'പ്രൊഫഷനെ ദൈവമായിട്ട് കാണുന്ന സകലകലാവല്ലഭനാണ് വിനായകൻ'
Malayalam Cinema
'പ്രൊഫഷനെ ദൈവമായിട്ട് കാണുന്ന സകലകലാവല്ലഭനാണ് വിനായകൻ'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 6th October 2023, 1:35 pm

വ്യക്തിപരമായ അഭിപ്രായങ്ങൾ കൊണ്ടും നിലപാടുകൾ കൊണ്ടും എപ്പോഴും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന നടനാണ് വിനായകൻ. മറ്റുള്ളവരിൽ നിന്ന് മാറി ചിന്തിക്കുന്ന വിനായകന്റെ പല പരാമർശങ്ങളും വലിയ രീതിയിൽ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.

ജയിലർ എന്ന ചിത്രത്തിലൂടെ സൂപ്പർ സ്റ്റാർ രജനിയുടെ വില്ലനായി ഇന്ത്യമൊത്തം തിളങ്ങി നിൽക്കുമ്പോഴും വിവാദങ്ങളിൽ നിന്ന് ഒഴിയുന്നില്ല വിനായകൻ. കാസർഗോൾഡാണ് അവസാനമായി ഇറങ്ങിയ വിനായകൻ ചിത്രം.

തങ്ങൾക്ക് അറിയുന്ന വിനായകനെ കുറിച്ച് മനസ്സ് തുറക്കുകയാണ് കാസർഗോൾഡ് സിനിമയിലെ താരങ്ങൾ. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരങ്ങൾ.

‘പെർഫെക്ട് ആയി പ്രൊഫഷൻ ഡീൽ ചെയ്യുന്ന ആളാണ് വിനായകൻ. അത് നിങ്ങൾക്ക് അറിയാഞ്ഞിട്ടാണ് ‘, നടൻ അഭിരാം രാധാകൃഷ്ണൻ പറയുന്നു.

 

‘തലക്കെട്ടിലെ രാഷ്ട്രീയമാണ് പല മീഡിയകളും ചെയ്യുന്നത്. അതിൽ നിന്നാണ് പല തെറ്റിദ്ധാരണകളും ഉണ്ടാവുന്നത്. സിനിമയിൽ എല്ലാവരും അവരുടെ നൂറു ശതമാനം നൽകുന്നുണ്ട്. അതിന് ശേഷമുള്ള അവരുടെ വ്യക്തി ജീവിതം നമ്മുടെ ആരുടേയും കാര്യമല്ല.

വിനായകൻ എന്ത് പെർഫെക്ട് ആയിട്ടാണ് പ്രൊഫഷൻ ഡീൽ ചെയ്യുന്നത് എന്ന് നിങ്ങൾക്ക് അറിയാഞ്ഞിട്ടാണ്. പ്രൊഫഷനെ ദൈവമായി കാണുന്ന അതിൽ വിശ്വസിക്കുന്ന ആളാണ് വിനായകൻ.


തെറ്റിദ്ധരിക്കപ്പെട്ടു എന്നു പറയുന്നതിൽ ഒരു അർത്ഥവുമില്ല. ഇത്രയധികം അവാർഡുകളും അംഗീകാരവും കിട്ടിയ വിനായകനെ ശരിയായിട്ടാണ് ധരിച്ചിരിക്കുന്നത് (ചിരിക്കുന്നു ). ഒരു കലാകാരന് വേണ്ട എല്ലാ ക്വാളിറ്റിയുമുള്ള സകലകലാ വല്ലഭനാണ് വിനായകൻ’,അഭിരാം പറയുന്നു.

പ്രകടനത്തിലുള്ള വിനായകന്റെ സ്വഭാവികതയും ടൈമിങ്ങും ചില മാനറിസവുമെല്ലാം ഞങ്ങൾക്ക് വേണം എന്ന് തോന്നിയിട്ടുണ്ടെന്നും അഭിരാം കൂട്ടിച്ചേർത്തു.

തമിഴിലടക്കം വമ്പൻ ചിത്രങ്ങളാണ് വിനായകന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. വിലയേറിയ താരമായി സിനിമയിൽ ഉയരുമ്പോഴും തന്റെ വ്യക്തി ജീവിതത്തിലൂടെ ഇന്നും ചർച്ചവിഷയമായി മാറുന്നുണ്ട് വിനായകൻ.

Content Highlight : Actor Abhiram Radhakrishnan Talks About Vinayakan