ഷാരൂഖ് ഖാന്‍ ഭക്ഷണം കഴിച്ച ഹോട്ടലായത് കൊണ്ട് അവിടെ നിന്ന് ഭക്ഷണം വേണ്ട എന്ന് ഞാന്‍ പറഞ്ഞു; ഞാനന്ന് പോയ സ്ഥലം ഇന്നും ആര്‍ക്കുമറിയില്ല: അലന്‍സിയര്‍
Entertainment news
ഷാരൂഖ് ഖാന്‍ ഭക്ഷണം കഴിച്ച ഹോട്ടലായത് കൊണ്ട് അവിടെ നിന്ന് ഭക്ഷണം വേണ്ട എന്ന് ഞാന്‍ പറഞ്ഞു; ഞാനന്ന് പോയ സ്ഥലം ഇന്നും ആര്‍ക്കുമറിയില്ല: അലന്‍സിയര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 2nd June 2022, 9:16 am

ആസിഫ് അലി, സണ്ണി വെയ്ന്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണ, അലന്‍സിയര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജീവ് രവി സംവിധാനം ചെയ്ത കുറ്റവും ശിക്ഷയും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

നടന്‍ സിബി തോമസും മാധ്യമപ്രവര്‍ത്തകന്‍ ശ്രീജിത് ദിവാകരനും ചേര്‍ന്നാണ് കുറ്റവും ശിക്ഷയും സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്.

രാജസ്ഥാനിലായിരുന്നു ചിത്രത്തിന്റെ വലിയൊരു ഭാഗവും ഷൂട്ട് ചെയ്തത്. രാജസ്ഥാനിലെ ഷൂട്ടിങ്ങ് എക്സ്പീരിയന്‍സ് പങ്കുവെക്കുകയാണ് നടന്‍ അലന്‍സിയര്‍.

കൗമുദി മൂവീസിന് വേണ്ടി അലന്‍സിയറും സെന്തില്‍ കൃഷ്ണയും തിരക്കഥാകൃത്ത് സിബി തോമസും ചേര്‍ന്ന് നടത്തിയ ഒരു ചാറ്റിങ്ങ് പരിപാടിയില്‍ വെച്ചാണ് ഇവര്‍ തങ്ങളുടെ രാജസ്ഥാന്‍ അനുഭവങ്ങള്‍ പങ്കുവെച്ചത്.

”നെടുമ്പാശ്ശേരിയില്‍ നിന്ന് പോയ പോക്ക് രാജസ്ഥാനിലെ ജയ്പൂര്‍ എയര്‍പോര്‍ട്ടില്‍ ചെന്നിറങ്ങി. അവിടെ നിന്ന് പിന്നെ ഒരു കാറില്‍ കയറി, അവിടെ നിന്നുള്ള ഒരു ഹിന്ദിക്കാരന്‍ ഡ്രൈവറോടൊപ്പം രണ്ട് വണ്ടിയില്‍ നമ്മള്‍ താമസിക്കുന്ന സ്ഥലത്തേക്ക് പോയി.

പോകുന്ന വഴി, ഷാരൂഖ് ഖാന്‍ വന്ന് ഭക്ഷണം കഴിച്ച ഒരു ഹോട്ടലില്‍ സാറുമാരൊക്കെ കയറി ഭക്ഷണം കഴിച്ചു. ഷാരൂഖ് ഖാന്‍ ഭക്ഷണം കഴിച്ച ഹോട്ടലായത് കൊണ്ട് ഞാനത് ഉപേക്ഷിച്ചു.

എനിക്ക് ഇവിടെ നിന്ന് ഭക്ഷണം വേണ്ട, അവര് കഴിച്ചോട്ടെ, നമുക്ക് ചില സ്ഥലങ്ങളൊക്കെ ഒന്ന് ചുറ്റിക്കണ്ട് വരാം, എന്ന് എനിക്കറിയാവുന്ന ഹിന്ദിയിലും ഇംഗ്ലീഷിലും ടാക്‌സിക്കാരനോട് പറഞ്ഞ് ഞാന്‍ അയാളോടൊപ്പം ചുറ്റിക്കറങ്ങി.

ആ സ്ഥലം എവിടെയാണെന്ന് ഇന്നുവരെ ആര്‍ക്കുമറിയില്ലല്ലോ. അതിന് ശേഷവും പുള്ളിയോട് പറഞ്ഞ് കൊടുക്കുമ്പോള്‍ പുള്ളി കൃത്യമായി എന്നെ ആ സ്ഥലത്ത് കൊണ്ടുപോകും. എത്ര മയിലുകളും കുയിലുകളും മാനുകളുമുള്ള സ്ഥലമാണെന്ന് അറിയാമോ.

നിങ്ങള് ഷാരൂഖ് ഖാന്‍ കഴിച്ച ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതല്ലേ ഉള്ളൂ, ഞാന്‍ പക്ഷേ പ്രകൃതി മുഴുവന്‍ കണ്ടു.

ഇതുപോലെ ഇപ്പോള്‍ പരസ്യമാക്കേണ്ട എന്തെങ്കിലും രഹസ്യമുണ്ടെങ്കില്‍ പറഞ്ഞോ,” അലന്‍സിയര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

മേയ് 27നായിരുന്നു കുറ്റവും ശിക്ഷയും തിയേറ്ററുകളില്‍ റിലീസ് ചെയ്തത്.

Content Highlight: Actor Alencier Lopez about the Rajasthan shooting experience of Kuttavum Shikshayum movie