ഇന്ത്യന്‍ സിനിമ ആഗോള തലത്തില്‍ വളരുന്നതില്‍ നരേന്ദ്ര മോദിയുടെ പങ്ക് വലുത്, മോദിക്ക് കീഴില്‍ ഇന്ത്യ മാറുന്നു; അഭിനന്ദനാര്‍ഹം: അക്ഷയ് കുമാര്‍
national news
ഇന്ത്യന്‍ സിനിമ ആഗോള തലത്തില്‍ വളരുന്നതില്‍ നരേന്ദ്ര മോദിയുടെ പങ്ക് വലുത്, മോദിക്ക് കീഴില്‍ ഇന്ത്യ മാറുന്നു; അഭിനന്ദനാര്‍ഹം: അക്ഷയ് കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st June 2022, 6:03 pm

ന്യൂദല്‍ഹി: ഇന്ത്യന്‍ സിനിമയുടെ വളര്‍ച്ചക്ക് പിന്നിലെ നരേന്ദ്ര മോദിയുടെ ‘സംഭാവനകളെ’ അഭിനന്ദിച്ച് ബോളിവുഡ് താരം അക്ഷയ് കുമാര്‍.

ഇന്ത്യന്‍ സിനിമ അന്താരാഷ്ട്ര തലത്തില്‍ വളരുകയാണെന്നും അതിന് പിന്നില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയ പങ്ക് ഉണ്ടെന്നുമാണ് താരം പറഞ്ഞത്.

അക്ഷയ് കുമാര്‍ ചിത്രം പൃഥ്വിരാജ് റിലീസിനൊരുങ്ങി നില്‍ക്കവെയാണ് താരത്തിന്റെ പരാമര്‍ശം. എ.എന്‍.ഐക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ഇന്ത്യന്‍ സിനിമ ഗ്ലോബല്‍ ലെവലിലെത്തുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു പ്രധാനമന്ത്രിയുടെ ‘നേതൃപാടവത്തെ’ അഭിനന്ദിച്ചുകൊണ്ട് അക്ഷയ് സംസാരിച്ചത്. മോദിക്ക് കീഴില്‍ ഇന്ത്യയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടെന്നും താരം പറഞ്ഞു.

”എനിക്കുറപ്പാണ്, നമ്മളെ അന്താരാഷ്ട്ര തലത്തില്‍ വലിയ രീതിയില്‍ ഉയര്‍ത്തിയ പ്രധാനമന്ത്രിക്കാണ് എല്ലാ നന്ദിയും. നമ്മുടെ രാജ്യത്ത് കാര്യങ്ങളെല്ലാം മാറുകയാണ്,” അക്ഷയ് കുമാര്‍ പറഞ്ഞു.

കാന്‍ ഫിലിം ഫെസ്റ്റിവലിലെ ഇന്ത്യന്‍ സിനിമകളുടേയും അഭിനേതാക്കളുടെയും പ്രാതിനിധ്യത്തെക്കുറിച്ച് സംസാരിക്കവെയായിരുന്നു ഈ പരാമര്‍ശം.

കൊവിഡ് പോസിറ്റീവ് ആയത് കാരണം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇത്തവണ പങ്കെടുക്കാന്‍ സാധിച്ചില്ലെന്നും, ഇന്ത്യന്‍ സിനിമയുടെ പ്രതിനിധിയായി കാന്‍ ഫെസ്റ്റിവലിലെ ഓപ്പണിങ് ചടങ്ങില്‍ റെഡ് കാര്‍പറ്റിലൂടെ നടക്കാന്‍ സാധിച്ചിരുന്നെങ്കില്‍ അതൊരു സ്‌പെഷ്യല്‍ മൊമന്റ് ആയി മാറുമായിരുന്നെന്നും അക്ഷയ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Actor Akshay Kumar applause Narendra Modi for the growth of Indian cinema in international level