്ക് സത്യം പറഞ്ഞാല്‍ സംശയമായിരുന്നു. കാരണം അവര്‍ പറയുന്നത് നമ്മുടെ ലുക്ക് കാരണമാണ്. അതിന് എനിക്ക് ഒരു അര്‍ഹതയുമില്ല. കാരണം അതെന്റെ അച്ഛന്റെയും അമ്മയുടെയും ജീനുകളാണ്. പക്ഷേ സിനിമാറ്റോഗ്രാഫി ഞാന്‍ പഠിച്ചുണ്ടാക്കിയതാണ്. അതുകൊണ്ട് ഞാനെപ്പോഴും ഫോക്കസ് നല്‍കിയത് സിനിമാറ്റോഗ്രാഫിക്കാണ്. നല്ലൊരു പടം ചെയ്യുന്നതിന് മുമ്പ് ഞാന്‍ അഭിനയിച്ചിരുന്നെങ്കില്‍ എന്നെ ആളുകള്‍ ഒരു അഭിനേതാവായിട്ട് മാത്രമേ കാണുമായിരുന്നുള്ളൂ.

കാരണം എന്റെ സീനിയറായിരുന്നു സുഹാസിനി മാഡം. ഞാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരുന്നതിന് മുമ്പ് സുഹാസിനി പാസൗട്ടായിരുന്നെങ്കിലും അവര്‍ ചെയ്ത കളര്‍ പ്രാക്ടിക്കല്‍സെല്ലാം കണ്ടിരുന്നു. അതെല്ലാം വളരെ മനോഹരമായിരുന്നു. പക്ഷേ ഇപ്പോള്‍ അവര്‍ ഒരു ആക്ടറായത് കൊണ്ട് സിനിമാറ്റോഗ്രാഫറാണെന്ന കാര്യം ആര്‍ക്കും അറിയില്ല. അവരുടെ ഉള്ളിലെ സിനിമാറ്റോഗ്രാഫര്‍ ഡെഡ് ആയിട്ടുണ്ട്.

പേട്രിയറ്റ്. Photo: IMDB

മണിരത്‌നം ബോംബെയിലേക്കും, റോജയിലേക്കും എന്നെ അഭിനയിക്കാന്‍ ക്ഷണിച്ചിരുന്നു. പക്ഷേ വെട്രിമാരനാണ് രണ്ട് മൂന്ന് മണിക്കൂര്‍ നേരത്തെ സംസാരത്തിലൂടെ എന്നെ അഭിനയിക്കാന്‍ കണ്‍വിന്‍സ് ചെയ്തത്. അങ്ങനെ എല്ലാത്തിനോടും ഞാന്‍ ഇന്റ്രസ്‌റ്റെഡാണ്. പേട്രിയറ്റ് വളരെ നല്ല ഒരു എക്‌സ്പീരിയന്‍സായിരുന്നു. കാരണം മലയാളമാണ്, ലൈവ് സൗണ്ടാണ്, എല്ലാവരും നല്ല ആക്ടേഴ്‌സാണ്, എവിടെ തിരിഞ്ഞ് നോക്കിയാലും ജാംബവാന്മാരാണ്,’ രാജീവ് മോനോന്‍ പറഞ്ഞു.

Content Highlight: Actor and Cinematographer Rajiv Menon talks about his entry in acting after a interval