അപ്പന്റെ സെറ്റില്‍ എല്ലാവരും രോഗികള്‍, അഭിനയിക്കാന്‍ വന്ന പട്ടിക്ക് വരെ വയറിളക്കം: അലന്‍സിയര്‍
Entertainment news
അപ്പന്റെ സെറ്റില്‍ എല്ലാവരും രോഗികള്‍, അഭിനയിക്കാന്‍ വന്ന പട്ടിക്ക് വരെ വയറിളക്കം: അലന്‍സിയര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 3rd December 2022, 4:51 pm

അപ്പന്‍ സിനിമയുടെ ലൊക്കേഷനില്‍ എല്ലാവര്‍ക്കും അസുഖമായിരുന്നുവെന്ന് നടന്‍ അലന്‍സിയര്‍. ഷൂട്ടിങ്ങിന്റെ കൂടെ ചികിത്സയും നടക്കുകയായിരുന്നുവെന്നും ഒരു വൈദ്യന്‍ അതിനായി സെറ്റില്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ചില മീഡിയകളിടെ അസ്വസ്ഥപ്പെടുത്തുന്ന ചോദ്യങ്ങളെക്കുറിച്ചും അലന്‍സിയര്‍ സംസാരിച്ചു.

അപ്പന്റെ പ്രൊമോഷനിടെ പലരും തന്റെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചാണ് കൂടുതല്‍ ചോദിച്ചതെന്നും വളരെ മോശം അനുഭവമായിരുന്നുവെന്നും അലന്‍സിയര്‍ പറഞ്ഞു. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”അപ്പന്റെ ലൊക്കേഷനില്‍ എല്ലാവരും രോഗികളായിരുന്നു. സണ്ണിക്ക് പൈല്‍സ്, എനിക്ക് നടുവേദന, ക്യാമറമാനിന് കാല് വേദന, അഭിനയിക്കാന്‍ കൊണ്ടുവന്ന പട്ടിക്ക് വയറിളക്കം തുടങ്ങി മുഴുവന്‍ രോഗികളായിരുന്നു.

എല്ലാത്തിനും ആ വൈദ്യനുളളത് കൊണ്ടാണ് ആശ്വാസമായത്. പിന്നെ ചികിത്സയും കഴിഞ്ഞ് സിനിമ പൂര്‍ത്തിയായി ഇല്ലെങ്കില്‍ പ്രൊഡ്യൂസര്‍മാര് ഭ്രാന്താശുപത്രിയില്‍ ആയേനെ. ഗ്രേസിന് മാത്രം അസുഖം ഉണ്ടായില്ല.

ആ ഒരു കാലാവസ്ഥയുടെയും മഴയുടെയും പ്രശ്‌നം കൊണ്ടാണ് അസുഖം വന്നത്. സണ്ണിക്ക് ഫുഡ് പോയിസണായിരുന്നു. പൈല്‍സ് എന്ന് ഞാന്‍ വെറുതെ പറഞ്ഞതാണ്. കാണുന്നവര്‍ ഇനി സണ്ണിക്ക് കുടലില്‍ ക്യാന്‍സറാണെന്നൊന്നും എഴുതി ഇടരുത്.

പലപ്പോഴും വ്യക്തികളുടെ പേഴ്‌സണല്‍ പ്രശ്‌നങ്ങള്‍ വാര്‍ത്തയാക്കുന്നത് കാണാറുണ്ട്. ഒരു ആര്‍ട്ടിസ്റ്റ് വരുമ്പോള്‍ അവരോട് എന്തൊക്കെ ചോദ്യങ്ങളാണ് ചോദിക്കുന്നത്. അപ്പന്‍ സിനിമയെക്കുറിച്ച് സംസാരിക്കാന്‍ പോകുമ്പോള്‍ എന്നോട് എന്തൊക്കെ ചോദ്യങ്ങളാണ് ചോദിച്ചതെന്ന് അറിയാമോ. പേഴ്‌സണല്‍ ലൈഫിനെക്കുറിച്ചൊക്കെ മോശം ചോദ്യങ്ങളായിരുന്നു അവ.

അങ്ങനെ ചെയ്യാന്‍ പാടില്ല. വളരെ തെറ്റായ പ്രവര്‍ത്തിയാണ്. ഒരുപാട് മോശം ചോദ്യങ്ങള്‍ എന്നോട് ചോദിച്ചിട്ടുണ്ട്. ഞങ്ങളോട് ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ പറയുന്ന ഉത്തരത്തെ വേറെ രീതിയിലാണ് കൊണ്ടെത്തിക്കുന്നത്,” അലന്‍സിയര്‍ പറഞ്ഞു.

മജു സംവിധാനം ചെയ്ത് സോണി ലിവില്‍ റിലീസ് ചെയ്ത ചിത്രമാണ് അപ്പന്‍. സണ്ണി വെയ്ന്‍, അലന്‍സിയര്‍, പൗളി വല്‍സണ്‍, അനന്യ തുടങ്ങി നിരവധി അഭിനേതാക്കള്‍ ചിത്രത്തിലുണ്ടായിരുന്നു.

content highlight: actor alencier about appan movie set